Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുലൈനയുടെ തിരക്കഥയിൽ ഭാമയുടെ ‘മറുപടി’

marupadi റഹ്മാനും ഭാമയും. (ചിത്രം: സജീഷ് ശങ്കർ), ജുലൈനയും അഷ്റഫും

വി.എം.വിനു സംവിധാനം ചെയ്യുന്ന ‘മറുപടി’യുടെ ചിത്രീകരണം കണ്ണൂർ കോട്ടയിൽ പുരോഗമിക്കുന്നു. മനസ്സിലിട്ടു താലോലിച്ച ആദ്യകഥയിലെ മുഹൂർത്തങ്ങൾ ആവിഷ്കരിക്കപ്പെടുന്ന ആവേശത്തിലാണു നവാഗത എഴുത്തുകാരി ജുലൈന അഷ്റഫ്.ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ എത്തിയ ‘ആദാമിന്റെ മകൻ അബു’ വിന്റെ നിർമാതാവ് അഷ്റഫ് ബെഡിയുടെ ഭാര്യയായ ജുലൈന യാദൃച്ഛികമായാണ് എഴുത്തിന്റെ വഴിയിലേക്കു തിരിയുന്നത്. ആദ്യചുവടിൽ തന്നെ ശക്തമായ പ്രമേയമാണു കൈകാര്യം ചെയ്യുന്നത്. കൊൽക്കത്തയിൽ നടന്ന ഒരു സംഭവമാണ് ഇതിവൃത്തതിനു പ്രചോദനമായത്. കഥ കേട്ടപ്പോൾ നിർമാണച്ചുമതല ഭർത്താവ് ഏറ്റെടുത്തു.അഷ്റഫിന്റെ മൂന്നാമതു സംരംഭമാണ് ‘മറുപടി’.

‘തിരക്കഥയൊരുക്കി കഴിഞ്ഞപ്പോൾ വല്ലാത്തൊരു സംതൃപ്തിയാണുണ്ടായത്. കഥയുടെ ഗതിയും കഥാപാത്രങ്ങളുമെല്ലാം വേണ്ടവിധം ഉൾച്ചേർന്നുവന്നപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് അനുഭവിച്ചത്’ ജുലൈന പറഞ്ഞു.കോഴിക്കോട് തൊണ്ടയാട് സ്വദേശിയായ ബിസിനസുകാരൻ അബ്ദുല്ലയുടെയും വീട്ടമ്മയായ ഉമ്മാച്ചുവിന്റെയും മകളായ ജുലൈന കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിൽ നിന്നാണ് ഡിഗ്രി എടുത്തത്.

ചിത്രത്തിന്റെ കുറച്ചുഭാഗം കൊൽക്കത്തയിലും വയനാട്ടിലും ചിത്രീകരിച്ചു. ഇപ്പോൾ കണ്ണൂർ കോട്ടയും പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുമാണ് പ്രധാന ലൊക്കേഷനുകൾ. ജയിലിന്റെ പശ്ചാത്തലത്തിലുള്ള രംഗങ്ങളാണ് കോട്ടയിൽ ചിത്രീകരിച്ചത്.റഹ്മാൻ, ഭാമ എന്നിവർ പ്രധാന വേഷമിടുന്നു. ജനാർദനൻ, വൽസലാ മേനോൻ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മനോജ് കാരന്തൂർ പ്രൊഡക്‌ഷൻ കൺട്രോളറായ ചിത്രത്തിന്റെ കണ്ണൂരിലെ ചിത്രീകരണങ്ങളുടെ ചുമതല അരവിന്ദൻ കണ്ണൂരാണു നിർവഹിക്കുന്നത്. ഓഗസ്റ്റ് റിലീസ്.