Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലും മമ്മൂട്ടിയും വീണ്ടും നേർക്കുനേർ

lal-mammootty-release

പുലിമുരുകനും തോപ്പില്‍ ജോപ്പനും പിന്നാലെ വീണ്ടുമൊരു മമ്മൂട്ടി–മോഹൻലാൽ ചിത്രങ്ങൾ നേർക്കുനേർ മത്സരിക്കാൻ ഒരുങ്ങുന്നു. മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ എന്ന സിനിമയും മമ്മൂട്ടിയെ നായനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് ഫാദറുമാണ് ഒരുമിച്ച് തിയറ്ററുകളിലെത്തുക.

മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി നിർമാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് പുറത്തുവിട്ടു. ഡിസംബർ 22നാണ് സിനിമയുടെ റിലീസ്. മമ്മൂട്ടിയുടെ ദ് ഗ്രേറ്റ് ഫാദറും ക്രിസ്മസ് റിലീസ് ആണ്. സിനിമയുടെ റിലീസ് ഇവർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിർമിക്കുന്നത്. ഇരുചിത്രങ്ങളും ഒരുമിച്ച് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

വി.ജെ.ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ കോമഡി എന്റർടെയ്നർ ആണ്. തിരക്കഥ എം.സിന്ധുരാജിന്റേതാണ്. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാലും ഭാര്യ, ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ്ഫാദർ ആക്​ഷൻ ത്രില്ലറാണ്. തമിഴ് നടൻ ആര്യ, മാളവിക,സ്നേഹ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

പൃഥ്വിരാജ് ചിത്രം എസ്ര, സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന ജോമോന്റെ സുവിശേഷങ്ങള്‍, ഡോക്ടര്‍ ലൗവിന്റെ സംവിധായകന്‍ കെ.ബിജു ദിലീപിനെ നായകനാക്കി ഒരുക്കുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്നിവയും ക്രിസ്മസ് റിലീസുകളാണ്.