Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പ, അവരോട് ക്ഷമിച്ചേക്കൂ; കേസിന്റെ അവസാനം ധനുഷ് പറഞ്ഞത്

kasthuriraja

മകനെതിരായ കേസ് തള്ളിപ്പോയതിൽ തനിക്കും കുടുംബത്തിനും അതിയായ സന്തോഷമുണ്ടെന്ന് തമിഴ് സംവിധായകനും ധനുഷിന്റെ പിതാവുമായ കസ്തൂരിരാജ. എല്ലാം അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതിനാല്‍ തങ്ങള്‍ ഒരിക്കലും ആകുലപ്പെട്ടില്ലെന്നും എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന് വിചാരിച്ചാണ് നിശബ്ദരായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തുടക്കത്തില്‍ ഈ കേസ് ഞങ്ങളെ വിഷമിപ്പിച്ചിരുന്നില്ല. കാരണം സത്യം ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ യാതൊരു തെറ്റും ചെയ്യാതെ ധനുഷിന് നേരിടേണ്ടി വന്ന പ്രതിസന്ധിയാണ് എന്നെ ദുഖിപ്പിച്ചത്. ഇത്രയും വിവാദത്തില്‍ തന്നെ വീട്ടില്‍ സമാധാനത്തേടെയും ശാന്തമായും ഇരിക്കാന്‍ തുണച്ചത് ധനുഷ് തന്നെയാണ്. അവരോട് ക്ഷമിക്കാനാണ് അവന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്.

'അപ്പ, അവരോട് ക്ഷമിച്ചേക്കൂ' എന്നാണ് ധനുഷ് എപ്പോഴും ഞങ്ങളോട് പറ​ഞ്ഞു കൊണ്ടിരുന്നത്. അവനെപ്പോലുള്ള മക്കളാണ് യഥാര്‍ത്ഥത്തില്‍ മാതാപിതാക്കളുടെ ശക്തി. കസ്തൂരി രാജ പറഞ്ഞു. പക്ഷേ അവന്‍ കോടതിയില്‍ നില്‍ക്കുന്നത് കാണുന്നത് തന്നെ സങ്കടകരമായിരുന്നു. തന്റേതല്ലാത്ത തെറ്റിന് ഇത്തരം ഒരു സാഹചര്യത്തിലേക്ക് അവന്‍ വലിച്ചിഴയ്ക്കപ്പെടുന്നത് പിതാവിനെ സംബന്ധിച്ചിടത്തോളം തകര്‍ന്നുപോകുന്നതിന് തുല്യമായിരുന്നു. രണ്ടു മക്കള്‍ തന്റെ രണ്ടു തൂണാണ്. 

ലോകത്തിന് സത്യമറിയാം ഇപ്പോള്‍ നീതിന്യായം അതിന് തെളിവുമായി. എന്നാലും മറ്റൊരാളുടെ ഇടത്തേക്ക് അതിക്രമിച്ച് കയറുന്നതിന് ഒരു പരിധിയുണ്ടല്ലോ എന്നും പറയുന്നു. ഞങ്ങളുടെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ട്. പൂര്‍ണമായും നിയമത്തില്‍ വിശ്വസിച്ചു. സത്യം ജയിച്ചു. ഇനി അവര്‍ സുപ്രീം കോടതിയില്‍ പോയാലും ഞങ്ങള്‍ തന്നെ വിജയിക്കും. കസ്തൂരി രാജ പറഞ്ഞു.

മധുര സ്വദേശികളായ മലാംപട്ടയിലുള്ള കതിരേശൻ – മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്ന് അവകാശപ്പെട്ടു ഹർജി നൽകിയത്. തുടർന്ന് രണ്ടുമാസത്തോളം നീണ്ട വിചാരണയുടെ അവസാനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഹർജി തള്ളി. കേസ് തള്ളണം എന്നാവശ്യപ്പെട്ടു ധനുഷും ഹർജി നൽകിയിരുന്നു.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ദമ്പതിമാർ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടിൽ കറുത്ത അടയാളവും തോളെല്ലിൽ കാക്കപ്പുള്ളിയുമുണ്ടെന്നുമാണു ദമ്പതികൾ ഹാജരാക്കിയ സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ പരിശോധനയിൽ ഈ അടയാളങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണു ഹർജി തള്ളാൻ കോടതി തീരുമാനിച്ചത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നായിരുന്നു വാദം. ആവശ്യമെങ്കിൽ ഡിഎന്‍എ ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു. 

സ്കൂളിൽ പഠിക്കുമ്പോള്‍ നാടുവിട്ടുപോയ തങ്ങളുടെ മകന്‍ കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. 

ധനുഷിന്റെ ഇടത് തോളിൽ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോടതയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. ടോർച്ച് ഉപയോഗിച്ച് അടച്ച മുറിയിലും പകൽവെളിച്ചത്തിലും ശരീരം പരിശോധിച്ചു. എന്നിട്ടും അടയാളങ്ങൾ കണ്ടെത്താനായില്ല.

ലേസർ ടെക്നിക്ക് വഴി മറുകു മായിച്ചു കളയാമെന്നാണ് ഇവർ അവകാശപ്പെടുന്നത്. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു. അവിടെയും ധനുഷിന് അനുകൂലമായിരുന്നു വിധി.

കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു.ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കതിരേശന്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. ധനുഷ് കോടതിയിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് തെറ്റാണെന്നും മധുരയിലാണ് ധനുഷ് ജനിച്ചതെന്നും ഇവർ ആരോപിച്ചു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. കൂടാതെ തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും അധ്യാപകരും തെളിവുമായി തങ്ങളെ സഹായിക്കാൻ ഉണ്ടെന്നും ഇവർ പറഞ്ഞു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടു. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കി. 

2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.