Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിയുടെ അഗ്നിപരീക്ഷ; ബാഹുബലിയല്ല കാഷ്മോര

kashmora-new

തമിഴിലെ സമീപകാലത്തെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണു ദീപാവലി റിലീസ് ചിത്രമായ കാഷ്മോര. ഫസ്റ്റ് ലുക് പോസ്റ്റർ മുതൽ ട്രെയിലർ വരെ ആകാംക്ഷ വർധിപ്പിക്കുമ്പോഴും ചിത്രത്തിന്റെ അണിയറക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബാഹുബലിയുമായി താരതമ്യം ചെയ്തു നടക്കുന്ന ചർച്ചകളാണ്. മൊട്ടത്തലയും കട്ടിത്താടിയും നെറ്റിയിൽ നിന്ന് താഴേക്കിറങ്ങുന്ന തകർപ്പൻ ടാറ്റുവുമായി പടച്ചട്ടയണിഞ്ഞു നിൽക്കുന്ന കാർത്തിയുടെ ആദ്യ ഗെറ്റപ് മുതൽ കാഷ്മോരയെ ബാഹുബലിയുമായി ചേർത്തുള്ള ചർച്ചകളും ട്രോളുകളും സജീവമാണ്. കട്ടപ്പയുടെ കുട്ടിക്കാലം, ബാഹുബലിയുടെ ജാര സന്തതി, തമിഴിന്റെ ബാഹുബലി എന്നിങ്ങനെയുള്ള ട്രോളുകളും ഗോഡ് ഓഫ് വാർ ഗെയിമിൽ നിന്നു കടംകൊണ്ട വേഷപ്പകർച്ച എന്ന മട്ടിലുള്ള പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി അരങ്ങേറുന്നു.

താരതമ്യം എന്ന വെല്ലുവിളി

നൂറ്റാണ്ടുകൾക്കു മുൻപുള്ള കാലമോ യുദ്ധ–രാജഭരണ രംഗങ്ങളോ അവതരിപ്പിക്കുന്ന സമീപകാല ഇന്ത്യൻ സിനിമകളെല്ലാം നേരിടുന്ന പ്രതിസന്ധിയാണ് ബാഹുബലി ഹാങ് ഓവർ. യുദ്ധരംഗങ്ങളിലുൾപ്പെടെ ബാഹുബലിയിൽ രാജമൗലി കാഴ്ചവെച്ച പൂർണതയ്ക്ക് ഒപ്പമെത്താനായില്ലെങ്കിലും ആ നിലവാരത്തിൽ നിന്നു താഴെപ്പോകുന്നതു ഇനിയങ്ങോട്ടു പ്രേക്ഷകർ അംഗീകരിക്കില്ലെന്ന സ്ഥിതിയാണ്. നിലവാരമില്ലാത്ത ഗ്രാഫിക്സ് രംഗങ്ങളും ഇനി സ്വീകരിക്കപ്പെടാൻ പ്രയാസമായിരിക്കും. വിജയ് നായകനായ പുലി, ഹൃതിക് റോഷന്റെ മോഹൻജൊദാരോ എന്നീ ചിത്രങ്ങൾക്ക് സംഭവിച്ച തിരിച്ചടിയിൽ പ്രമേയത്തിനും സംവിധാനത്തിനും പങ്കുണ്ടെങ്കിലും ബാഹുബലി താരതമ്യങ്ങളും നിറഞ്ഞുനിന്നിരുന്നു.

nayanthara-kashmora-1

സാമ്യമില്ലെന്നു സംവിധായകൻ
രാജമൗലി തനിക്ക് ഏറെ പ്രചോദനം പകരുന്ന സംവിധായകനാണെന്നും എന്നാൽ ബാഹുബലിയുമായി കാഷ്മോരയെ താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണെന്നുമാണ് കാഷ്മോരയുടെ സംവിധായകൻ ഗോകുൽ നൽകുന്ന മറുപടി. ബാഹുബലി പോലുള്ള പൂർണമായ പീരിയഡ് ചിത്രമല്ല കാഷ്മോര എന്നതു തന്നെ മുഖ്യകാരണം. പഴയകാലവും പുതിയ കാലവും ഇടകലരുന്ന അവതരണ രീതിയാണു കാഷ്മോരയിലേത്. പോർമുഖങ്ങളും സേനാനായകനുമെല്ലാം കടന്നുവരുന്ന ദൃശ്യങ്ങൾ 30 മിനിറ്റു മാത്രമേയുള്ളൂ. എന്നാൽ ഇത് പലപ്പോഴായാണു സ്ക്രീനിലെത്തുക എന്നു മാത്രം.

karthi-kashmora

ഹിസ്റ്ററിയല്ല, ഇതു മിസ്റ്ററി

ആക്ഷനും കോമഡിയും ഹൊററും കൃത്യമായ അനുപാതത്തിൽ ചേർത്തിരിക്കുന്ന എന്റർടെയ്നർ എന്നാണ് അണിയറക്കാർ കാഷ്മോരയെ വിശേഷിപ്പിക്കുന്നത്. മിത്തും ഫിക്‌ഷനും ചേരുന്ന അവതരണം. ഹിസ്റ്ററിയല്ല, മിസ്റ്ററിയാണു കാഷ്മോര എന്നാണു സംവിധായകൻ ഗോകുൽ പറയുന്നത്. മന്ത്രവാദങ്ങളുടെയും ആഭിചാരങ്ങളുടെയും ലോകത്തെക്കുറിച്ച് നടത്തുന്ന ഒരന്വേഷണത്തിലേക്ക് നൂറ്റാണ്ടുകൾക്കു മുമ്പുള്ള ചില സംഭവങ്ങൾ വന്നുചേരുകയാണ്. വായനയ്ക്കിടെ എപ്പോഴോ മനസ്സിലുടക്കിയ കാഷ്മോര എന്ന പേര് ചിത്രത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നു സംവിധായകൻ പറയുന്നു. രൗദ്രം (2011), ഇതർക്കുതാനേ ആസൈപട്ടായ് ബാലകുമാരാ (2013) എന്നീ ലോബജറ്റ് ചിത്രങ്ങൾക്കു ശേഷമാണ് ഗോകുൽ കാഷ്മോര എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്.

karthi-nayanthara

കാർത്തിയുടെ അഗ്നിപരീക്ഷ

കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയും കാഷ്മോരയ്ക്കുണ്ട്. വമ്പൻ വിജയങ്ങളെ ഒറ്റയ്ക്കു ചുമലിലേറ്റാൻ കഴിവുള്ള നടനായി കാർത്തി വളർന്നോ എന്ന പരീക്ഷണം കൂടിയാകുമിത്. ആയിരത്തിൽ ഒരുവൻ എന്ന ആദ്യകാല സെൽവരാഘവൻ ചിത്രത്തിനു ശേഷം ഇത്രയേറെ കഷ്ടപ്പെട്ട് അഭിനയിച്ച മറ്റൊരു ചിത്രമില്ല എന്നു കാർത്തി തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടു കഥാപാത്രങ്ങളായി മൂന്നു വ്യത്യസ്ത വേഷങ്ങളിലാണ് കാർത്തി എത്തുന്നത്. അഞ്ചു നൂറ്റാണ്ടു മുൻപ് ജീവിച്ച ശക്തനും രസികനുമായ സേനാനായകനും യുവാവായ മന്ത്രവാദിയും. മൂന്നാമത്തെ വേഷം സസ്പെൻസാണ്. 45 ഗെറ്റപ്പുകൾ പരീക്ഷിച്ചതിൽ‌ നിന്നാണ് കാർത്തിയുടെ ഇപ്പോഴത്തെ ലുക്കുകൾ തീരുമാനിച്ചത്. അഭിനയ സാധ്യത ഏറെയുള്ള രത്ന മഹാദേവിയെ നയൻതാര അവതരിപ്പിക്കുന്നു. ശ്രീദിവ്യ, വിവേക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

sridivya

അറുപതു ശതമാനവും സെറ്റുകളിൽ

ചെന്നൈയുടെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം ഒന്നിലേറെ സെറ്റുകൾ തീർത്താണ് ചിത്രം അതിവേഗത്തിൽ പൂർത്തിയാക്കിയത്. 2015 മേയിലാണു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഇരുപതിലേറെ സെറ്റുകൾ വേണ്ടിവന്നു. നഗരപ്രാന്തത്തിൽ വിശാലമായ ഭൂമി വാടകയ്ക്കെടുത്താണ് പ്രധാന സെറ്റുകൾ ഒരുക്കിയത്. 60% രംഗങ്ങളും സെറ്റുകളിലാണു ചിത്രീകരിച്ചത്. 80 മിനിട്ടോളം സിജിഐ രംഗങ്ങളുണ്ട്. പത്തിലധികം സ്റ്റുഡിയോകളിലായാണു ഗ്രാഫിക്സ് ചെയ്തത്. തീരാൻ മാസങ്ങൾ വേണ്ടിവരുമെന്നതു കൊണ്ടായിരുന്നു ഇത്. 360 ഡിഗ്രി ഓമ്നി ഡയറക്ഷനൽ ക്യാമറ റിഗ്, ത്രിഡി ഫെയ്സ് സ്കാൻ ടെക്നോളജി എന്നിവയും ചിത്രത്തിന്റെ സവിശേഷതകളാണ്. തമിഴിലും തെലുങ്കിലുമായി പുറത്തിറക്കുന്ന ചിത്രത്തിനായി 60 കോടി രൂപ ചെലവായതായാണ് അനൗദ്യോഗിക കണക്കുകൾ. ഓംപ്രകാശ് ഛായാഗ്രഹണവും സന്തോഷ് നാരായണൻ സംഗീതവും ഒരുക്കിയിരിക്കുന്നു. കലാസംവിധാനം രാജീവൻ.

nayanthara-kashmora

അവതരണത്തിലും റിസ്ക് ഏറെ

നൂറ്റാണ്ടുകൾക്കു മുൻപുള്ള കാലവും വർത്തമാനകാലവും ഇഴചേർത്തു കഥപറയുന്ന രീതി മുൻപും പരീക്ഷിച്ചിട്ടുള്ളതാണ്. മഗധീരയിലൂടെ രാജമൗലി തന്നെ ഇതിൽ വമ്പൻ വിജയവും നേടിയിട്ടുണ്ട്. എന്നാൽ തമിഴിൽ ആയിരത്തിൽ ഒരുവൻ, രണ്ടാം ഉലകം, അനേകൻ പോലുള്ള ചിത്രങ്ങളിൽ സമാനമായ സങ്കേതം വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോയ അനുഭവങ്ങളുമുണ്ട്.  

Your Rating: