Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ വേദനകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല’; മാനസികമായി തളര്‍ന്ന് കമല്‍ഹാസന്‍

kamal-gauthami-latest

ഉലകനായകന്‍ കമല്‍ഹാസന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങളൊന്നുമില്ലാതെയാണ് കൊണ്ടാടിയത്. ഇത് ആഘോഷിക്കേണ്ട സമയമല്ലെന്നായിരുന്നു കമൽഹാസൻ പറഞ്ഞത്. പല തരത്തിലുള്ള വേദനകളാണ് കമലിനെ അലട്ടുന്നത്. സബാഷ് നായിഡു എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലാണ് കമല്‍. കാലിന് ഉണ്ടായ ഒടിവ് ഭേദപ്പെട്ട് വരുന്നതേയുള്ളൂ. അതിനിടെയാണ് പതിമൂന്നുവർഷം കൂടെ ഉണ്ടായിരുന്ന പങ്കാളി ഗൗതമി കമലിനെവിട്ടുപോകുന്നതും.

ശരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണ് താരം. എല്ലാം പിറന്നാളും കുടുംബത്തിനൊപ്പവും സിനിമയ്ക്ക് പുറത്തെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പവുമാണ് കമല്‍ ആഘോഷിക്കുന്നത്. എന്നാല്‍ ഇത്തവണ അതിനും പറ്റിയ അവസ്ഥയിലായിരുന്നില്ല. അക്കാര്യത്തിൽ അദ്ദേഹത്തിന് വലിയ വിഷമവുമുണ്ട്. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽഹാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ശാരീരികമായ വേദനകള്‍ക്കായി കഴിച്ച മരുന്നുകളുടെ മയക്കത്തിലാണ് ഞാൻ. കാലിന്റെ വേദന സഹിക്കാവുന്നതിലും അപ്പുറവും. മറ്റു വേദനകളൊന്നും പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ വേദനകളൊന്നും എനിക്ക് പുതുമയുള്ളതല്ല. അത് എപ്പോഴും എന്റെ കൂടെയുള്ളതാണ്- കമല്‍ പറഞ്ഞു.

പതിമൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ച ഗൗതമി തന്നെ വിട്ട് പോയത് കമല്‍ ഹാസനെ മാനസികമായും തളര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം തുറന്നുപറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിൽ അത് പ്രകടമാണ്.

‘എപ്പോഴത്തെയും പോലെ ഈ ദിവസം സുഹൃത്തുക്കളെയും ആരാധകരെയും കാണാന്‍ സാധിക്കാത്തതിലെ വിഷമമുണ്ട്. എന്നാൽ ഒരുകാല് വയ്യാതെ മരുന്നുമായി മയക്കത്തിൽ നില്‍ക്കുന്ന എന്നെ ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. ഈ വർഷം അതെന്റേത് മാത്രമാകട്ടെ.’–കമൽഹാസൻ പറയുന്നു.

എന്നാൽ ജീവിതത്തിൽ ഏറ്റവും സങ്കടകരമായ പിറന്നാൾ ഇതല്ലെന്നും കമൽഹാസൻ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ പിറന്നാൾ പതിനാറാം വയസ്സിലായിരുന്നെന്ന് കമൽ പറയുന്നു. ‘യാതൊരു ലക്ഷ്യബോധവുമില്ലാതെ എവിടെയോ പോയേക്കാവുന്ന ജീവിതയാത്രയായിരുന്നു അന്ന് എന്റേത്. ആ പിറന്നാൾ ദിവസം അച്ഛൻ എന്നെ ഒരുപാട് ശകാരിച്ചു. അച്ഛന്റെ ആ വഴക്കുകേട്ട് റൂം അടച്ച് ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്. പിന്നീട് ഒരു പിറന്നാളിനും ഞാൻ കരഞ്ഞിട്ടില്ല.–കമൽഹാസൻ പറഞ്ഞു. 

Your Rating: