Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈസ വേണ്ട അവൻ മകനാണെന്ന് പറഞ്ഞാൽ മതി; വൃദ്ധദമ്പതികൾ പറയുന്നു

dhanush-parents

സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് നടൻ ധനുഷിന്റെ പിതൃത്വം സംബന്ധിച്ച കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ധനുഷ്‌ തങ്ങളുടെ മകനാണെന്ന്‌ അവകാശപ്പെട്ട് എത്തിയ മധുര സ്വദേശികളായ ദമ്പതികളുടെ പരാതിയെത്തുടർന്നാണ് ഉദ്വേഗജനകമായ സംഭവങ്ങൾ നടക്കുന്നത്. നേരത്തെ ദമ്പതികൾ ആരോപിച്ചതു പോലെ, ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചെന്ന് പരിശോധനയില്‍ തെളിഞ്ഞതായി തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരം അടയാളങ്ങള്‍ ഇല്ലെന്നാണ് കോടതി ഉത്തരവ് അനുസരിച്ച് നടത്തിയ മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ട്.

ലേസര്‍ ചികിത്സ വഴി അടയാളങ്ങൾ മായ്ച്ചു കളഞ്ഞുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമായിരുന്നെന്നും ഇപ്പോൾ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എം.ആര്‍. വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ധനുഷിന്റെ ഇടതു തോളിൽ ഒരു മറുകും ഇടതു കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

ദമ്പതികള്‍ അവകാശപ്പെടുന്ന പ്രകാരം കാൽമുട്ടില്‍ കറുത്ത അടയാളമില്ലെന്നും തോളെല്ലില്‍ കാക്കപ്പുള്ളിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ ധനുഷ് അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും എന്ന ആരോപണത്തിലും കഴമ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാൽ ധനുഷും കൂട്ടരും പണംകൊടുത്ത് കേസ് വഴിതിരിച്ചുവിടുകയാണെന്നാണ് വൃദ്ധദമ്പതികളുടെ ആരോപണം. ധനുഷിൽനിന്ന് ഒരു പൈസപോലും വേണ്ടെന്നും കോടതിയുടെ മുന്നിൽ അവൻ ഞങ്ങളുടെ മകനാണെന്ന സത്യം തുറന്നുപറഞ്ഞാൽ മാത്രം മതിയെന്നുമാണ് ഇവർ പറയുന്നത്. കോടതിയിൽ തങ്ങൾക്ക് നീതി ലഭിക്കുമെന്നുതന്നെയാണ് വിശ്വാസമെന്നും ഇവർ മാധ്യമങ്ങളോടു പറഞ്ഞു.

2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ എന്നാണെന്നും കലൈചെൽവൻ എന്നാണ് വിളിച്ചിരുന്നതെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു.

മാസംതോറും 65,000 രൂപ ചെലവിനു നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയർ സെക്കൻഡറി സ്കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവൺമെന്റ് ഹോസ്റ്റലിൽ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവർ പറയുന്നു. പിന്നീട് ചെന്നൈയിലേക്കു മാറി സിനിമയിൽ സജീവമായതോടെ തങ്ങളെ ഉപേക്ഷിച്ചെന്നും പറയുന്നു. ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28നാണ് താൻ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാർഥപേര്. എന്നാൽ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികൾ പറയുന്നത്.

ഇപ്പോൾ സമർപ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 27 ന് വീണ്ടും കോടതി കേസ് എടുക്കം. കേസിൽ അന്നു വിധി പറയാനും സാധ്യതയുണ്ട്.

Your Rating: