Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കള്‍ വഴിതെറ്റുന്നതിൽ സിനിമയ്ക്ക് പങ്കുണ്ടെന്ന് ഹൈക്കോടതി

dhanush-sruthi

യുവാക്കളെ തെറ്റായ വഴികളിലേക്കു നയിക്കുന്നതിൽ സിനിമയ്ക്കു വലിയ പങ്കാണുള്ളതെന്നു മദ്രാസ് ഹൈക്കോടതി. സമൂഹത്തിൽ കൊലപാതകങ്ങളും മറ്റും നടക്കുന്നതിനു സിനിമയും കാരണമാണെന്നു ജസ്റ്റിസ് എൻ. കൃപാകരൻ പറഞ്ഞു. ഇത്തരം കാര്യങ്ങളെ സിനിമകളിൽ മഹത്വവൽക്കരിച്ചു കാണിക്കുകയാണ്. ഇതു യുവാക്കൾക്കു തെറ്റായ സന്ദേശം നൽകും. സിനിമാ വ്യവസായം കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ പരിധിയിൽ വരുന്നതാണെന്നും ജസ്റ്റിസ് കൃപാകരൻ പറഞ്ഞു.

ഇക്കാലത്തെ പല സാമൂഹിക വിരുദ്ധരും കുറ്റകൃത്യങ്ങളും സിനിമയുടെ അനന്തര ഫലമാണ്. പെൺകുട്ടികളെ സ്ഥിരമായി ശല്യപ്പെടുത്തിയാൽ അവരെ സ്വാധീനിക്കാമെന്ന് യുവാക്കൾ കരുതുന്നു. പരാജയപ്പെടുമ്പോൾ അവർക്കു സഹിക്കാനാവില്ല. അത് അവരെ കുറ്റകൃത്യത്തിലേക്കു നയിക്കാം– സ്വാതി കൊലപാതകത്തെ നേരിട്ടു പരാമർശിക്കാതെ ജഡ്ജി പറഞ്ഞു. കബാലി ചിത്രം ഇന്റർനെറ്റ് മുഖേന അനധികൃതമായി ഡൗൺലോഡ് ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു കോടതിയുടെ നിരീക്ഷണം.

എംജിആർ, ശിവാജി ഗണേശൻ എന്നിവരുടെ കാലത്ത്, അവർ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ സാമൂഹിക പരിഷ്കരണത്തിന് ഏറെ സഹായിച്ചിരുന്നു. ജനങ്ങളുടെ മനസ്സിൽ സദാചാര മൂല്യങ്ങളെ കുറിച്ചുള്ള ബോധം സൃഷ്ടിക്കാൻ സഹായിക്കുന്നവയായിരുന്നു ആ കഥാപാത്രങ്ങൾ.

ഒരു കഥാപാത്രത്തെ സ്വീകരിക്കുന്നതിനു മുൻപ്, അത് സമൂഹത്തിൽ എന്തു പ്രത്യാഘാതമാണു സൃഷ്ടിക്കുകയെന്ന് പ്രമുഖ ചലച്ചിത്ര താരങ്ങൾ ആലോചിക്കണം. മദ്യപിക്കുന്നതും, പുകവലിക്കുന്നതുമായ രംഗങ്ങൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ കമ്പനി നിയമ പ്രകാരമുള്ള കോർപറേറ്റ് സാമൂഹിക പ്രതിബദ്ധത സിനിമാ വ്യവസായവും പിൻതുടരണം. ഇതു സംബന്ധിച്ചു കേന്ദ്രത്തോടു മറുപടി നൽകാനും ജസ്റ്റിസ് എൻ. കൃപാകരൻ നിർദേശിച്ചു.