Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’ക്കും മേലേ ‘മെർസൽ’

mersal-vijay

വിസ്മയിപ്പിക്കുക എന്നർഥം വരുന്ന ‘മെർസൽ’ എന്ന വാക്ക് ഹിറ്റായത് ഷങ്കറിന്റെ ‘ഐ’യിലെ ഗാനത്തിലൂടെയാണ്. അതിൽ നായകൻ നായികയെ നോക്കിയാണ് ‘മെർസലായിട്ടേൻ..’ എന്നു പാടിയതെങ്കിൽ ഇക്കുറി ആരാധകരെ മുഴുവൻ വിസ്മയിപ്പിക്കാൻ ദളപതി എത്തുകയാണ്, യഥാർഥ ദീപാവലി മെർസലുമായി. 

അറ്റ്ലീ എന്ന വിജയ് ഫാൻ 

അഭിനയ ജീവിതത്തിന്റെ 25-ാം വർഷത്തിൽ വിജയും സംഗീത ജീവിതത്തിന്റെ 25-ാം വർഷത്തിൽ എ.ആർ.റഹ്മാനും ഒന്നിക്കുന്ന ആഘോഷമാണു ‘മെർസൽ’. കാൽനൂറ്റാണ്ടു കുറിക്കുന്ന ചിത്രമാണെങ്കിലും ആദ്യചിത്രം പോലെത്തന്നെ ആകാംക്ഷ തോന്നുന്നു എന്നാണു മെർസൽ അനുഭവത്തെക്കുറിച്ച് വിജയ് പ്രതികരിച്ചത്. ‘ഒരു വിജയ് ഫാൻ ഒരുക്കുന്ന ഏറ്റവും മാസ് ആയ വിജയ് ചിത്രം’ എന്ന് സംവിധായകൻ അറ്റ്ലീ ഇതിന് അനുബന്ധം ചേർക്കുന്നതോടെ ചിത്രം തെറിയേക്കാൾ തീപ്പൊരി ചിതറുമെന്നു തന്നെയാണു പ്രതീക്ഷ. 

കാണാം, മജീഷ്യൻ വിജയിനെ 

ചിത്രത്തിൽ മൂന്നു വിജയ് ഉണ്ടോ എന്ന ആരാധകരുടെ നിരന്തരമായ അന്വേഷണത്തിന് അറ്റ്ലീ സസ്പെൻസ് നിലനിർത്തി മറുപടി നൽകുന്നത് ഇങ്ങനെ: ‘തെറി ഇറങ്ങുന്നതിനു മുൻപും ഇതുപോലെ സംശയങ്ങളുണ്ടായിരുന്നു. മെർസലിൽ എന്തായാലും മൂന്നു ഗെറ്റപ്പിൽ അദ്ദേഹത്തെ കാണാം. ബാക്കിയെല്ലാം സ്ക്രീനിൽ..’ മജീഷ്യനായും മധുരൈ വീരനായും ഡോക്ടറായും ചിത്രത്തിൽ വിജയ് എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര മജീഷ്യരായ ഗൊഗൊ റക്വീം, രമൻ ശർമ, ഡോണി ബെന്നറ്റ് എന്നിവരിൽ നിന്ന് പരിശീലിച്ച വിജയിന്റെ മാജിക് വിരുതുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 

രാഷ്ട്രീയം പറയുമോ? 

പ്രതികാര കഥ പറയുന്ന ചിത്രത്തിലെ കാര്യമായി പുറത്തുവിടാത്ത വിവരങ്ങൾ ജെല്ലിക്കട്ട് സംബന്ധിച്ചുള്ളതാണെന്നാണു സൂചന. തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച ജെല്ലിക്കട്ട് പ്രക്ഷോഭത്തിന്റെ ആവേശം തമിഴ് പാരമ്പര്യത്തിന്റെയും സാംസ്കാരിക പെരുമയുടെയും അടയാളപ്പെടുത്തലായി സ്ക്രീനിലേക്കും പകരുകയാണ്. രാഷ്ട്രീയ മാനങ്ങളുള്ള ചില ഡയലോഗുകളും ചിത്രം കരുതിവെച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ആരാധകരുടെ ഊർജം’ പ്രയോജനപ്പെടുത്തണമെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എസ്.ജെ. സൂര്യ അഭ്യർഥിച്ചത് വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന താൽപര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു. 

ആദ്യജയം കോടതിയിൽ 

സമീപവർഷങ്ങളിൽ ഏതു വിജയ് സിനിമ റിലീസ് ചെയ്യുന്നതിനു മുൻപും തിയേറ്റർ സമരം, വിതരണ തർക്കം, കോടതി നടപടികൾ എന്നിങ്ങനെ തടസ്സങ്ങൾ പതിവാകുന്നതിനു പിന്നിൽ സിനിമാരംഗത്തെ രാഷ്ട്രീയമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. തുപ്പാക്കിയും തലൈവയും തെറിയും പുലിയും ഭൈരവയുമെല്ലാം ഈ നീക്കങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്തായാലും മെർസൽ എന്ന പേരിനെച്ചൊല്ലി സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചവരെ പരാജയപ്പെടുത്തി പതിവുപോലെ ഈ വിജയ് ചിത്രത്തിന്റെയും ആദ്യജയം കോടതിയിലാണ്. 

ഇതു ചരിത്ര പങ്കാളിത്തം 

ആരാധകർ എത്രത്തോളം കാത്തിരിക്കുന്ന ചിത്രമാണ് ‘മെർസൽ’ എന്നതിന് ഏറ്റവും വലിയ തെളിവാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയിൽ എത്തിയ ജനക്കൂട്ടം. ഒരു തമിഴ് സിനിമയുടെയും പ്രൊമോഷൻ ചടങ്ങിന് സമീപകാലത്ത് ഇത്തരത്തിലൊരു ജനപങ്കാളിത്തം ഉണ്ടായിട്ടില്ല. വിജയ് എന്ന പേര് പരാമർശിച്ചപ്പോഴെല്ലാം ഇളകിമറിഞ്ഞ ആരാധകരെക്കണ്ട് ധനുഷും പാർഥിപനും എസ്.ജെ. സൂര്യയുമെല്ലാം അക്ഷരാർഥത്തിൽ സ്തബ്ധരായി. ആരാധകരുടെ കയ്യടിയും ആർപ്പുവിളികളും തീർന്ന് പ്രസംഗം തുടങ്ങാൻ വിജയ് തന്നെ ക്ഷമയോടെ ഏറെനേരം വേദിയിൽ കാത്തുനിന്നു. 

mersal

പ്രതിസന്ധി പുത്തരിയല്ല 

പൊതുവെ ശാന്തനായ വിജയ്, സ്വന്തം സിനിമയുടെ ക്ലൈമാക്സിലെന്ന പോലെ ചിലകാര്യങ്ങൾ തുറന്നുപറയാനും ഈ വേദി പ്രയോജനപ്പെടുത്തി. പ്രതിസന്ധികൾ തന്റെ കരിയറിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, നെഗറ്റീവിറ്റിയെ അവഗണിക്കുകയാണു തന്റെ രീതിയെന്നു വ്യക്തമാക്കി. ഇത്രയും കാലത്തെ അഭിനയ ജീവിതം പകർന്ന അനുഭവം രണ്ടു വരികളിലേക്ക് വിജയ് ചുരുക്കിയതിങ്ങനെ: ‘രണ്ടു കാര്യങ്ങളാണ് ഒരു വ്യക്തിയെ നിർവചിക്കുന്നത്. your determination when you are nothing, Your attitude when you have everything’. 

ബാഹുബലിക്കു ശേഷം 

വിജയ് നായകവേഷത്തിലെത്തുന്ന 61-ാം ചിത്രമാണെങ്കിലും കരിയറിലെ ഏറ്റവും വലിയ ചിത്രം തന്നെയാണു ‘മെർസൽ’. 130 കോടി ബജറ്റിനെ സാധൂകരിക്കുന്നതാണ് ഇതിനകം പുറത്തുവന്ന ടീസറിലെ ദൃശ്യങ്ങൾ. എസ്.ജെ. സൂര്യ വ്യത്യസ്തമായ പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിൽ സാമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ എന്നീ നായികമാരുണ്ട്. മലയാളത്തിൽ നിന്ന് ഹരീഷ് പേരാടിയും ചിത്രത്തിലുണ്ട്. ബാഹുബലി, ബജ്റംഗി ഭായിജാൻ തുടങ്ങിയ 100 കോടി ചിത്രങ്ങൾക്ക് കഥയൊരുക്കിയ, സംവിധായകൻ രാജമൗലിയുടെ പിതാവുകൂടിയായ കെ.വി. വിജയേന്ദ്ര പ്രസാദ് തന്നെയാണ് മെർസലിന്റെയും രചയിതാക്കളിൽ ഒരാൾ. എ.ആർ. റഹ്മാന്റെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ഈണങ്ങൾ മെർസലിന്റെ മാറ്റുകൂട്ടുന്നു. പ്രമുഖ നിർമാണ കമ്പനി തേനണ്ടാൾ ഫിലിംസിന്റെ 100–ാം ചിത്രമെന്ന നിലയിലും ‘മെർസൽ’ തമിഴ് സിനിമാ ചരിത്രത്തിൽ ഇടംനേടുന്നു. 

mersal-teaser

വരവേറ്റ് മലയാളി ആരാധകർ 

മലയാളത്തിലെ ഏതു സൂപ്പർ താരത്തെയും അസൂയപ്പെടുത്തുന്ന ആരാധകവൃന്ദമാണ് വിജയിന് കേരളത്തിലുള്ളത്. ‘മെർസൽ’ വെടിക്കെട്ട് ആഘോഷമാക്കാൻ കേരളത്തിലെ ആരാധകർ നടത്തുന്ന ഒരുക്കങ്ങളും ഒരു മലയാളം റിലീസിന് ലഭിക്കുന്ന വരവേൽപിന് അപ്പുറമാണ്. കട്ടൗട്ടുകളും റോഡ് ഷോകളുമായി ‘മെർസൽ’ ഇതിനകം കേരളത്തിലും തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ഫാൻസ് ഷോകളുടെ എണ്ണത്തിലും ചിത്രം റെക്കോഡിനുള്ള ഒരുക്കത്തിലാണ്.