Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടി പറത്തിയത് നയൻതാരയും തൃഷയും

trisha-nayanthara

ദീപാവലി തമിഴ് റിലീസുകൾ ആദ്യവാരം പിന്നിട്ടപ്പോൾ നായകൻമാരെ മറികടന്ന് സിനിമാ ചർച്ചകളിൽ ഇടംപിടിക്കുന്നതു രണ്ടു നായികമാരാണ് – തമിഴിലെ നിത്യഹരിത താരറാണിമാരായ നയൻതാരയും തൃഷയും. ‘കാഷ്മോര’യും ‘കൊടി’യും ആദ്യദിനങ്ങളിൽ ബോക്സ് ഓഫിസിൽ ഇഞ്ചോടിഞ്ചു മൽസരിച്ചത് നായകൻമാരായ കാർത്തിയുടെയും ധനുഷിന്റെയും ഇരട്ടവേഷ വേഷങ്ങളുടെ പേരിലാണെങ്കിലും ഫാൻസ് ആരവങ്ങൾക്കപ്പുറം ഇരുചിത്രങ്ങളുടെയും ഏറ്റവും വലിയ പുതുമയായി എണ്ണപ്പെടുന്നത് നയൻതാരയുടെയും തൃഷയുടെയും കഥാപാത്രങ്ങളിലെ പുതുമയാണ്.

ആക്ഷനിൽ തിളങ്ങുന്ന രാജകുമാരി

കാർത്തിയുടെ ഡബിൾ റോൾ, പൗരാണിക കാലത്തിന്റെ ആവിഷ്കാരം, 70 കോടിയുടെ ബജറ്റ് എന്നിങ്ങനെ വൻ പ്രീ പബ്ലിസിറ്റി നേടിയ ‘കാഷ്മോര’ കലക്ഷനിൽ മികവു കാട്ടുമ്പോഴും അഭിപ്രായത്തിൽ ആ മികവു പുലർത്തുന്നില്ല. രാജ് നായിക് എന്ന സേനാനായകനായി കാർത്തി രണ്ടു ഗെറ്റപ്പുകളിൽ എത്തുന്നതിലെ കൗതുകം മാറ്റിനിർത്തിയാൽ പ്രമേയവും അവതരണവും സമ്മിശ്ര പ്രതികരണമാണു നേടുന്നത്. കോമഡിയും ഗ്രാഫിക്സും നിലവാരം പുലർത്തുന്നില്ല എന്ന വിമർശനവും ഇതോടൊപ്പമുയരുന്നു. വൻ തിരിച്ചടി നേരിടുമായിരുന്ന ‘കാഷ്മോര’യെ തിയേറ്ററുകളിൽ വലിയൊരളവിൽ തുണയ്ക്കുന്നത് വ്യത്യസ്ത വേഷത്തിലുള്ള നയൻതാരയുടെ സാന്നിധ്യമാണ്.

പ്രതികാരമൂർത്തിയായ രത്നമഹാദേവിയായി ചെറുതെങ്കിലും കരിയറിലെ വേറിട്ട കഥാപാത്രമായി നയൻതാര തിളങ്ങുന്നു. വാൾപ്പയറ്റ് ഉൾപ്പെടെ ആക്ഷൻ രംഗങ്ങളിലും നയൻതാര മികവുകാട്ടുന്നു. ഒന്നാം സ്ഥാനത്തു തുടരുമ്പോഴും ഒരേമട്ടിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്റെ പേരിൽ വിമർശനം നേരിടുന്ന താരം ‘മായ’, ‘ഇരുമുഖൻ’ എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങളിലൂടെയാണു സമീപകാലത്തു കയ്യടി നേടിയത്. ഇതിന്റെ തുടർച്ച പോലെ കാഷ്മോരയിലും റൊമാന്റിക് സോൺ വിട്ടു പരീക്ഷണത്തിനു മുതിരുന്നു.

സമൂഹമാധ്യമങ്ങളിൽ നിന്നും സ്വന്തം ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിൽ നിന്നുപോലും അകലം പാലിക്കുന്ന നയൻതാര, സ്ക്രീനിലൂടെ മാത്രം ആരാധകരിലേക്ക് എത്തിയാൽ മതിയെന്ന നിലപാടു സൂക്ഷിക്കുന്ന അപൂർവം മുൻനിര നായികമാരിലൊരാളാണ്. അനു വർധന്റെ ഡിസൈനർ വസ്ത്രങ്ങളിൽ, രാജകുമാരിയുടെ കണ്ണഞ്ചിക്കുന്ന ഉടയാടകളുമായി സ്ക്രീനിലെ താരറാണി താൻ തന്നെയെന്നു കാഷ്മോരയിലൂടെ വീണ്ടും തെളിയിക്കുകയാണു നയൻതാര. ചിത്രീകരണ സമയത്ത് കഥാപാത്രമായെത്തിയ താരത്തിന്റെ ഗ്ലാമർ കണ്ട് കണ്ണെടുക്കാതെ നിന്നുപോയെന്നു പറഞ്ഞത് സിനിമയിലെ സഹതാരം ശ്രീദിവ്യയാണ്.

രാഷ്ട്രീയ പകയുടെ രൗദ്രഭാവം

ധനുഷിന്റെ ആദ്യ ഇരട്ട വേഷം, മാസ് പൊളിറ്റിക്കൽ ത്രില്ലർ, പുതുമയുള്ള താടി ഗെറ്റപ് എന്നിങ്ങനെ ആരവത്തോടെ എത്തിയ ‘കൊടി’, ‘കാഷ്മോര’യേക്കാൾ മികച്ച പ്രകടനമാണു കാഴ്ചവെക്കുന്നത്. ധനുഷിന്റെ തകർപ്പൻ തിരിച്ചുവരവു രേഖപ്പെടുത്തുമ്പോഴും ചിത്രത്തിലെ സർപ്രൈസ് എലമെന്റ് തൃഷയുടെ കഥാപാത്രമാണ്. നായകന്റെ കാമുകിയായി ഡ്യൂയറ്റ് പാടുമ്പോഴും തമിഴകത്തിന് അപരിചിതമല്ലാത്ത അധികാര രാഷ്ട്രീയത്തിന്റെ സ്ത്രീരൂപമായി 14 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തെ തൃഷ അവതരിപ്പിക്കുന്നു. സാമി, വിണ്ണൈതാണ്ടി വരുവായാ, ഗില്ലി പോലുള്ള ചിത്രങ്ങൾ സമ്മാനിച്ച ചേല ചുറ്റിയ, ചെല്ലം എന്ന് വിളിച്ചുപോകുന്ന ശാലീന നായികാ ഇമേജിനെ മാറ്റിയെഴുതുന്നു ‘കൊടി’യിലെ രുദ്ര എന്ന കഥാപാത്രം.

പ്രതിനായികാ സ്വഭാവമുള്ള കഥാപാത്രത്തിലേക്കുള്ള ഈ മാറ്റം പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നതായി തൃഷ തന്നെ പറഞ്ഞിട്ടുണ്ട്. ത്രിഷയ്ക്കു പകരം മറ്റൊരു നടിയായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്ന മട്ടിലുള്ള ഒറ്റപ്പെട്ട വിമർശനങ്ങൾക്കു പിന്നിലും ഈ മാറ്റം ഉൾക്കൊള്ളാനുള്ള സൗന്ദര്യാരാധകരുടെ വിമുഖതയാണ്. രാഷ്ട്രീയത്തിൽ ഉയരങ്ങൾ കീഴടക്കാൻ എന്തു കുതികാൽവെട്ടും തെറ്റല്ലെന്നു കരുതുന്ന കഥാപാത്രത്തെ അമിതാഭിനയത്തിലേക്കു പോകാതെ തന്നെ അവതരിപ്പിക്കാൻ തൃഷയ്ക്കു കഴിഞ്ഞിട്ടുണ്ട്. പടയപ്പയിലെ രമ്യാകൃഷ്ണന്റെ നീലാംബരി പോലെ വേറിട്ടൊരു വേഷം. ധനുഷിന്റെ ഇരട്ട റോളുകളോടു കിടപിടിക്കുന്നു തൃഷയുടെ ഈ വില്ലത്തി റോൾ.
 

Your Rating: