Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയംകാരനായി ആന്റണി വർഗീസ്; സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങുന്നു

antony

അങ്കമാലി ഡയറീസിലെ നായക കഥാപാത്രമായ വിന്‍സെന്റ് പെപ്പെയായി തകര്‍ത്ത് അഭിനയിച്ച ആന്റണി വര്‍ഗീസ് അടുത്ത ചിത്രവുമായി എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നാണ് ചിത്രത്തിന്റെ പേര്. ആക്‌ഷന്‍ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കോട്ടയംകാരനായാണ് ആന്റണി എത്തുക.

ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചന്‍. ദിലീപ് കുര്യന്‍ തിരക്കഥ ഒരുക്കുന്നു. ബി ഉണ്ണികൃ‍ഷ്ണന്‍ ആദ്യമായി നിർമിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിർമാണത്തില്‍ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

അങ്കമാലി ഡയറീസിലെ വില്ലൻ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റൊ വിൽസൺ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ. ഒക്ടോബർ എട്ടിന് സിനിമയുടെ ചിത്രീകരണം തുടങ്ങും.