Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിക്രം വേദ’ പൂർത്തിയായത് 4 വർഷംകൊണ്ട്; പുഷ്കർ-ഗായത്രി അഭിമുഖം

gayathri-pushkar

ഭാര്യയും ഭർത്താവുമല്ലേ, എപ്പോൾ ഏതു കാര്യത്തിനാണ് അടികൂടുക എന്നാണ് ആദ്യദിവസം മുതൽ ചിന്തിച്ചത്. ഞങ്ങൾക്കു നിരാശയായിരുന്നു. അങ്ങനെയൊന്നു സംഭവിച്ചതേയില്ല. പുഷ്കർ-ഗായത്രി രണ്ടല്ല, ഒന്നാണ്. – മാധവൻ (‘വിക്രം വേദ’യുടെ ചിത്രീകരണത്തെക്കുറിച്ച്) 

കിടപ്പുമുറിയിലോ അടുക്കളയിലോ കയറിവരാം ആ ട്വിസ്റ്റ്. രാത്രിയിലോ പുലർച്ചെയോ ആകാം. ഏത് അസമയത്തായാലും അവർ ഒന്നിച്ചിരുന്നു ചർച്ച ചെയ്യും. കഥയിലെ ആ തീപ്പൊരി അണയാതെ കടലാസിലേക്കു പകർത്തും. വീട്ടിൽ പിറക്കുന്ന ഒരു സിനിമയുടെ വഴികൾ ഇങ്ങനെ. ഈ ചലച്ചിത്ര ദമ്പതികളുടെ പേര് പുഷ്കർ - ഗായത്രി. നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഏറ്റുവാങ്ങിയ തമിഴ് ആക്‌ഷൻ ത്രില്ലർ ‘വിക്രം വേദ’യുടെ സംവിധായകർ.

സിനിമകൾ

പരസ്യ ചിത്രങ്ങളിൽ നിന്നാണു തുടക്കം. പത്തു വർഷത്തിനിടെ പുഷ്കറും ഗായത്രിയും ചേർന്നു കഥയെഴുതി സംവിധാനം ചെയ്തതു മൂന്നു സിനിമകൾ; മൂന്നും ഹിറ്റ് - ഓരം പോ (2007), വ – ക്വാർട്ടർ കട്ടിങ് (2010), വിക്രം വേദ. ചെന്നൈ നഗരത്തിന്റെ രസക്കൂട്ടുകൾ നിറഞ്ഞ സ്ട്രീറ്റ് കോമഡിയായിരുന്നു ആദ്യ രണ്ടു സിനിമകളും. 

vikram-vedha-movie-1

വിക്രം വേദ

പൊലീസ് ഓഫിസറും ഗാങ്സ്റ്ററും നേർക്കുനേർ വരുന്ന കഥ. അവതരണത്തിലെ പുതുമയിലാണു മികവ്. വിക്രമാദിത്യൻ - വേതാളം കഥയെ ഓർമിപ്പിച്ച് ഓരോ തവണയും ധർമത്തെയും നീതിയെയും കുറിച്ചുള്ള ഒരു ചോദ്യവുമായി പൊലീസ് ഓഫിസറെ നേരിടുന്ന ഗുണ്ടാത്തലവൻ. ക്ലൈമാക്സ് വരെ നീളുന്ന സസ്പെൻസ്. എല്ലാത്തിലുമുപരി മാധവന്റെയും വിജയ് സേതുപതിയുടെയും ഉജ്വലമായ അഭിനയ മൽസരം. 

കൂട്ടുകെട്ട്

ചെന്നൈ ലയോള കോളജിലെ പഠനകാലത്തു തുടങ്ങി ജീവിതത്തിലേക്കു കൈപിടിച്ച സൗഹൃദമാണു പുഷ്കർ – ഗായത്രി ദമ്പതിമാരുടേത്. സിനിമയോടും വായനയോടും ഒരുപോലുള്ള ഇഷ്ടം. ഒരേ ആശയം ഒരേ ആവേശത്തോടെ പങ്കിടുന്ന പൊരുത്തം. സിനിമാ ഗൗരവങ്ങൾക്കു പകരം സദാ നിറയുന്ന പൊട്ടിച്ചിരിയുടെ ഊഷ്മളത. 

vikram-vedha-movie-4

സംവിധാനം

വീട്ടിൽ നിന്നു തുടങ്ങുന്ന സിനിമയിൽ വീട്ടുജോലികൾ പോലെത്തന്നെ  ഭാര്യക്കും ഭർത്താവിനും തുല്യപങ്ക്. കഥയും എഴുത്തും യാത്രയും ചർച്ചകളും സംവിധാനവുമെല്ലാം ഒന്നിച്ച്. അഭിമുഖങ്ങളിൽപോലും കാണാം ഈ സ്വരച്ചേർച്ച. ചിന്തകളിലെ സാമ്യവും പരസ്പര ബഹുമാനവുമാകും, ഒരാൾക്കു മറ്റെയാളുടെ കഴിവിനെക്കുറിച്ചു സംശയങ്ങളേയില്ല.

vikram-vedha-movie-2

ഇടവേള

ഹിറ്റ് സംവിധായകരായിട്ടും പത്തു വർഷത്തിനിടെ മൂന്നു ചിത്രങ്ങൾ മാത്രം. ആത്മവിശ്വാസം തോന്നിയാൽ മാത്രം അടുത്ത സിനിമയെക്കുറിച്ച് ആലോചിക്കുന്ന രീതിയാണു കാരണം. എഴുത്തും കാരക്ടർ പഠനവുമുൾപ്പെടെ ‘വിക്രം വേദ’യുടെ തയാറെടുപ്പുകൾക്കു മാത്രം ചെലവഴിച്ചതു നാലുവർഷം. എല്ലാം തികഞ്ഞ ‘ബൗണ്ട് സ്ക്രിപ്റ്റു’മായിട്ടേ ചിത്രീകരണത്തിലേക്കു കടക്കാറുള്ളൂ.