Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാടിന്റെ ‘തല’ ജയയുടെ പിന്‍ഗാമി ആകുമോ?

ajith-jaya

ആരായിരിക്കും ജയലളിതയുടെ പിന്‍ഗാമി എന്നതാണ് തമിഴകത്തിന്റെ അകത്തും പുറത്തും പ്രധാനചർച്ച. തമിഴകത്തിന്റെ ‘തല’ അജിത് കുമാറിന്റെ പേരാണ് ഇതിൽ ഉയർന്ന് കേൾക്കുന്നത്. അമ്മയ്ക്കു പ്രിയപ്പെട്ട അജിത് ആകും ആ സ്ഥാനത്തെത്തുക എന്ന ശ്രുതി പണ്ടേയുണ്ട്.

സിനിമയിൽ ജയലളിത അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ചുരുക്കം നില നടന്മാരിൽ ഒരാളാണ് അജിത്ത്. സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെ ജയലളിത വഹിച്ച മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്ന് അഭിപ്രായം പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നു. എം ജി ആര്‍ അന്തരിച്ചപ്പോള്‍ അടുത്ത നേതാവായി ഉയര്‍ന്നുവരാന്‍ ജയലളിതയ്ക്ക് അവരുടെ താരപദവി ഗുണം ചെയ്തിരുന്നു. അതേ സാഹചര്യം ഇപ്പോള്‍ അജിത്തിന്‍റെ കാര്യത്തിലുമുണ്ട്.

എം ജി ആര്‍ കേരളത്തിലെ നായര്‍ കുടുംബത്തില്‍ നിന്നായിരുന്നു എങ്കില്‍ ജയലളിത കര്‍ണാടകയില്‍ നിന്നുള്ള തമിഴ് ബ്രാഹ്‌മണ കുടുംബാംഗമായിരുന്നു. അജിത് ആകട്ടെ, ആന്ധ്രയില്‍ വേരുകളുള്ള തമിഴ് ബ്രാഹ്‌മണനാണ്. സിന്ധിയില്‍ നിന്നാണ് അജിത്തിന്‍റെ അമ്മ.

ajith-jaya1

പാര്‍ട്ടിയിലെ ഏകാധിപതിയെ പോലെ ആയിരുന്ന ജയലളിതയ്ക്ക് താഴെ പറയത്തക്ക രണ്ടാം നിര നേതാക്കള്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. അജിത്ത് ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുത്തേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയമേഖലയിൽ മുൻപരിചയമില്ലാത്തതാണ് അജിത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ പാർട്ടി ഒരു ഓഫർ നൽകിയാലും അജിത് അത് സ്നേഹപൂർവ്വം ഒഴിവാക്കാനും സാധ്യതയുണ്ട്.

അജിത്ത് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് തമിഴ് മാധ്യമങ്ങളും ചില ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജയലളിത തന്റെ വില്‍പത്രത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങൾ. സിനിമാ മേഖലയില്‍ നിന്നുളള വ്യക്തി തന്നെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തണമെന്ന് പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ajith-jaya3

സിക്സ് പായ്ക്കോ എയിറ്റ് പായ്ക്കോ ഇല്ലെങ്കിലും, ചറപറയുള്ള പഞ്ച് ഡയലോഗുകളോ, ത്രസിപ്പിക്കുന്ന ആക്ഷനോ അത്ര കണ്ട് ഇല്ലെങ്കിലും നര കയറിയ ആ തലയോടും നിഷ്കളങ്കമായ പുഞ്ചിരിയോടും വാലും തലയുമില്ലാത്ത ഒരു പ്രത്യേക സ്നേഹം ആരാധകർക്കുണ്ട്.

മോട്ടോർ മെക്കാനിക്കായി ജീവിതം തുടങ്ങി, സഹനട വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി ഒടുവിൽ അവിടെ മുടിചൂടാമന്നനായ അജിത് കുമാർ. ഫോർമുലാ വൺ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ഒരേയൊരു ഇന്ത്യൻ ചലച്ചിത്ര താരം. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാലിനിയുടെ ഭർത്താവ്.

1995—ൽ ആരംഭിച്ച അഭിനയ സപര്യ 54 ചിത്രങ്ങൾ പിന്നിട്ട് 55—ാമത്തേതിൽ എത്തി നിൽക്കുമ്പോൾ ആരാധകർക്ക് ‘തല’ വെറും ഒരു താരമല്ല. മറിച്ച് അവരിലൊരാളാണ്. താരജാടകളേതുമില്ലാത്ത താരങ്ങളിൽ താരം. ഒരു ഫെയ്സ്ബുക്ക് പേജോ, വെബ്സൈറ്റോ പോലുമില്ലെങ്കിലും സോഷ്യൽ മീഡിയകളിലും ‘തല’ പൊങ്ങിത്തന്നെ നിൽക്കുന്നു.

ഇൗ ഇഷ്ടത്തിനു അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളില്ല. രജനി ഫാൻസും, വിജയ് ഫാൻസും അങ്ങനെ ആരാധകർ പലവിധമുണ്ടെങ്കിലും ഇവർക്കെല്ലാം തലയെ ഇഷ്ടമാണ്. ‘തല’യെ ആരാധകർ നെഞ്ചിലേറ്റി സ്നേഹിക്കുമ്പോൾ അത് ഒരു സിനിമാതാരത്തോടുള്ള അന്ധമായ ആരാധനയല്ല. മറിച്ച് അജിത് കുമാർ എന്ന പച്ചമനുഷ്യനോടുള്ള ബഹുമാനമാണ്. അതിനാൽ അമ്മയുടെ പിന്‍ഗാമിയായി അജിത്ത് കടന്നുവന്നാലും ജനങ്ങൾക്കിടയിൽ അതുമൂലം വലിയ എതിർപ്പ് ഉണ്ടാകാന്‍ ഇടയില്ല. തീരുമാനം കാത്തിരുന്ന് കാണാം.

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്

Your Rating: