Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകറെക്കോർഡ് നേടി ഒരു മലയാള സിനിമ

nishaf

ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ നിഷാദ്ഹസ്സൻ  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിപ്ലവം ജയിക്കാനുള്ളതാണ്’. ഈ ചിത്രത്തിന് വലിയൊരു പ്രത്യേകത കൂടിയുണ്ട്. ഏറ്റവും കൂടുതൽ നേരം ഒറ്റ ടേക്കിൽ ഷൂട്ട് ചെയ്ത മലയാളസിനിമയെന്ന യുആർഎഫ് വേൾഡ് റെക്കോർഡ് ആണ് ചിത്രം നേടിയത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു മുഴുനീള മലയാള ചിത്രം രണ്ടു മണിക്കൂർ കൊണ്ട് തന്നെ ഒറ്റ ടേക്കിൽ തീർത്തത് ഇപ്പോഴും സിനിമാ ലോകത്തിന് വിശ്വസിക്കാനായിട്ടില്ല.   

തൃശ്ശൂർ മുൻസിപ്പൽ സ്റ്റാന്റിൽ നിന്നായിരുന്നു സിനിമയുടെ തുടക്കം. നവംബർ അഞ്ചിന് ഞായറാഴ്ച 3 മണിക്ക് തൃശ്ശൂർ മുൻസിപ്പൽ സ്റ്റാന്റിൽ നിന്നും മേയർ ശ്രീമതി അജിതയുടെ സാനിധ്യത്തിൽ സംവിധായകൻ ടോം ഇമ്മട്ടി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു തുടങ്ങിയ ഈ അവിശ്വസനീയ യാത്ര ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി,അയ്യൻദോൾ ലൈൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു കൃത്യം 5 മണിക്ക് മുൻസിപ്പൽ സ്റ്റാന്റിൽ തന്നെ സമാപിച്ചു.

nishaf0

വിജയാഘോഷത്തിൽ പങ്കുചേരാനും ലോകറെക്കോർഡ് കൈമാറാനും സംവിധായകൻ ഒമർ ലുലുവിന്റെ സാനിദ്ധ്യം ആഘോഷ പരിപാടികൾക്ക് ആക്കം കൂട്ടി. ആദ്യ ചിത്രം മുതൽ ലോകറെക്കോർഡ് വരെയുള്ള കഥ നിറകണ്ണീരോടെ സംവിധായകൻ നിഷാദ്ഹസ്സൻ പ്രസംഗിച്ചപ്പോൾ സിനിമാപ്രേമികളായ ജനക്കൂട്ടത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി. 

ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ആയിരത്തോളം പേർ ഭാഗമായ ഈ ചിത്രത്തിൽ അറുപതോളം കേന്ദ്ര കഥാപാത്രങ്ങളും സാനിധ്യമറിയിക്കുന്നുണ്ട്. നാല് പാട്ടുകളും രണ്ട് ഫൈറ്റ് സീനുകളും രണ്ട് ഫ്ലാഷ്ബാക്ക് സീനുകളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം തത്സമയം വീക്ഷിക്കാൻ ഗിന്നസ് സത്താർ തുടങ്ങിയ ലോകറെക്കോർഡുമായി ബന്ധപ്പെട്ട അധികാരികൾ എത്തിച്ചേർന്നിരുന്നു. പൈപ്പിന് ചോട്ടിലെ പ്രണയത്തിനു ഛയാഗ്രഹണം നിർവഹിച്ച പവി കെ പവൻ ആണ് ഈ ചിത്രത്തിലെയും ഛായാഗ്രഹകൻ. ഇലക്ഷൻ സമയത്ത് സിറ്റിക്കുള്ളിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. രണ്ട് മണിക്കൂർ കണ്ണിമവെട്ടാതെ കണ്ടിരിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും വിപ്ലവം വിജയിക്കാനുള്ളതാണ് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ചങ്ക്‌സ് പ്രമൊ സോങിലൂടെ ഗാനരചനയിൽ തുടക്കമിട്ട ദിനുമോഹന്റെ വരികൾക്ക് നവാഗതരായ വിനായകും മനുവും ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജിതേഷ് ജിത്തു കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പരസ്യകല നിർവഹിക്കുന്നത് അധിൻ ഒല്ലൂർ ആണ്.തൃശ്ശൂർ ചിയാരം സ്വദേശിയായ സംവിധായകൻ നിഷാദ്ഹസ്സൻ ഇതിനു മുൻപേ ''വട്ടം'' എന്ന ലോകത്തിലെ ആദ്യ ഫേസ്ബുക്ക് ലൈവ് ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.