Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും നയാഗ്ര, ഒപ്പം ദിലീപും

dileep-mamtha

മൂന്നു പതിറ്റാണ്ടിനു ശേഷം മലയാള സിനിമയില്‍ വീണ്ടും നയാഗ്ര വെള്ളച്ചാട്ടം ചിത്രീകരിക്കുകയാണ്.ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന 'ടൂ കണ്ട്രീസ്' എന്ന സിനിമയിലൂടെയാണ് നയാഗ്രയുടെ വശ്യ സൌന്ദര്യം വീണ്ടും തിരശീലയിലെത്തുക.

dileep-movie

കഥയ്ക്ക് ആവശ്യമെങ്കില്‍ ചിത്രീകരണത്തിനായി എന്തും ഒരുക്കിക്കൊടുക്കുന്ന എം.രഞ്ജിത്താണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്.45 ദിവസം 'ടൂ കണ്ട്രീസി'ന്റെ ഷൂട്ടിങ് കാനഡയിലായിരുന്നു. ദിലീപും മമത മോഹന്‍ദാസും പാടി അഭിനയിക്കുന്ന 'വെളു വെളുത്തൊരു പെണ്ണ്.....' എന്ന ഗാനം നയാഗ്രയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കാനാണ് ഇവര്‍ അവിടെയെത്തിയത്.മുന്‍പ് 'ഏഴാംകടലിനക്കരെ' എന്ന ചിത്രത്തിലെ 'സുരലോക ജലധാര ഒഴുകിയൊഴുകി..'എന്ന ഗാനം നയാഗ്രയുടെ പശ്ചാത്തലത്തില്‍ എടുത്തിരുന്നു.

നയാഗ്ര വിശാലമായി ചിത്രീകരിക്കുന്നതിന് ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ രഞ്ജിത്ത് തീരുമാനിച്ചതാണ്.പക്ഷേ ചിത്രീകരണ സമയമായപ്പോള്‍ പ്രശ്നമായി.നയാഗ്രയ്ക്കു മുകളില്‍ എപ്പോഴും വെള്ളത്തുള്ളികള്‍ സൃഷ്ടിക്കുന്ന മൂടല്‍ മഞ്ഞുണ്ട്.അതിനെക്കാള്‍ വളരെ ഉയര്‍ന്നു പറക്കാനേ ഹെലികോപ്റ്റിന് അനുവാദമുള്ളൂ.താഴേക്കു വന്നാല്‍ മൂടല്‍ മഞ്ഞില്‍ കുടുങ്ങി ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടും.വളരെ ഉയരത്തില്‍ നിന്നു നയാഗ്ര ചിത്രീകരിച്ചാല്‍ താഴെ നില്‍ക്കുന്ന ദിലീപിനെയും മമതയെയും കിട്ടില്ല.ഈ സാഹചര്യത്തില്‍ അവര്‍ ഹെലികോപ്റ്റര്‍ വേണ്ടെന്നു വച്ചു.

നയാഗ്ര എന്ന അത്ഭുതം കാണാന്‍ പതിനായിരക്കണക്കിന് ആളുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്.ഷൂട്ടിങ്ങിനായി അവരെ മാറ്റുക അസാധ്യമാണെന്ന് സംഘത്തിനു ബോധ്യമായി.വെള്ളച്ചാട്ടം ഭംഗിയായി ചിത്രീകരിക്കുന്നതിന് പ്രത്യേക ജിമ്മി ജിബ് തയാറാക്കി നിര്‍ത്തിയിരുന്നു.അത് ഉയര്‍ന്നു പൊങ്ങി വട്ടമിട്ടു കറങ്ങി മുഴുവന്‍ ചിത്രീകരിക്കും.പക്ഷേ അതില്‍ ക്യാമറ ഉറപ്പിച്ചതോടെ പ്രശ്നമായി.ഫോക്കസ് ശരിയാകുന്നില്ല.നയാഗ്ര നന്നായി ചിത്രീകരിക്കണമെങ്കില്‍ ഉയരത്തില്‍ നിന്നുള്ള ഷോട്ടുകള്‍ വേണം.

shoooting

എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പോള്‍ സ്റ്റെഡി ക്യാം ഓപ്പറേറ്ററായ ബ്രിട്ടീഷുകാരന്‍ ജോ ഡിയാന്‍കോ ആശ്വസിപ്പിച്ചു.'അവതാര്‍' ഉള്‍പ്പെടെ പല ഹോളിവുഡ് ചിത്രങ്ങള്‍ക്കും സ്റ്റെഡി ക്യാം പ്രവര്‍ത്തിപ്പിച്ചിട്ടുള്ളയാളാണ് ജോ.സ്റ്റെഡി ക്യാം അരയില്‍ ഉറപ്പിച്ച് ജോ മുകളിലേക്ക് വലിഞ്ഞു കയറി.ഒപ്പം യൂണിറ്റ് അംഗമായ കണ്ണനും.ഒരടി പോലും വീതിയില്ലാത്ത സ്ഥലത്തു കൂടിയാണ് മുകളിലേക്ക് കയറുന്നത്.താഴേക്കു പതിച്ചാല്‍ പിന്നെ പൊടി പോലും ലഭിക്കില്ല.എല്ലാവരും ശ്വാസമടക്കിപ്പിടിച്ചാണ് നോക്കിയിരുന്നത്.പക്ഷേ അതൊന്നും വകവയ്ക്കാതെ ഉയരങ്ങളില്‍ നിന്നുള്ള ഷോട്ടുകള്‍ അവര്‍ അനായാസം എടുത്തു കൊണ്ടിരുന്നു.ചിത്രീകരണം പൂര്‍ത്തിയായപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരേയായത്.

ചിത്രീകരണം തുടങ്ങിയതോടെ വിദേശികളുടെ സഹകരണം ഷൂട്ടിങ് സംഘത്തിനു ബോധ്യമായി.ആരും പറയാതെ തന്നെ അവര്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നു മാറി നിന്നു.മലയാളം പാട്ടിനൊപ്പം അഭിനയിക്കുന്ന താരങ്ങളെ അവര്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പ്രശസ്ത ക്യാമറാമാന്‍ രവി കെ.ചന്ദ്രന്റെ പുത്രന്‍ സന്താന കൃഷ്ണനാണ് ഈ സിനിമയുടെ ഛായാഗ്രാഹകന്‍ .നയാഗ്രയുടെ താഴെയുള്ള രംഗങ്ങള്‍ എടുക്കുന്നതിനായി സംവിധായകന്‍ ഷാഫിയും നിര്‍മാതാവ് രഞ്ജിത്തും ക്യാമറാമാനും കൂടി ബോട്ടില്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയി.വലിയ മഴ പെയ്യുന്ന പോലുള്ള അവസ്ഥയാണ് താഴെയെന്ന് രഞ്ജിത്ത് പറയുന്നു.പക്ഷേ വളരെ ഭംഗിയായി മുകളില്‍ നിന്നും താഴെ നിന്നും നയാഗ്രയുടെ ഭംഗി ഒപ്പിയെടുത്തിട്ടാണ് വൈകുന്നേരം അവര്‍ മടങ്ങിയത്.

shootting-still

ടൂ കണ്‍ട്രീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി നടീനടന്മാര്‍ ഉള്‍പ്പെടെ 30 അംഗ സംഘമാണ് കാനഡയിലേക്ക് പോയത്. .ദിലീപിനും മമതയ്ക്കും പുറമേ മുകേഷ്,അജു വര്‍ഗീസ്,സുരാജ് വെഞ്ഞാറമ്മൂട്,അശോകന്‍,ഷ്രിന്‍ഡ,ലെന,വിനയ പ്രസാദ്,തിരക്കഥാകൃത്ത് റാഫി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.കൊച്ചിയില്‍ നിന്നു ദോഹയിലേക്കും അവിടെ നിന്നു മോണ്‍ട്രിയലിലേക്കും 20 മണിക്കൂര്‍ നീണ്ട വിമാന യാത്ര.20 ദിവസം ഓട്ടവയിലെ വീടുകളിലും നഗരപ്രദേശത്തുമായിരുന്നു ഷൂട്ടിങ്.ചിത്രീകരണ സംഘത്തില്‍ ബ്രിട്ടീഷ്,ആഫ്രിക്കന്‍ വംശജരായ ഏതാനും പേര്‍ കൂടി അവിടെ വച്ചു ചേര്‍ന്നു.അവിടെ യൂണിറ്റില്‍ ജോലി ചെയ്യാന്‍ ആളിനെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.ഒരാളിന്റെ ദിവസക്കൂലി ഇന്ത്യന്‍ കറന്‍സിയിലേക്ക് ആക്കുമ്പോള്‍ 25000 രൂപയോളം വരുമെന്നത് രഞ്ജിത്ത് ഞെട്ടലോടെയാണ് കണക്കു കൂട്ടിയിരുന്നത്.ഈ സാഹചര്യത്തില്‍ സംവിധായകന്‍ ഷാഫി ഉള്‍പ്പെടെ എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നുണ്ടായിരുന്നു.കഠിനാധ്വാനം മൂലം എല്ലാവരും തളരുമ്പോള്‍ ദിലീപിന്റെയും മുകേഷിന്റെയും സുരാജിന്റെയും തമാശകളായിരുന്നു ആശ്വാസം.

യുഎസ് അതിര്‍ത്തിക്കു സമീപമുള്ള ബ്രൂക്ക് വില്ലില്‍ കോടതി രംഗം ചിത്രീകരിക്കാനായി യഥാര്‍ഥ കോടതി തന്നെയാണ് അവര്‍ക്കു ലഭിച്ചത്.പുരാതനമായ കോടതി മന്ദിരത്തിലെ മറ്റു മുറികളില്‍ വിചാരണ നടക്കുന്നുണ്ട്.ചിത്രീകരണത്തിന്റെ മൂന്നാം ദിവസമായപ്പോള്‍ സമീപത്തുള്ള കോടതികളില്‍ കുപ്രസിദ്ധരായ കുറെ കുറ്റവാളികളെ കൊണ്ടു വരുന്നുണ്ടെന്നും ആരും കെട്ടിടത്തിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് ലഭിച്ചു.എന്തെങ്കിലും സംശയം തോന്നിയാല്‍ വെടി വയ്ക്കുന്നത് അവിടെ പതിവാണ്.ഇതു മൂലം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കു മുഴുവന്‍ മുന്നറിയിപ്പ് നല്‍കി.മൂന്നാം നിലയിലെ കോടതിക്കുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ പേടിയായിരുന്നു.തല പുറത്തു കാട്ടിയാല്‍ വെടി പൊട്ടിയാലോ. ഒരു ദിവസം മുഴുവന്‍ പുറത്തിറങ്ങാതെയാണ് ചിത്രീകരണം നടത്തിയതെന്നു രഞ്ജിത്ത് അനുസ്മരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.