Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പം ഒപ്പത്തിനൊപ്പം ഊഴം കാത്ത് ഓണച്ചിത്രങ്ങൾ; റിലീസ് തിയതി

onam

വേറിട്ട രൂചി കൂട്ടുകളോടു കൂടിയ വിഭവ സമൃദ്ധമായ സദ്യയാണ് ഓണം ബോക്‌സ് ഓഫിസില്‍ പ്രേക്ഷകരെ വരവേല്‍ക്കുന്നത്. ഒരു മൊഴിമാറ്റ ചിത്രം, ഒരു അന്യഭാഷ ചിത്രം ഉള്‍പ്പടെ ഏഴു ചിത്രങ്ങളാണ് ഇത്തവണ ഓണത്തല്ലിനു എത്തുന്നത്. തെലുങ്കില്‍ നിന്ന് മൊഴിമാറ്റി എത്തിയ മോഹന്‍ലാല്‍-ജൂനിയര്‍ എന്‍ടിആര്‍ കൂട്ടുകെട്ടിന്റെ ജനതാ ഗ്യാരേജാണ് ഓണം റിലീസുകളില്‍ ആദ്യം ഷട്ടര്‍ തുറന്നത്. ജൂനിയര്‍ എന്‍ടിആറിനും ലാലിനും ഒരേപോലെ സ്‌ക്രീന്‍ സ്‌പേസ് നല്‍കുന്ന ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു.

അര ഡസന്‍ ചിത്രങ്ങള്‍ കൂടി ജനത ഗ്യാരേജിനൊപ്പം മത്സരത്തിനു എത്തും. കോമഡി എന്റര്‍ടെയിനര്‍, ഫാമിലി എന്റര്‍ടെയിനര്‍, ആക്ഷന്‍ ത്രില്ലര്‍ തുടങ്ങി എല്ലാത്തരം പ്രേക്ഷകരുടെയും അഭിരുചികളെയും തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് പ്രദര്‍ശനത്തിനു എത്തുന്നത്.

ഒപ്പം ഒപ്പത്തിനൊപ്പം ഊഴം കാത്ത് ചിത്രങ്ങള്‍....

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത ഒപ്പത്തിന്റെ ട്രെയിലര്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 2013-ല്‍ പുറത്തിറങ്ങിയ ഗീതാജ്ഞലിയാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. കിലുക്കത്തിന്റെ രജത ജൂബിലി വര്‍ഷം പുറത്തിറങ്ങുന്ന ഒപ്പം മലയാളത്തില്‍ പ്രിയദര്‍ശന്റെ പ്രതാപകാലത്തേക്കുള്ള തിരിച്ചുവരവായി മാറുമെന്ന പ്രത്യാശയിലാണ് സിനിമ പ്രേമികള്‍. ഇന്‍വസ്റ്റീഗേഷന്‍ ത്രില്ലര്‍ സ്വാഭവമുള്ള ചിത്രത്തില്‍ അന്ധനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഗോവിന്ദ് വിജയിയുടെ കഥക്കു ചലച്ചിത്രഭാഷ്യം നല്‍കിയിരിക്കുന്നത് പ്രിയദര്‍ശന്‍ തന്നെയാണ്. സമുദ്രകനി, അനുശ്രീ, വിമല രാമന്‍, രഞ്ചി പണിക്കര്‍, നെടുമുടി. ബേബി മീനാഷി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 4 മ്യൂസിക്ക്‌സ് ബാന്‍ഡിന്റെ ബാനറില്‍ ജിം, ബിബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നീ നവാഗതര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഹിറ്റ് മേക്കര്‍ ജിത്തു ജോസഫും പൃഥ്വിരാജ് സുകുമാരനും മൈമ്മറീസിന്റെ ത്രസിപ്പിക്കുന്ന വിജയത്തിനു ശേഷം ഒന്നിക്കുന്ന ത്രില്ലറാണ് ഊഴം. സ്ഥിരം ത്രില്ലര്‍ ഫോര്‍മാറ്റിലുള്ള സിനിമകളില്‍ നിന്ന് വേറിട്ടാണ് ഊഴത്തിന്റെ സഞ്ചാരമെന്നു സംവിധായകന്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ഊഴം പ്രതികാരത്തിന്റെ കഥയാണ്. ഉദ്വേഗ്വം നിറഞ്ഞ രംഗങ്ങള്‍ക്കൊപ്പം കുടുംബ ബന്ധങ്ങളില്‍ തന്നെയാകും ഇത്തവണയും ജിത്തു കഥ പറയുന്നതെന്നു പ്രതീക്ഷിക്കാം. പശുപതി ശക്തമായൊരു വേഷത്തില്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ബാലചന്ദ്ര മേനോന്‍, നീരജ് മാധവ്, ജയപ്രകാശ്, ദിവ്യ, രസ്‌ന പവിത്രന്‍ എന്നിവര്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നു. അനില്‍ ജോണ്‍സനാണ് സംഗീത സംവിധാനം.
ഒപ്പവും ഊഴവും എട്ടിനു തിയറ്ററുകളില്‍ എത്തും.

പൗലോ കൊയ്‌ലയും പൂവന്‍ കോഴിയും

മലയാള സിനിമയെ ഭൂഗോളത്തിന്റെ മുകളിലിരുന്ന് കൂവി ഉണര്‍ത്തിയ പൂവന്‍ കോഴി വീണ്ടുമെത്തുന്നു. നീണ്ട പതിറ്റാണ്ടുകളുടെ ഇടവേളക്കു ശേഷം കുഞ്ചാക്കോ ബോബനിലൂടെയാണ് ഉദയ നിര്‍മാണ രംഗത്ത് തിരിച്ചെത്തുന്നത്. ഒട്ടേറെ ദേശീയ, രാജ്യന്തര പുരസ്‌കാരങ്ങള്‍ നേടിയ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ ശിവയുടെ ആദ്യ കൊമേഴ്‌സ്യല്‍ ചിത്രമായ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയിലൂടെയാണ് ഉദയ തിരിച്ചുവരവിനു ഒരുങ്ങുന്നത്. വിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ നോവലില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു നിര്‍മ്മിക്കുന്നു എന്നു കരുതപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൗലോ കൊയ്‌ലോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒരു ഫീല്‍ഗുഡ് പോസ്റ്റീവ് ച്ത്രമായിരിക്കും കെപിഎസി. കുഞ്ചാക്കോ ബോബനു പുറമേ മുകേഷ്, നെടുമുടി, അജു വര്‍ഗീസ്, സുരാജ് വെഞ്ഞറാമൂട്, കെപിഎസി ലളിത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 50 ശതമാനം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നു നിര്‍മ്മാതാവ് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ ഒൻപതാണ് റിലീസ് തിയതി.

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍

സല്ലാപം, കുടമാറ്റം, വര്‍ണകാഴ്ചകള്‍, കുബേരന്‍ എന്നീ ഹിറ്റു ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ദീലിപ്-സുന്ദര്‍ദാസ് കൂട്ടുകെട്ട് പതിമൂന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. മേരിക്കുണ്ടോൊരു കുഞ്ഞാട്, കുഞ്ഞികൂനന്‍, ചാന്ത്‌പൊട്ട്, കല്ല്യാണ രാമന്‍ തുടങ്ങി ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റുകള്‍ സമ്മാനിച്ച ബെന്നി പി. നായരമ്പലത്തിന്റെ തൂലികയില്‍ നിന്നാണ് സെന്‍ട്രല്‍ ജയിലിന്റെയും പിറവി. പതിവുപോലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വെടിമരുന്നുമായിട്ടാണ് ദിലീപിന്റെയും സംഘത്തിന്റെയും വരവ്. മെസി, സച്ചിന്‍ മറഡോണ എന്നിവരുടെ ഭാഗ്യനമ്പറായ പത്തില്‍ ഭാഗ്യം തേടിയാണ് ദിലീപ് ബോക്‌സ് ഓഫിസില്‍ കളം നിറയുന്നത്. വേദികയാണ് നായിക. രഞ്ചി പണിക്കര്‍, സിദ്ധിഖ്, അജു വര്‍ഗീസ്, തെസ്‌നി ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ബേന്നി-ഇഗ്നേഷ്യസ്, നാദിര്‍ഷാ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം. സെപ്റ്റംബർ ഒൻപതാണ് റിലീസ് തിയതി.

ഗദയുമായി ഒരു മുത്തശ്ശി

ഓം ശാന്തി ഓശനയുടെ വിജയത്തിനു ശേഷം യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ഫാമിലി കോമഡി എന്റര്‍ടെയിനറാണ് ഒരു മുത്തശ്ശി ഗദ. പുതുമുഖമായ രാജിനി ചാണ്ടിയെന്ന മുത്തശ്ശിയാണ് ബോക്‌സ് ഓഫിസില്‍ താരങ്ങള്‍ക്കൊപ്പം മത്സരത്തിനു ഇറങ്ങുന്നത്. ഓണക്കാലത്ത് പുറത്തിറങ്ങുന്ന ച്ത്രങ്ങളില്‍ സ്ത്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏക ചിത്രവും ഇതാണ്. രണ്ടു തലമുറകള്‍ക്കിടയില്‍ ഉള്ള ജനറേഷന്‍ ഗ്യാപില്‍ നിന്നുണ്ടാകുന്ന സംഭവങ്ങളെ നര്‍മ്മത്തിന്റെ അകമ്പടിയോടെ സരസമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. സുരാജ് വെഞ്ഞറാമൂട്, ലെന, വിജയ രാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെറുതെങ്കിലും കഥാഗതിയിലെ നിര്‍ണായക സ്വാധീനമുള്ള വേഷത്തില്‍ വിനീത് ശ്രീനിവാസനും എത്തുന്നു. അജു വര്‍ഗീസ് പ്രതൃക്ഷപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ഷാന്‍ റഹ്മാനാണ് സംഗീതം. ആദ്യ ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബർ പതിനഞ്ചാണ് റിലീസ് തിയതി.

ഇരട്ടചങ്കുള്ള ചിയാന്‍

മലയാാള സിനിമകള്‍ക്കൊപ്പം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിയാന്‍ വിക്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ മൂവി ഇരുമുഖനും ഈ ഓണക്കാലത്ത് തിയറ്ററുകളില്‍ ഓളം തീര്‍ക്കും. നായകനായും പ്രതിനായകനായും രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥനായും ട്രാന്‍സ് ജെന്‍ഡറായ പ്രതിനായക വേഷത്തിലുമാണ് വിക്രം എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നായികമാരായ നിത്യ മേനോനും നയന്‍താരയുമാണ് നായികമാര്‍. ഹാരിസ് ജയരാജിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സെപ്റ്റംബർ എട്ടാണ് റിലീസ് തിയതി. 

Your Rating: