Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാർ ഇന്ത കബാലി പൊണ്ണ് ?

dhansika

സൂപ്പർ സ്റ്റാർ ചിത്രങ്ങളുടെ പതിവ് ത്രിൽ ‘കബാലി’യിൽ ഇല്ലെന്നു പരിതപിക്കുന്ന തീവ്ര രജനി രസികർകളും ഒരുകാര്യം തലകുലുക്കി സമ്മതിക്കും, ‘കബാലി പൊണ്ണ് സൂപ്പർ..’ കബാലി ഇറങ്ങുന്നതിനു മുൻപ് രജനിയുടെ ഗെറ്റപ്പുകളെക്കുറിച്ചായിരുന്നു എങ്ങും സംസാരമെങ്കിൽ ചിത്രം റിലീസ് ചെയ്ത ശേഷം ഏറ്റവുമധികം അന്വേഷണം നടന്നത് രജനിയുടെ രക്ഷകയായി ചിത്രത്തിലെ സർപ്രൈസ് കഥാപാത്രത്തെ അവതരിപ്പിച്ച നീണ്ടുമെലിഞ്ഞ സുന്ദരി ആരെന്നതിനെക്കുറിച്ചാണ്.

ഇതു താൻ ധൻസിക

‘അറവാൻ’, ‘പരദേശി’ എന്നീ ചിത്രങ്ങളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയായ ധൻസികയാണ് തകർപ്പൻ മേക്കോവറിലൂടെ കബാലിയുടെ ആരാധകരെ തട്ടിയെടുത്തത്. ഫൈറ്റ് രംഗങ്ങളിൽ രജനീകാന്ത് ശാരീരികാധ്വാനം കുറച്ച്, ഗൺ പ്രയോഗങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ ആ കുറവ് നികത്തുംവിധം സൂപ്പർ സ്റ്റാറിനും മേലെ നിറഞ്ഞാടിയ ഈ നടിയുടെ പ്രകടനം കയ്യടിയോടെയാണ് തിയറ്ററുകളിൽ സ്വീകരിക്കപ്പെടുന്നത്. പടയപ്പയിലെ നീലാംബരിയിലൂടെ രമ്യാ കൃഷ്ണൻ സ്വന്തമാക്കിയതുപോലൊരു സ്വപ്നതുല്യ സ്വീകാര്യതയാണ് സൂപ്പർ സ്റ്റാറിന്റെ തോൾ ചേർന്നു നിൽക്കുന്ന ഉശിരൻ കഥാപാത്രത്തിലൂടെ ഈ യുവനടിയും നേടുന്നത്.

rajini-dhansika

ദീപികയല്ല, ആഞ്ജലീന

ഉയരത്തിന്റെ കാര്യത്തിൽ മറ്റു നായികമാരെ തോൽപിക്കുന്ന ധൻസികയുടെ ഏറ്റവും വലിയ പ്ലസ് അത്‌ലറ്റിക് ലുക് ആണ്. നേരത്തേ തന്നെ തമിഴിലെ ദീപിക പദുക്കോൺ എന്നു വിളിക്കപ്പെട്ട ധൻസിക, കബാലിയിലെ യോഗി എന്ന കഥാപാത്രത്തിനായി ഭംഗിയുള്ള നീണ്ട മുടി മുറിച്ച് ഷോർട് ഹെയർ സ്റ്റൈലോടു കൂടിയ ടോം ബോയിഷ് അപ്പിയറൻസ് സ്വീകരിച്ചതോടെ കോളിവുഡിലെ ആഞ്ജലീന ജൂലി എന്ന പുതിയ വിശേഷണം കൂടി നേടിയിരിക്കുന്നു. ആദ്യ ചിത്രമായ ‘പേരാൺമൈ’യിലും ആക്‌ഷൻ നായികയെയാണ് അവതരിപ്പിച്ചതെങ്കിലും കൂടുതൽ പ്രശസ്തി നൽകിയ ‘അറവാൻ’, ‘പരദേശി’ എന്നീ ചിത്രങ്ങളിൽ ഇരുണ്ട മേക്കപ്പിൽ തികച്ചും വ്യത്യസ്തമായ വേഷങ്ങളാണു ചെയ്തത്.

rajini-2

സ്വപ്നം പോലെ കബാലി

ഓഡിഷൻ കഴിഞ്ഞ് മൂന്നാം ദിവസം കബാലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി സംവിധായകൻ അറിയിച്ചെങ്കിലും സെറ്റിലെത്തി അഭിനയിച്ചു തുടങ്ങുന്നതു വരെ വിശ്വാസം വരാത്ത അവസ്ഥയിലായിരുന്നു ധൻസിക. അത്രയും കടുത്ത രജനി ആരാധികയാണെന്നതു തന്നെ കാരണം. വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ ലങ്കൻ വിഷയവുമായി ബന്ധപ്പെട്ട് താരങ്ങൾ നടത്തിയ ഉപവാസത്തിന്റെ വേദിയിൽ രജനീകാന്തിനെ ആദ്യമായി നേരിൽ കണ്ടപ്പോൾ പരിസരം മറന്ന് മുൻനിരയിലേക്ക് ഓടിച്ചെന്നതും വണങ്ങിയതും പ്രിയപ്പെട്ട നിമിഷമായി കരുതിയിരുന്ന ധൻസികയ്ക്ക് രജനിക്കൊപ്പം ക്യാമറയ്ക്കു മുന്നിൽ വരുന്നത് അതിമോഹം തന്നെയായിരുന്നു. കഥാപാത്രത്തിനായി വിഗ് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ മുടി മുറിക്കേണ്ടി വരുമെന്ന് സംവിധായകൻ പാ. രഞ്ജിത് ആദ്യമേ പറഞ്ഞിരുന്നു. പുതിയ ലുക്കിൽ അൽപം ആശങ്കയോടെ ലൊക്കേഷനിലെത്തിയപ്പോൾ ആദ്യ അഭിനന്ദനം തന്നെ രജനിയുടെ വകയായിരുന്നു. ‘ഭയങ്കരമാന സ്റ്റൈൽ’ എന്നു സാക്ഷാൽ സ്റ്റൈൽ മന്നന്റെ ആത്മവിശ്വാസം പകരുന്ന വാക്കുകൾ.

വാഗമണ്ണിലെ ഫൈറ്റ് സീൻ

പഠനകാലത്ത് ഫുട്ബോളിലും വോളിബോളിലും തിളങ്ങിയിരുന്ന ധൻസികയ്ക്ക് ഡാൻസിനേക്കാൾ പ്രിയം ജിംനാസ്റ്റിക്സ് ആണ്. ആദ്യചിത്രമായ ‘പേരാൺമൈ’ക്കു വേണ്ടി നീന്തലും പഠിച്ചു. യോഗയിലും പ്രാവീണ്യം നേടിയിട്ടുള്ള ധൻസിക ഫിറ്റ്നസിൽ പുലർത്തുന്ന ശ്രദ്ധയാണ് ആക്‌ഷൻ രംഗങ്ങളിൽ ഇത്രത്തോളം മെയ്‌വഴക്കവും സ്വാഭാവികതയും സമ്മാനിക്കുന്നത്.
സിനിമയിൽ ഫൈറ്റ് രംഗങ്ങളിൽ കയ്യടി നേടുന്ന ധൻസിക യഥാർഥ ജീവിതത്തിൽ എല്ലാവരെയും സ്തബ്ധരാക്കിയ ഒരു ഉഗ്രൻ ഫൈറ്റ് നടത്തിയത് കേരളത്തിൽവച്ചാണ്. വാഗമണ്ണിൽ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ കൊല്ലത്തു നിന്നുള്ള അധ്യാപകരടങ്ങിയ വിനോദസഞ്ചാരികളുടെ സംഘം മദ്യലഹരിയിൽ ബഹളമുണ്ടാക്കിയപ്പോഴായിരുന്നു അത്. ഒപ്പംനിന്നു ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയും ഫോട്ടോ എടുക്കുന്നതിനിടെ അപമര്യാദയായി പെരുമാറാൻ ശ്രമിക്കുകയും ചെയ്തവർ അന്ന് നടിയുടെ കൈക്കരുത്ത് അറിഞ്ഞു.

dhansika

കൈനിറയെ ചിത്രങ്ങൾ

സിനിമാ പാരമ്പര്യം ഏതുമില്ലാത്ത ധൻസികയെ ഒരു പൊതുചടങ്ങിൽ കണ്ടപ്പോഴാണ് 2007ൽ സംവിധായകൻ എസ്.പി. ജനനാഥൻ ‘പേരാൺമൈ’ എന്ന ചിത്രത്തിലെ നായികമാരിൽ ഒരാളാകാൻ ക്ഷണിച്ചത്. രണ്ടര വർഷത്തോളം അതിരപ്പിള്ളിയിലുൾപ്പെടെ കാട്ടിലും മലയിലുമെല്ലാമായിരുന്നു ചിത്രീകരണം. ജയം രവി നായകനായ ഈ ചിത്രത്തിലും സാഹസിക വേഷമായിരുന്നു. തുടർന്നു ചെയ്ത മാഞ്ചാ വേലു, തിറന്തിടു സീസേ, നിൽ ഗവനി സെല്ലാതേ, യായാ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വസന്തബാലന്റെ അറവാനും ബാലയുടെ പരദേശിയും അഭിനയ പഠനത്തിന്റെ ഏറ്റവും വലിയ കളരികളായി.

dhansika-1

പീരിയഡ് ചിത്രമായ അറവാനിലെ വനപ്പേച്ചി എന്ന കഥാപാത്രത്തെയും സ്വാതന്ത്യപൂർവ മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ കഥ പറയുന്ന പരദേശിയിൽ മരഗതം എന്ന കഥാപാത്രത്തെയും ആളെപ്പോലും തിരിച്ചറിയാൻ കഴിയാത്തവിധം അതിഗംഭീരമായാണ് ധൻസിക അവതരിപ്പിച്ചത്.

എന്നാൽ ഈ രണ്ടു ചിത്രങ്ങളും അവാർഡ് സിനിമകളിലെ നായികയെന്ന പേരു സമ്മാനിച്ചതോടെ ബോധപൂർവം വേറിട്ട ‌റോളുകൾക്കായുള്ള അന്വേഷണം തുടങ്ങി. റിലീസിനൊരുങ്ങുന്ന കോമഡി ചിത്രമായ വിഴിത്തിരു, റോഡ് മൂവി കാത്താടി, സമുദ്രക്കനിയുടെ കിത്‌ന, കാലക്കൂത്ത്, റാണി എന്നിവയിലെല്ലാം ഈ വ്യത്യസ്തത അനുഭവപ്പെടും. താമസിയാതെ മലയാളത്തിലും ധൻസിക അരങ്ങേറുമെന്നാണു സൂചന.  

Your Rating: