Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തല’ ഉയർന്നിട്ട് 24 വർഷം

ajith

തലൈവരും ഉലകനായകനും ചിയാനും ഇളയദളപതിയുമൊക്കെ തമിഴകത്തുണ്ടെങ്കിലും കോളിവുഡിന്റെ ‘തല’ അജിത്താണ്. സിക്സ് പായ്ക്കോ എയിറ്റ് പായ്ക്കോ ഇല്ലെങ്കിലും, ചറപറയുള്ള പഞ്ച് ഡയലോഗുകളില്ലെങ്കിലും നര കയറിയ ആ തലയോടും  നിഷ്കളങ്കമായ ആ പുഞ്ചിരിയോടും വാലും തലയുമില്ലാത്ത ഒരു പ്രത്യേക സ്നേഹം ആരാധകർക്കുണ്ട്. അജിത് കുമാറിന്റെ ആ ‘തല’ തമിഴകത്ത് ഉയർന്നിട്ട് 24 കൊല്ലങ്ങൾ പിന്നിടുകയാണ്. 

മോട്ടോർ മെക്കാനിക്കായി ജീവിതം തുടങ്ങി, സഹനട വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി ഒടുവിൽ അവിടെ മുടിചൂടാമന്നനായ താരം. ഫോർമുലാ വൺ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ഒരേയൊരു ഇന്ത്യൻ ചലച്ചിത്ര താരം. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാലിനിയുടെ ഭർത്താവ്. 

1992—ൽ ആരംഭിച്ച അഭിനയ സപര്യ 57—ാമത്തേതിൽ എത്തി നിൽക്കുമ്പോൾ ആരാധകർക്ക് ‘തല’ വെറും ഒരു താരമല്ല. മറിച്ച് അവരിലൊരാളാണ്. താരജാടകളേതുമില്ലാത്ത താരങ്ങളിൽ താരം. ഒരു ഫെയ്സ്ബുക്ക് പേജോ, വെബ്സൈറ്റോ പോലുമില്ലെങ്കിലും സോഷ്യൽ മീഡിയകളിലും ‘തല’ പൊങ്ങിത്തന്നെ നിൽക്കുന്നു. ഇൗ ഇഷ്ടത്തിനു അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളില്ല. രജനി ഫാൻസും, വിജയ് ഫാൻസും അങ്ങനെ ആരാധകർ പലവിധമുണ്ടെങ്കിലും ഇവർക്കെല്ലാം തലയെ ഇഷ്ടമാണ്. 

‘തല’യെ ആരാധകർ നെഞ്ചിലേറ്റി സ്നേഹിക്കുമ്പോൾ അത് ഒരു സിനിമാതാരത്തോടുള്ള അന്ധമായ ആരാധനയല്ല. മറിച്ച് അജിത് കുമാർ എന്ന പച്ചമനുഷ്യനോടുള്ള ബഹുമാനം കൂടിയാണ്. നരച്ച മുടി കറുപ്പിക്കാതെ മേക്കപ്പിനെ സിനിമയിൽ മാത്രം ഒതുക്കി രജനികാന്തിനെ പോലെ ആരാധകർക്കു മുന്നിൽ മറകളില്ലാതെ പ്രത്യക്ഷപ്പെടുന്ന അജിത്തിന്റെ തേരോട്ടം തുടരട്ടെ എന്ന് ആശംസിക്കാം. ഒപ്പം പുതിയ അവതാരത്തിനായി കാത്തിരിക്കാം.