Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിക്ക് അറിയില്ലല്ലോ പാർട്ടി ഏതെന്ന് !

kasthuri-patty

ഈ പാട്ടിയുടെ ഒരു കാര്യമേ...എന്നല്ലാതെ മറ്റെന്താണ് പറയുക. തിരഞ്ഞെടുപ്പ് കാലത്തിൽ രണ്ടു പാർട്ടിയുടെയും പരസ്യത്തിൽ അഭിനയിച്ച് സോഷ്യൽമീഡിയയിൽ താരമായ പാട്ടിയുടെ കഥ അറിഞ്ഞിരുന്നോ? ജി.ടി കസ്തൂരിയെന്ന കസ്തൂരി പാട്ടിയാണ് ഫേസ്ബുക്കിലെ താരം.

തമിഴ്നാട്ടുകാർക്ക് അമ്മയെന്നാൽ അത് ജയലളിതയാണ്. അമ്മയെ തലോടുകയും തല്ലുകയും ചെയ്യുന്ന പരസ്യത്തിലെ നായികയായ പാട്ടി നാടു മൊത്തം താരമായിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് ആയതോടെ മക്കളെ പാട്ടിലാക്കാൻ തനിക്കറിയാവുന്ന പണി പതിനെട്ടും പഠിച്ചുകൊണ്ടെത്തിയിരിക്കുകയാണ് അമ്മ. അതിലൊന്നായിരുന്നു ഈ പരസ്യവും. പക്ഷേ അമ്മയ്ക്കറിയില്ലല്ലോ ഈ പാട്ടിക്ക് പാർട്ടിയില്ലെന്ന്. അമ്മയെ വാഴ്ത്തിയ അതേ നാവ് അപ്പുറത്തെ പാർട്ടിയുടെ പരസ്യത്തിൽ ഇതെന്തൊരു അമ്മ എന്നാകുമെന്ന് ആരെങ്കിലുമറിഞ്ഞോ. അതാണിവിടെ സംഭവിച്ചത്. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും പരസ്യത്തിലഭിനയിച്ചു പാട്ടി. ഇരുപരസ്യവും പാട്ടിയും നാട്ടിലാകെ പാട്ടായി,

ആദ്യ പരസ്യത്തിൽ പാട്ടി കരഞ്ഞു പറയുകയാണ്, സ്വന്തം മക്കൾ എനിക്ക് ചോറ് തന്നില്ലെങ്കിലും അമ്മ എനിക്ക് ഒപ്പമുണ്ടാകും. എനിക്ക് ചോറു തരുന്നത് അമ്മയാണ്. രണ്ടാമത്തെ പരസ്യത്തിൽ മൊത്തം കീഴ്മേൽ മറിഞ്ഞു. പാട്ടി പറയുകയാണ്, മക്കളുടെ കാര്യങ്ങൾ നോക്കാനായില്ലെങ്കിൽ ഇതെന്ത് അമ്മയാണെന്ന്. എഐഎഡിഎംകെയുടെ പരസ്യത്തിന് ഡിഎംകെ അതേ നാണയത്തിൽ തിരിച്ചടി കൊടുത്തതാണോ എന്ന് വ്യക്തമല്ല. എന്തായാലും പരസ്യവും പാട്ടിയും മരണ മാസായി മാറി....

ഇക്കാര്യത്തിൽ കസ്തൂരി പാട്ടി പറയുന്നതിങ്ങനെ. എഐഎഡിഎംകെയിലെ ഏജന്റ് തന്നെ സമീപിച്ചപ്പോൾ അത് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പരസ്യമാണെന്ന് അറിഞ്ഞില്ലെന്നും ഏതോ ഹ്രസ്വചിത്രത്തിന് വേണ്ടിയാണെന്നോർത്താണ് അഭിനയിച്ചതെന്നും പാട്ടി പറഞ്ഞു. തുടർന്നാണ് ഡിഎംകെ പ്രവർത്തകർ വരുന്നത്. എഐഎഡിഎംകെ പ്രവർത്തകർ ആയിരത്തി അഞ്ഞൂറ് രൂപയും ഡിഎംകെ പ്രവർത്തകർ ആയിരം രൂപയും പ്രതിഫലമായി നൽകിയെന്നും പാട്ടി പറഞ്ഞു.

തമിഴ് സിനിമയിൽ ചെറുതും വലുതുമായി ഏകദേശം മുന്നൂറ് ചിത്രങ്ങളിൽ പാട്ടി അഭിനയിച്ചിട്ടുണ്ട്. മദ്രാസ്, മയക്കം എന്നെ എന്നിവ പ്രധാനചിത്രങ്ങൾ.

Your Rating: