Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളം വാഴാൻ തപ്സി, രാജാറാണിയുമായി

Tapsee

തപ്‌സി വരുന്നു, തപ്‌സി വരുന്നു എന്നു കന്നഡ സിനിമാലോകം കേട്ടുതുടങ്ങിയിട്ടു കുറച്ചുകാലമായി. കേൾക്കുന്നതല്ലാതെ വരുന്നില്ലല്ലോ എന്നു പലരും കരുതിയിരിക്കുമ്പോൾ ദാ വരുന്നു തപ്‌സി, നാഗശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘രാജാ റാണി’യിൽ നായികയായി.

കന്നഡ സിനിമാലോകത്തേക്കു പ്രവേശിക്കുക എന്ന ഉദ്ദേശ്യത്തിലല്ല യഥാർഥത്തിൽ തപ്‌സി ചിത്രം ഏറ്റെടുത്തത്. ചേതൻ കുമാർ നായകനാകുന്ന രാജാ റാണി തെലുങ്കിലും കന്നഡയിലും ഒരേസമയം ഇറങ്ങുന്ന ചിത്രമാണെന്നതാണു കക്ഷിയെ ആകർഷിച്ചത്. ബോളിവുഡിലും ദക്ഷിണേന്ത്യയിൽ തമിഴിലും തെലുങ്കിലും മലയാളത്തിലും അഭിനയിച്ചിട്ടുള്ളതിനാൽ കന്നഡയിൽ കൂടി കിട്ടുന്ന അവസരം ഉപേക്ഷിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. മമ്മൂട്ടി നായകനായ ‘ഡബിൾസ്’ ആയിരുന്നു തപ്‌സിയുടെ മലയാളചിത്രം. രാഘവ ലോറൻസിന്റെ നായികയായി ‘കാഞ്ചന 2’ എന്ന പ്രേതസിനിമ, ‘വെയ് രാജ് വെയ്’ എന്നിവയാണു തമിഴിൽ തപ്‌സിയുടേതായി അവസാനം പുറത്തിറങ്ങിയത്.

സിനിമാപ്രവേശത്തിന്റെ കാര്യത്തിൽ മറ്റു നടികളിൽനിന്ന് അൽപം വ്യത്യസ്തയാണു ഡൽഹിയിൽ സിഖ് കുടുംബത്തിൽ ജനിച്ച തപ്‌‌സി. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു. അവിടെനിന്നു മോഡലിങ്ങിലേക്കു കളം മാറ്റി. ഡൽഹി ആസ്ഥാനമായി കുറെക്കാലം മോഡലിങ് ചെയ്തതിനു ശേഷമായിരുന്നു സിനിമാപ്രവേശം. വൻ ബ്രാൻഡുകളുടെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ പരസ്യങ്ങളിൽ മോഡലായിട്ടുണ്ട് തപ്‌സി. ചില പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

2010ൽ തെലുങ്കിലൂടെയായിരുന്നു സിനിമാപ്രവേശം, കെ. രാഘവേന്ദ്രറാവു സംവിധാനം ചെയ്ത ‘ജുമ്മാൻദി നാദം’. അതിനുശേഷം ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങളിൽ അവസരം ലഭിച്ചു. രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു; ഏറെ ശ്രദ്ധിക്കപ്പെട്ട ആടുകളം. ആറു ദേശീയ പുരസ്കാരങ്ങളാണു മധുരയിലെ കോഴിപ്പോരിന്റെ പശ്ചാത്തലത്തി‍ൽ നിർമിച്ച ഈ ചിത്രത്തിനു ലഭിച്ചത്. ധനുഷിന്റെ നായികയായി ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായാണ് ‘ആടുകള’ത്തിൽ അഭിനയിച്ചത്. 2013ൽ പുറത്തിറങ്ങിയ ‘ആരംഭം’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനു തപ്‌സിക്ക് ‘എഡിസൺ അവാർഡ്’ ലഭിച്ചു. അജിത്തും ആര്യയുമായിരുന്നു അതിലെ നായകൻമാർ. ഇക്കൊല്ലം ഹിന്ദിയിൽ പുറത്തിറങ്ങിയ ‘ബേബി’ എന്ന ചിത്രത്തിലെ അഭിനയവും ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാർ ആയിരുന്നു നായകൻ.