Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൈരവയും കബാലിയും പരാജയം; പ്രതികരണവുമായി രജനീകാന്ത്

rajini-vijay

സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ കോടികള്‍ മുടക്കി വിതരണത്തിനെടുത്ത് വിതരണക്കാർക്ക് വലിയ നഷ്ടം സംഭവിക്കുന്ന തമിഴകത്ത് പതിവ് കാഴ്ചയയായി മാറുകയാണ്. വിജയ് ചിത്രം ഭൈരവ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ വിതരണക്കാർ മുന്നോട്ട് വന്നിരുന്നു. സിനിമ കാരണം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും ഇതിന് പകരമായി 14 കോടി രൂപ വിജയ് നല്‍കണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. നേരത്തെ ഭൈരവയുടെ വിതരണം ഏറ്റെടുത്ത വകയില്‍ ഒന്നരകോടിക്ക് മുകളിൽ നഷ്ടമാണെന്ന് വെളിപ്പെടുത്തി വിതരണക്കാരനായ സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി സൂപ്പർതാരം രജനികാന്ത് രംഗത്ത്. സിനിമയുടെ നിർമാതാവ് പറയുന്ന പോലെ കാര്യങ്ങൾ തീരുമാനിക്കരുത്. നിങ്ങൾ നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുക. അല്ലെങ്കിൽ പിന്നീട് വരുന്നതിനെ ഓർത്ത് ദുഃഖിക്കരുത്. 

രജനി ചിത്രങ്ങൾ വിതരണത്തിനെടുക്കുന്നതിൽ വിതരണക്കാർക്കോ തിയറ്റർ ഉടമകൾക്കോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഇനി സിനിമ മോശമായാൽ തന്നെ അതിന്റെ നഷ്ടം രജനി നികത്താറുമുണ്ട്. ബാബ എന്ന ചിത്രത്തിനും ലിങ്ക എന്ന സിനിമയ്ക്കും നഷ്ടം വന്നപ്പോൾ രജനി നേരിട്ട് പ്രതിഫലത്തിൽ നിന്നും നഷ്ടം നികത്തിയിരുന്നു.

എന്നാൽ കബാലി സിനിമയുമായി ബന്ധപ്പെട്ട് ചില വിതരണക്കാർ നിർമാതാവ് കലൈപുലി താനുവിനെതിരെ രംഗത്തെത്തിയിരുന്നു. ‘ഒരു സിനിമ ഏറ്റെടുക്കും മുമ്പേ നിരവധി തവണ ആലോചിക്കണം. സിനിമ നിർമിക്കുന്നൊരാൾ ഒരിക്കൽ പോലും അയാളുടെ സിനിമ മോശമാണെന്ന് പറയില്ല. വിതരണക്കാരനാണ് അത് തീരുമാനിക്കേണ്ടത്. സിനിമയുടെ ഗതി നോക്കി അവർ തന്നെയാണ് തുക നിശ്ചയിക്കേണ്ടത്.’ രജനികാന്ത് പറഞ്ഞു. 

‘നിർമാതാക്കൾക്ക് വലിയ അത്യാഗ്രഹം പാടില്ല. അവർ തങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്ന മറ്റുള്ളവർക്കും നഷ്ടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം’.–രജനികാന്ത് കൂട്ടിച്ചേർത്തു. 

താരമൂല്യം സംരക്ഷിക്കാനാണ് കള്ളക്കണക്കുകൾ പടച്ചുവിടുന്നതെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തമിഴ് വിതരണക്കാർ പരസ്യമായി രംഗത്തെത്തിയിരുന്നു. വിജയ് ചിത്രം ഭൈരവയെക്കുറിച്ചായിരുന്നു കൂടുതൽ പരാതി ഉയർന്നത്. 

റിലീസിനെത്തി മൂന്നുദിവസം കൊണ്ട് നൂറുകോടി ക്ലബിൽ ഇടംപിടിച്ച ചിത്രമെന്നായിരുന്നു ഭൈരവയുടെ അണിയറപ്രവർത്തകർ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇത് തെറ്റായ പ്രചരണമായിരുന്നെന്ന് വിതരണക്കാർ തറപ്പിച്ചുപറയുന്നു. 

70 കോടി ബഡ്ജറ്റിൽ പുറത്തിറക്കിയ സിനിമ 55 കോടി രൂപയ്ക്കാണ് വിതരണക്കാർ വിതരണം ഏറ്റെടുത്തത്. എന്നാൽ ചിത്രം കനത്ത നഷ്ടമായിരുന്നെന്നും 14 കോടിയാണ് നഷ്ടമുണ്ടാക്കിയതെന്നും വിതരണക്കാർ പറഞ്ഞു. വിജയ്‌യുടെ ചിത്രങ്ങൾ ഭാവിയിൽ ഏറ്റെടുക്കണമെങ്കിൽ ഈ പതിനാലുകോടിയുടെ നഷ്ടം വിജയ് തന്നെ നികത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഭൈരവ സിനിമയുടെ നഷ്ടം നികത്താന്‍ കഴുത്തിലുള്ള സ്വര്‍ണമാല വില്‍ക്കേണ്ട ഗതികേടിലാണ് താനെന്നാണ് വിതരണക്കാരൻ തിരുപ്പൂര്‍ സുബ്രഹ്മണ്യൻ ആരോപിച്ചത്‍. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് സംവിധായകനും നായിക കീർത്തി സുരേഷിനും ഉള്‍പ്പെടെ സ്വര്‍ണ്ണച്ചെയിനും മാലയും സമ്മാനമായി നല്‍കിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു സുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം.

‘കൊയമ്പത്തൂരിലെ വിതരണക്കാരനാണ് ഞാന്‍. എന്റെ 1.64 കോടി രൂപയാണ് സിനിമ മൂലം നഷ്ടമായത്. സിനിമ വിജയിച്ചുവെന്ന് കാണിച്ച് നായകനായ വിജയ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വര്‍ണ ചെയിന്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ഞാനിന്ന് സാമ്പത്തിക ബാധ്യത കാരണം സ്വന്തം മാല വില്‍ക്കേണ്ട അവസ്ഥയിലാണ്. ഇത് ദുഃഖകരമാണ്. ഇതൊന്നും വിജയിനെപ്പോലെയുള്ള ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. തിരുപ്പൂര്‍ സുബ്രഹ്മണ്യം പറഞ്ഞു.

ഒരു സിനിമയുടെ പരാജയം വലിയ വിജയമായി കൊണ്ടാടുന്ന ഏക ഇൻഡസ്ട്രി കോളിവുഡ് മാത്രമായിരിക്കുമെന്നും സുബ്രഹ്മണ്യൻ പറയുന്നു. ചില സിനിമകൾ നൂറു കോടി കടക്കുന്നുവെന്ന് പറയുന്നു. നടൻ സംവിധായകന് കാർ മേടിച്ച് കൊടുക്കുന്നു, മറ്റു ചിലർ സ്വർണ ചെയ്ൻ കൊടുക്കുന്നു. നടന്മാരും നിർമാതക്കളും ചേര്‍ന്ന് മറ്റുള്ളവരെ പറ്റിക്കുകയാണ്. ബോക്സ്ഓഫീസിൽ വ്യാജ കണക്കുകൾ കാട്ടുന്നു, വ്യാജ പോസ്റ്റർ അടിക്കുന്നു. ഒരു സിനിമ പുറത്തിറങ്ങി നഷ്ടത്തിലായാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് പലിശയ്ക്ക് പൈസ വാങ്ങി സിനിമ വിതരത്തിനെക്കുന്ന വിതരണക്കാരനെയാണ്. 

ഭൈരവ മാത്രമല്ല തമിഴിൽ ഈ അടുത്തിടെ ഇറങ്ങിയ സൂപ്പര്‍ഹിറ്റുകളെന്ന് അവകാശപ്പെടുന്ന പല സിനിമകളും നഷ്ടമായിരുന്നെന്ന് കഴിഞ്ഞ ദിവസം വിതരണക്കാർ വെളിപ്പെടുത്തിയിരുന്നു. രജനീകാന്ത് ചിത്രം കബാലി, ധനുഷ് ചിത്രം തൊടാരി, റെമോ, കത്തി സണ്ഡൈ, ഭൈരവാ, സിങ്കം 3, ബോഗൻ എന്നീ ചിത്രങ്ങൾ പരാജയമായിരുന്നെന്നാണ് സംസാരം.

സിനിമയുടെ നിർമാതാക്കൾ കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് ഇവരെ പ്രകോകിപ്പിച്ചത്. മാത്രമല്ല ഇതേ സിനിമകൾ നൂറുകോടി കടന്നെന്നാണ് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ നഷ്ടം വരുന്നത് ചിത്രം വലിയ തുകയ്ക്ക് വിതരണത്തിനെടുക്കുന്ന വിതരണക്കാർക്കും. സൂപ്പർതാരസിനിമകൾ നൂറും ഇരുന്നൂറും കോടി കടന്നുവെന്ന് പ്രചരിപ്പിച്ച് അടുത്ത പ്രോജ്ക്ടുകളും കോടികൾ മുടക്കി എടുത്ത് കോടികളുടെ തുകയ്ക്ക് വിതരണത്തിനെത്തിക്കുകയാണ് ഇവരുടെ പദ്ധതി. എന്നാൽ ഇതിൽ ചില ചിത്രങ്ങൾ വലിയ പരാജയമായി തീരുന്നു. പരാജയപ്പെട്ട സിനിമകള്‍ നൂറു കോടി കടന്നുെവന്ന പ്രചരണംനടത്തുന്നതിലൂടെയും തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിയ്ക്കുന്നുള്ളൂ എന്നാണ് വിതരണക്കാര്‍ പറയുന്നത്.