Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം ചിരിപ്പിച്ച് ഒടുവിൽ വേദനിപ്പിച്ച ജോഡി

jagathy-kalpana-1 Kalpana and Jagathy

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറും ഹാസ്യത്തിന്റെ രാജ്ഞി കലാപനയും ചേർന്ന് ഒരു സിനിമയിൽ ഒന്നിച്ചാൽ പിന്നെ, ആ ചിത്രത്തിന്റെ വിജയത്തിന് മറ്റു രസക്കൂട്ടുകൾ ആവശ്യമില്ല എന്നത് ഏറെ പരസ്യമായ രഹസ്യം. ഇത്തരത്തിൽ ഇരു വരും ചേർന്ന് ഹാസ്യ ജോഡികളായെത്തിയ സിനിമകൾ നിരവധി. അപകടം അമ്പിളിച്ചേട്ടനെ തളർത്തിയപ്പോൾ, രംഗബോധമില്ലാത്ത കോമാളിയായി എത്തി മരണം കല്പനയെ കൂട്ടിക്കൊണ്ട് പോയപ്പോൾ, ഇരുവരും ചേർന്ന് ഹാസ്യം ചൊരിഞ്ഞ് വിജയിപ്പിച്ച ഒരു പിടി നല്ല സിനിമകൾ പ്രേക്ഷക മനസ്സിൽ ഇനിയും ബാക്കി.

ആലിബാബയും ആറര കള്ളന്മാരും

മോഷണം തൊഴിലാക്കിയ ദമ്പതിമാരുടെ കഥ പറഞ്ഞ ആലിബാബയും ആറര കള്ളന്മാരും പ്രേക്ഷകർക്ക് അത്രപെട്ടന്നു ഓർമ്മയിൽ നിന്നും പടിയിറക്കി വിടാവുന്ന ചിത്രമല്ല. വൈഷ്ണവജനുതോ ....എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് , നോർത്ത് ഇന്ത്യൻ ലൂക്കിൽ വന്ന് മോഷണം നടത്തുന്ന ആ രംഗം ആരാണ് മറക്കുക? ഒപ്പം കട്ട പുരികവും ഖദർ ജുബയുമായി മുറി ഹിന്ദി പറഞ്ഞു നില്ക്കുന്ന അമ്പിളി ചേട്ടനും കൂടി ചേർന്നപ്പോൾ കല്പന - ജഗതി കോമ്പിനേഷനിലെ എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന രംഗങ്ങളിൽ ഒന്നായിമാറിയത്. സിനിമയിലുടനീളം ഇരു വരും കാഴ്ചവച്ച ഹാസ്യത്തിന്റെതായ കെമിസ്ട്രി വേറെയൊരു ഹാസ്യ ജോഡിക്കും ലഭിച്ചിട്ടില്ല എന്നതാണ് സത്യം

കാബൂളിവാല

കന്നാസിന്റെയും കടലാസിന്റെയും അനാഥത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ കാബൂളിവാല എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലും സംവിധായകന് ജഗതിയുടെ ജോഡിയായി തെരഞ്ഞെടുക്കാൻ കല്പനയെ കഴിഞ്ഞു മാത്രമേ വേറെയാരും ഉണ്ടായിരുന്നുള്ളൂ. കടലാസ് എന്ന ജഗതി കഥാപാത്രത്തിന്റെ ജോഡിയായി എത്തിയ ചന്ദ്രികയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഹാസ്യത്തിൽ തുടങ്ങി, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് വരുമ്പോൾ സീരിയസ് ആകുന്ന ചന്ദ്രിക കൽപനയുടെ മികവുറ്റ കഥാപാത്രങ്ങളിൽ ഒന്ന് തന്നെ

jagathy-kaplana-2 Kalpana and Jagathy

സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്

കുറ്റാന്വേഷണ കഥയെ ഹാസ്യരൂപത്തിൽ അവതരിപ്പിച്ച സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ് എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ജഗതി - കല്പന ജോഡികൾ തന്നെയാണ്. സി ഐ ഡിയായ ഉമ്മൻ കോശിയും വീട്ടു ജോലിക്കാരിയായ ക്ലാരയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആരാണ് മറക്കുക. ക്ലാര പേര് ചോദിക്കുമ്പോൾ ഉമ്മാ...എന്ന് പറയുന്ന ഉമ്മനെയും തുടർന്ന് ഇടിവെട്ട് ഡയലോഗുമായി എത്തുന്ന ക്ലാരയും ആരും മറക്കില്ല.

ജൂനിയർ മാൻഡ്രേക്ക്

വളരെ ചുരുങ്ങിയ സീനുകളിൽ മാത്രമേ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും, ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ ജഗതിയുടെ ഭാര്യയായി എത്തി കല്പന തകർത്തു എന്ന് പറയാം. അപ്രതീക്ഷിതമായി പണം കയ്യിൽ വന്ന് ചേരുന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ ഭാവ പ്രകടനങ്ങൾ ഒട്ടും തന്നെ ചോർന്നു പോകാതെ കൽപന കാമറയ്ക്ക്‌ മുന്നിൽ അവതരിപ്പിച്ചു.

പൈ ബ്രദേഴ്സ്

മുറി മലയാളം പറയുന്ന പൈയുടെ പുറം ലോകം കാണാത്ത ഭാര്യ, വിദ്യാഭ്യാസക്കുറവും മണ്ടത്തരവും ഒന്നിച്ചു ചേർന്ന ഈ കഥാപാത്രത്തെ കൽപനയ്ക്ക് അല്ലാതെ മറ്റാർക്കും ഇത്ര ഭംഗിയായി അവതരിപ്പിക്കാനാവില്ലെന്നത് സിനിമാലോകം തന്നെ സാക്ഷ്യപ്പെടുത്തിയ സത്യം. ചിത്രത്തിലെ പപ്പട നിർമ്മാണത്തിൽ വിദഗ്ധയായ കോമളം എന്ന കഥാപാത്രം ജഗതി അവതരിപ്പിച്ച അനന്ത പൈ എന്ന കഥാപാത്രത്തെ പല സ്ഥലത്തും മറികടക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.