Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാം ചിത്രത്തിൽ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോകാനുള്ള കാരണം വെളിപ്പെടുത്തി സമുദ്രക്കനി

varalaxmi-jayaram

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാൽ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയിൽ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാർത്ത വന്നിരുന്നു. നിർമാതാക്കളുമായി യോജിച്ച് പോകാൻ കഴിയാത്തതിനാല്‍ ചിത്രത്തിൽ നിന്നും പിൻവാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാൽ തനിക്ക് ലഭിച്ച ഹോട്ടൽ താമസസൗകര്യത്തിൽ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി. സിനിമയുടെ സംവിധായകനായ സമുദ്രക്കനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹം തന്നെ ഒരുക്കിയ അപ്പ എന്ന തമിഴ് സിനിമയുടെ റീമേയ്ക്ക് ആണ്. ജയറാം ആണ് ചിത്രത്തിലെ നായകൻ. 

ചിത്രത്തിന്റെ പൂജയ്ക്ക് നടി എത്തുകയും കഴിഞ്ഞ ആഴ്ച ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വരലക്ഷ്മി സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നായിരുന്നു വാർത്ത വന്നത്. ഈ സിനിമയുടെ നിർമാതാക്കളുമായി യോജിച്ച് പോകാനാകില്ലെന്നും അവർ പറഞ്ഞ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയ നടി ആൺമേധാവിത്വം കാണിക്കുന്ന ആളുകൾക്കൊപ്പവും പെരുമാറാൻ അറിയില്ലാത്ത നിർമാതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയില്ലെന്നും ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

നടന്ന സംഭവത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളിൽ വന്നത് ഇങ്ങനെ– ചിത്രത്തിലെ അഭിനേതാക്കൾക്കായി ഹോട്ടലിൽ താമസസൗകര്യം നിർമാതാക്കൾ ഒരുക്കിയിരുന്നു. എന്നാൽ ആ ഹോട്ടൽ വരലക്ഷമിക്ക് ഇഷ്ടപ്പെടാതിരിക്കുകയും തനിക്ക് സ്റ്റാർ ഹോട്ടൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമായി വഴക്കുംഉണ്ടായി. അവർക്ക് അത് നൽകാനാകില്ലെന്ന് നിർബന്ധം പിടിച്ചതോടെ നടി തന്നെ സ്വയം ചിത്രത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

‘ഇതൊരു ചെറിയ സിനിമയാണ്. അതുകൊണ്ടുതന്നെ ഞാനടക്കമുള്ള എല്ലാ താരങ്ങൾക്കും നിർമാതാവ് ഒരു ഹോട്ടലിൽ തന്നെയാണ് റൂം ബുക്ക് ചെയ്തത്. എന്നാൽ വരലക്ഷമിക്ക് ആ ഹോട്ടൽ ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല അവിടുത്തെ ഭക്ഷണവും നടിക്ക് ബുദ്ധിമുട്ടുണ്ടാക്കി. അതിനെ ചൊല്ലി ചില ബഹളങ്ങളും പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുമായി ഉണ്ടാകുകയും ചെയ്തു. 

ആ നിമിഷത്തിൽ പറയാൻ പാടില്ലാത്ത ചില വാക്കുകൾ ഉപയോഗിച്ചു. എന്നാൽ അതൊന്നും മനഃപൂർവം ആയിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് വരലക്ഷ്മി ചിത്രത്തിൽ നിന്നും പിന്മാറിയത്. എന്നാൽ ഈ പ്രശ്നം ഇവിടെകൊണ്ട് തീരണമെന്നും വരലക്ഷമിയുടെ തീരുമാനത്തിൽ എതിരില്ലെന്നും ഞാൻ വ്യക്തമാക്കുകയും ഇക്കാര്യത്തിൽ എന്റെ അഭിപ്രായം ഇരുകൂട്ടരെയും അറിയിച്ചതുമാണ്.

ഇനിയ ആണ് വരലക്ഷമിക്ക് പകരം ചിത്രത്തിൽ അഭിനയിക്കുക.