Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദ്യങ്ങളുടെ മലവെള്ളപ്പാച്ചിലുമായി ഉത്തരം നാടകം

narendraprasad

നരേന്ദ്രപ്രസാദിന്റെ നാടകമായ ഉത്തരം പ്രേക്ഷകന്റെയും വായനക്കാരന്റെയും മനസിൽ ഉയർത്തുന്നത് ‘ഉത്തരങ്ങളല്ല’ മറിച്ച് ചില ചോദ്യങ്ങളാണ്. ‌ഒരു പക്ഷേ അദേഹത്തിന്റെ മനസിലെ ചോദ്യം ചെയ്യാൻ ഇഷ്ടമുള്ള സ്വതന്ത്രവ്യക്തി നടത്തിയിരുന്ന അന്വേഷണങ്ങൾക്കൊടുവിൽ അദേഹം കണ്ടെത്തിയ ചോദ്യങ്ങളാകാം ഇത്തരം ഒരു നാടകത്തിന്റെ രചനയ്ക്ക് അദേഹത്തെ തയാറാക്കിയത്.

കെപിഎസി മലയാള നാടകരംഗത്തിനു കനപ്പെട്ട സംഭാവനകൾ നൽകി എന്ന് എല്ലാവരും ഉദ്ഘോഷിച്ചിരുന്ന കാലത്ത് അതു ചോദ്യങ്ങൾ കൊണ്ട് ഖണ്ഡിക്കാൻ ഉദ്യമിക്കുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണ് നരേന്ദ്രപ്രസാദ്.

കെപിഎസി മലയാള നാടകവേദിയിലെ മറ്റു പ്രമുഖനാടകസമിതികൾക്ക് ചരമഗീതമോതുകയായിരുന്നുവെന്ന് അദേഹം നാടകകാരുടെ ഒരു ക്യാംപിൽ പല പ്രമുഖരെയും സാക്ഷി നിർത്തി ആവർത്തിച്ച് പ്രസംഗിക്കുന്നത് കേട്ടിട്ടുള്ളവർക്ക് ഇൗ വരികളുടെ സത്യാവസ്ഥ ബോധ്യപ്പെടും. നാടകത്തിലായാലും മറ്റേതു കലാരൂപത്തിലായാലും ചില പ്രത്യേക പന്ഥാവിലൂടെ മാത്രമേ കലാകാരൻമാർ സഞ്ചരിക്കാവൂ എന്ന് ചിലർക്ക് നിർബന്ധമാണ്. അത്തരം അലിഖിത നിയമങ്ങളുമായി വഴിവെട്ടി കാത്തുനിന്ന സാഹിത്യത്തറവാട്ടിലെ സ്വയം കൽപിത കാരണവൻമാരോട് എന്റെ വഴി ഞാൻ കണ്ടെത്തിക്കൊളാം എന്നു പറഞ്ഞും പറയാതെയും തന്റെ കർമം കൊണ്ട് അസന്ദിഗ്ദമായി പ്രഖ്യാപിച്ച നാടകകൃത്തായിരുന്നു നരേന്ദ്രപ്രസാദ്. അത്തരം സൃഷ്ടികളിൽ മുമ്പന്തിയിൽ നിൽക്കുന്നു ഉത്തരം എന്ന നാടകം.

യുവാവ്, നേതാവ്, നേതാവിന്റെ ഭാര്യ, മകൾ, മകൻ തൊഴിലാളികൾ എന്നീ കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന നാടകം ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയേറിയ ആയുധമായി പരിണമിക്കുകയാണ്. ഗവേഷണത്തിനു പോകാൻ താൽപര്യമുണ്ടെന്ന് പ്രഖ്യാപിക്കുന്ന മകൾ പറയുന്ന ഒരു വാചകം കേൾക്കുക,‘സഖാവിന്റെ മകൾക്ക് പ്രവേശനം കിട്ടിയില്ലെങ്കിൽ പിന്നെന്തിനാണ് വിദേശങ്ങളിൽ യൂണിവേഴ്സിറ്റികളെന്ന് ’ ഇൗ ഒരൊറ്റ വാചകത്തിലെ സഖാവെന്ന ഒറ്റ പദം കൊണ്ട് ഉഗ്രപ്രഹരശേഷിയുള്ള ബോംബ് ആണ് സമൂഹത്തിലേക്ക് നരേന്ദ്രപ്രസാദ് വലിച്ചെറിയുന്നത്.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം മുതൽ പിന്നീടിങ്ങോട്ട് ‘സഖാവ്’ എന്നു പറഞ്ഞാൽ ശരി മാത്രം രാവിലെ മുതൽ രാത്രി വരെ ചെയ്യുന്ന വ്യക്തിയാണല്ലോ. ഭൂമിയിലെ സമസ്തജീവജാലങ്ങൾക്കും തെറ്റുപറ്റാം പക്ഷേ സഖാവിന് തെറ്റുപറ്റില്ല. പറ്റിയ തെറ്റുകളെ എല്ലാം തന്നെ ചില താത്വികമായ വിലയിരുത്തലുകൾ കൊണ്ട് ശരിയാണെന്ന് സ്ഥാപിക്കാനും ബുദ്ധി കുറേ ഇടത്തോട്ട് തിരിഞ്ഞു പോയ ബുദ്ധിജീവികൾക്ക് കഴിയുകയും ചെയ്തിരുന്നു.

ലളിതവും എന്നാൽ കരുത്തിൽ ഒന്നിലും പിന്നിലല്ലാത്ത ഭാഷാപ്രയോഗം കൊണ്ടാണ് ഇതിനെതിരെ ഉള്ള തന്റെ വിയോജിപ്പ് നരേന്ദ്രപ്രസാദ് ഇൗ നാടകത്തിലൂടെ വെളിപ്പെടുത്തുന്നത്.

ഇൗ നാടകത്തിൽ ഒരു പട്ടിയുടെ സാന്നിധ്യം നരേന്ദ്രപ്രസാദ് ചൂണ്ടിക്കാണിക്കുന്നു. രംഗത്ത് കുര കേൾപ്പിച്ചും ബാക്കി അഭിനേതാക്കളുടെ സാമർഥ്യം കൊണ്ടും മാത്രമാണാ നായയെ രംഗത്ത് അവതരിപ്പിക്കുന്നത്.

നാടകാരംഭത്തിൽ നേതാവിന്റെ വീട്ടിലെത്തുന്ന യുവാവിനെ ഇൗ പട്ടി കുരച്ചു കൊണ്ട് നേരിടുന്നു. കുരച്ച് ഭയപ്പെടുത്തുന്നുണ്ടെങ്കിലും അതൊരിക്കലും കടിക്കുന്നില്ല. എന്നാൽ യുവാവിനെ രംഗത്ത് നിന്ന് നിഷ്ക്രമിക്കാൻ അനുവദിക്കുന്നുമില്ല.

എന്താണ് ഇൗ പട്ടിയെ കൊണ്ട് നരേന്ദ്രപ്രസാദ് പ്രേക്ഷകനോടും വായനക്കാരനോടും പറയുന്നത്.ഇൗ പട്ടി കേവലം നാലു കാലും വാലുമുള്ള മറ്റേതെങ്കിലും ചാവാലി പട്ടിയല്ല. ഇത് പോമറേനിയനാണ്. എന്താ​ണ് പോമറേനിയൻ നായുടെ പ്രത്യേകതകൾ എന്ന് തിരിച്ചറിയുന്നിടത്താണ് നരേന്ദ്രപ്രസാദിലെ അതിബുദ്ധിമാനായ നാടകകൃത്തിനെ നാം തിരിച്ചറിയുന്നത്.

പോമറേനിയൻ നായയുടെ ജന്മസ്ഥലം ജർമനിയായതും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ കാറൽമാർക്സിന്റെ ജന്മസ്ഥലവും അതു തന്നെയായതും കേവലം യാദൃശ്ചികം മാത്രമോ.

ഉത്തരം എന്ന നാടകം ഉയർത്തുന്ന പല ചോദ്യങ്ങളിൽ ഒന്നു കൂടി ആണത്. നേതാവിന്റെ ഭാര്യ യുവാവിനോട് ചോദിക്കുന്ന രണ്ടു മൂന്നു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ശ്രദ്ധിക്കുക

‘ അച്ഛനെന്താ ജോലി,

ജോലിയൊന്നുമില്ല

അപ്പപ്പിന്നെ രാഷ്ട്രീയം കാണുമല്ലോ...’

മറ്റൊരു പണിയുമില്ലാത്തവന്റെ ജോലിയായി രാഷ്ട്രീയപ്രവർത്തനം മാറിക്കഴിഞ്ഞു എന്ന യാഥാർഥ്യം ഇതിലും പച്ചയ്ക്ക് എങ്ങനെയാണ് ഒരു നാടകകൃത്തിനു കുറിച്ചിടാൻ കഴിയുക. അതു പറയിക്കുന്നതാകട്ടെ തൊഴിലാ​ളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാര്യയുടെ നാവ് കൊണ്ടും .

തീരുന്നില്ല വിമർശനത്തിന്റെ ​ശരങ്ങൾ പ്രസാദ് സാറിന്റെ ആവനാഴിയിൽ. കേൾക്കുക‘നിക്കുകയാണെങ്കി അടിസ്ഥാനവർഗത്തിന്റെ കൂടെ നിക്കണം മറ്റേതിലൊക്കെ ജില്ലാക്കമ്മീറ്റിലെത്താൻ പോലും പ്രയാസമാ..’ പരിഹാസത്തിന്റെ മുന പിന്നെയും നീളുന്നു, കേൾക്കുക സഖാവിന്റെ ഭാര്യയേ കൊണ്ട് യുവാവിനോട് ജാതി ‌ ഏതാണ് എന്നു വരെ നാടകകൃത്ത് ചോദിപ്പിക്കുന്നു. എം.സുകുമാരൻ എഴുതിയ ശേഷക്രിയയിൽ വിപ്ളവപ്രസ്ഥാനങ്ങളിലെ ജാതിചിന്തകളെ കുറിച്ച് കാര്യമായി പരാമർ​ശിച്ചിരുന്നു. എന്നാൽ ഒരു നാടകത്തിൽ സഖാവിന്റെ ഭാര്യയെ കൊണ്ട് തന്നെ ഇൗ ചോദ്യം ചോദിപ്പിച്ചതിലൂടെ ആർക്കെതിരേയാണ് നരേന്ദ്രപ്രസാദ് ഇൗ വാക്കുകളുടെ മിസൈലുകൾ പായിക്കുന്നത് എന്ന സംശയം സ്വാഭാവികമായും വായനക്കാരനിലും പ്രേക്ഷകനിലും ഉദിക്കും. ഞാൻ ആദ്യമേ പറഞ്ഞല്ലോ ചോദ്യങ്ങളുടെ ഉത്തരങ്ങളല്ല ഇൗ നാടകത്തിൽ ഉള്ളത് കുറേ അധികം ചോദ്യങ്ങളെ പ്രസവിക്കുന്ന ഉത്തരമാണ് ഇൗ നാടകം.

നാടകത്തിന്റെ ഒരു ഭാഗത്ത് കൂലി ചോദിക്കാൻ നിൽക്കുന്ന ജോലിക്കാരനോട് നേതാവ് പറയുന്നു‘ നാളെയാകട്ടെ ഉം? ’ തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ എന്നവകാശപ്പെടുന്നവരുടെ എല്ലാം സ്ഥിരം പദമാണ് അത്–നാളെ. ‘നാളത്തെ സൂര്യോദയം നിന്നെ അമൃതൂട്ടും എന്നും അധികാരത്തിന്റെ ദണ്ഡ് നിന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടും’ എന്നും ഉറച്ച് വിശ്വസിപ്പിച്ച് അവരേ പറുദീസയിലേക്ക് അതേ വിഡ്ഢികളുടെ പറുദീസയിലേക്ക് ആനയിക്കുന്നവർ കാലങ്ങളായി ഉപയോഗിച്ച് പഴകിയ പദമാണ് അത്–നാളെ. ഒന്നും കാര്യമായി സംഭവിക്കാത്ത് നാളെയിലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ എന്നവനെ തിരിച്ചറിയിക്കാൻ വേണ്ടി കൂടി അല്ലേ നരേന്ദ്രപ്രസാദ് ഇൗ ഡയലോഗ് നാടകത്തിൽ ചേർത്തത് എന്ന ചോദ്യം ഉയരുകയാണ്.

‘അൽബേനിയയിലെ ചായക്കടകളിൽ വച്ച്, ഉസ്ബാക്കിസ്ഥാനിലെ പുഷ്പവാടിയിൽ വച്ച്,ലെനിൻ ഗ്രാഡിലെ ചുവന്ന തെരുവുകളിൽ വച്ച് , യൂഗോസ്ലാവിയയിലെ ശ്മശാനങ്ങളിൽ വച്ച്....’ എന്ന് പറഞ്ഞ് പറഞ്ഞ് ഒടുവിൽ ‘ഞാൻ വിപ്ളവത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.....’എന്നു നേതാവിനെ കൊണ്ട് നരേന്ദ്രപ്രസാദ് പറയിക്കുമ്പോൾ നേതാവ് കേവലം കേരളത്തിലെ ഏതെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ മാത്രമല്ല എന്നും സർവലോക കമ്യൂണിസത്തിന്റെ അപചയത്തിന്റെ മൂർത്തരൂപം അല്ലേ എന്ന ചോദ്യം വായനക്കാരനെ അലട്ടിക്കൊണ്ടിരിക്കും.

ചോദ്യങ്ങൾ തീരുന്നില്ല– നേതാവ് സ്വയം എഴുതിയ വിപ്ളവഗാനം ഭാര്യയും മകളും ഏറ്റുപാടുമ്പോൾ ‘രാജ്യമാകെ വിപ്ളവബോധം കത്തപ്പടരാൻ ഞാനെഴുതിയ പാട്ടാണെന്ന് ’നേതാവ് പ്രഖ്യാപിക്കുന്നു.അതു കേൾക്കുന്ന യുവാവിന്റെ പ്രതികരണം നോക്കൂ‘ അങ്ങ് മഹാകവി തന്നെ –സിനിമയിൽ ഗാനങ്ങൾ എഴുതാൻ കഴിയുമല്ലോ ? ’ എന്നാണ്.അപ്പോൾ കവിക്കു മേലെ ആണോ സിനിമാഗാനരചയിതാവ് എന്ന സംശയം ചോദ്യമായി ഉയരും. അത് യുവാവിനെ കൊണ്ട് ചോദിപ്പിക്കുന്നതു കൊണ്ട് നാടകമെഴുതിയ കാലത്തെ യുവത്വം കവിക്കു മുകളിൽ ചലച്ചിത്രഗാനരചയിതാവിനെ പ്രതിഷ്ഠിച്ചിരുന്നുവോ എന്ന സംശയം ഉയരും. സംശയങ്ങളിൽ നിന്നാണല്ലോ ചോദ്യങ്ങൾ ഉണ്ടാകുന്നത്.

നാടകത്തിന്റെ ആരംഭം മുതൽ അവസാനം വരെയും കുറച്ച് ജോലിക്കാർ എന്തെങ്കിലും ഒക്കെ ചുമന്ന് കൊണ്ട് നേതാവിന്റെ വീട്ടിനുള്ളിലേക്ക് പോകുന്നതായും ഇറങ്ങി വരുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. അത് മറ്റൊരു ധ്വനിപ്പിക്കലാണ്. നേതാക്കൾ എന്തൊക്കെ പറഞ്ഞാലും അല്ലയോ തൊഴിലാളി നിനക്ക് ഉടുക്കാനും ഉണ്ണാനും ഉള്ള വക നീ തന്നെ അധ്വാനിച്ചു കണ്ടെത്തണം എന്ന ധ്വനിപ്പിക്കൽ. അതല്ലേ നിഷ്കാമകർമികളായ അവരെ കൊണ്ട് നരേന്ദ്രപ്രസാദ് ഇൗ നാടകത്തിലൂടെ പറയിക്കുന്നത്? ക്ഷമിക്കണം അതും ചോദ്യമാണ്.

നാടകത്തിന്റെ ഒടുവിൽ നേതാവിന്റെ‌ പ്രഭാഷണം അഥവാ അയാളുമായി ഗവേഷകനായ യുവാവ് നടത്തിയ അഭിമുഖം ടേപ്പ് ചെയ്തത് നേതാവിന്റെ ഭാര്യയേയും മകളെയും കേൾപ്പിക്കാൻ തുടങ്ങുമ്പോൾ അവരും പ്രേക്ഷകരും കേൾക്കുന്നത് കുര മാത്രമാണ്.നല്ല ഒന്നാം തരം പോമറേനിയൻ കുര. ജർമനിയിൽ ജനിച്ച , ഇംഗ്ളണ്ടിലെ രാജകുടുംബാംഗങ്ങളും പ്രഭുക്കൻമാരും ഒാമനിച്ച് നടന്നിരുന്ന പോമറേനിയന്റെ കുര. ലണ്ടനിലെ ലൈബ്രറിയിലിരുന്ന് നടത്തിയ ഗവേഷണത്തിന്റെ ഫലമായി ജർമൻകാരനായ കാറൽമാർക്സ് എഴുതിയ മൂലധനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും നാഴികയ്ക്ക് നാൽപതു വട്ടം കുരച്ച് പുറത്ത് ചാടിക്കുന്ന ചില പ്രസ്ഥാനങ്ങളെയും പ്രസ്ഥാനക്കാരെയും ആ കുര ഒാർമിപ്പിക്കുന്നില്ലെ?

അവസാനിക്കാത്ത ചോദ്യങ്ങളുമായി ‘ഉത്തരം’ എന്ന നാടകം പുനർവായനയ്ക്ക് നമ്മെ പ്രേരിപ്പിക്കുന്നു. അഥവാ ‘ഉത്തരം’ ചോദ്യങ്ങൾ പ്രസവിച്ചു കൊണ്ടേയിരിക്കുന്നു. തൽക്കാലം ചോദ്യങ്ങളുടെ ഇൗ കുത്തൊഴുക്ക് അവസാനിപ്പിച്ചാലോ? അതും ഒരു ചോദ്യത്തിൽ അവസാനിക്കുമ്പോൾ ഉത്തരം അതിന്റെ വിജയം അരക്കിട്ടുറപ്പിക്കുകയല്ലേ?