Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധ്യ മയങ്ങും നേരം...

കുര്യൻ തോമസ് കരിമ്പനത്തറയില്‍
കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി
sandhya-mayangum-neram

സന്ധ്യമയങ്ങും നേരം

ഗ്രാമ ചന്ത പിരിയുന്ന നേരം…

ബന്ധുരേ രാഗബന്ധുരേ…

നീ എന്തിനീ വഴി വന്നു…

എനിയ്ക്കെന്തു നല്കാുന്‍ വന്നു… 

ഇത് മയിലാടുംകുന്ന് എന്ന ചിത്രത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ഗാനം. വയലാർ - ദേവരാജൻ - യേശുദാസ് പ്രതിഭാസംഗമത്തിൻറെ സംഗീത സ്പന്ദനമാണ് ഈ ഗാനം.

പ്രശസ്ത സാഹിത്യകാരനായിരുന്ന മുട്ടത്തുവർക്കി എഴുതിയ ജനപ്രിയ നോവലായിരുന്നു മയിലാടുംകുന്ന്. മലയാളികളെ സാഹിത്യലോകത്തിലേക്ക് നയിച്ച മുട്ടത്തു വർക്കിയെ വായിച്ചശേഷമാണ് മലയാളി തകഴിയിൽ എത്തിയതെന്നാണ് എൻ.വി. കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ജോയി എന്ന ചെറുപ്പക്കാരനും അയാളുടെ ബാല്യകാല സഖിയായ ലിസ എന്ന പെൺകുട്ടിയുമാണ് മുഖ്യകഥാപാത്രങ്ങൾ. അവരുടെ  ബാല്യകാല സൗഹൃദം പ്രണയത്തിലേയ്ക്കു വളരുന്നതും നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് കാമുകീകാമുകന്മാർ ഒന്നാകുന്നതുമാണ് നോവലിന്റെ കഥാതന്തു. കെ.എസ്. സേതുമാധവൻ സംവിധാനം ചെയത ചലച്ചിത്രം 1972 ഏപ്രിൽ 28  നു റിലീസായി. പ്രേംനസീർ, കെ പി ഉമ്മർ, ജയഭാരതി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രണയവും വിരഹവും ഇഴചേർന്ന ഈ സിനിമയിലെ ഏറ്റവും ജനപ്രിയമായ ഗാനമാണ് സന്ധ്യമയങ്ങും നേരം... സി ഒ ആന്റോയും ലതാ രാജുവും ചേർന്ന് പാടിയ പാപ്പീ അപ്പച്ചാ ... ഇന്നും സൂപ്പർ ഹിറ്റ്. ഈശോ മറിയം ഔസേപ്പേ ... (പി സുശീല), താലിക്കുരുത്തോല പീലിക്കുരുത്തോല ... (പി ലീല), മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ ... (പി സുശീല, പി മാധുരി) ഇവയാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ.

സന്ധ്യമയങ്ങും നേരം ...,  "പ്രിയപ്പെട്ട പാട്ടുകൾ" എന്ന ഗൃഹാതുര പുസ്തകത്തിലെ ഓ എൻ വിയുടെ ഇഷ്ടഗാനമാണ്. ഓ എൻ വി എഴുതുന്നതുപോലെ എനിക്കും 'ഇഷ്ടപ്പെട്ട പാട്ടുകളുടെ കൊളാഷിൽനിന്നു ഷോർട് ലിസ്റ്റ് ചെയ്തു പലതിനെയും മാറ്റിനിർത്തി ഗൃഹാതുരത്വത്തോടെ ഓർമ്മയിൽനിന്ന് ഒഴുകി വരുന്ന' പാട്ടാണ്. പാട്ട് കേൾവിയിലൂടെ മനസ്സിലുണർത്തുന്നു ഒത്തിരി കാഴ്ചകൾ. ആ പാട്ടോർമ്മകളിൽ പ്രണയമെന്ന പേരറിയാഭാവത്തെ പാട്ടുകേൾവിയിൽ കണ്ട ഞാനെന്ന പതിനാലുകാരനുണ്ട്. തടിപ്പാലം കടന്നെത്തുന്ന പാടക്കരയിലെ തൊടിയും തൊടിയിലെ ഒറ്റനിലയിൽ ഓടിട്ട അമ്മവീടുമുണ്ട്. അവിടത്തെ നെല്ലിൻതണ്ടു മണക്കുന്ന കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുണ്ട്. ആ പാടങ്ങളിൽ രാവിലെ തീറ്റ തിന്നാനിറങ്ങുന്ന താറാവുകൂട്ടങ്ങളുണ്ട്. കടത്തുതോണികളും കല്ലിടുക്കകളുമുണ്ട്. പിന്നെ മൂന്നു ബാൻഡുള്ള ബുഷ് റേഡിയോയിൽനിന്നു ഞായറാഴ്ച ഉച്ചയൂണിനുശേഷം യേശുദാസിന്റെ പെറുക്കിയെറിഞ്ഞ മുഴക്കങ്ങളായ ഈ പാട്ടുണ്ട്. ഒപ്പം കേൾവിയിൽ ജയഭാരതിയുടെ മേനിയഴകിനൊപ്പം ആരോടും പറയാതെ പാട്ടുകാഴ്ചയിൽ സൂക്ഷിക്കുന്ന ഇഷ്ടമുഖങ്ങളുമുണ്ട്.

സന്ധ്യമയങ്ങും നേരം

ഗ്രാമ ചന്ത പിരിയുന്ന നേരം…

ബന്ധുരേ രാഗബന്ധുരേ…

നീ എന്തിനീ വഴി വന്നു..

എനിയ്ക്കെന്തു നല്കാുൻ വന്നു…

ഓ ഓ... (സന്ധ്യമയങ്ങും നേരം...)

 

കാട്ടുതാറാവുകള്‍ ഇണകളെ തിരയും കായലും, കടത്തുതോണികളില്‍ ആളുകയറ്റും കല്ലൊതുക്കുകളും, കാക്കചേക്കേറും കിളിമരത്തണലും, മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും സ്വപ്ന രത്നഖനിയും മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ ആവർത്തിച്ചിട്ടില്ലാത്ത വയലാർ കാവ്യബിംബങ്ങൾ ...

കാട്ടുതാറാവുകള്‍ ഇണകളെ തിരയും

കായലിനരികിലൂടെ…

കടത്തുതോണികളില്‍ ആളുകയറ്റും

കല്ലൊതുക്കുകളിലൂടെ… (2)

തനിച്ചുവരും താരുണ്യമേ..

എനിക്കുള്ള പ്രതിഫലമാണോ നിന്റെണ നാണം…

നിന്റെു നാണം... (സന്ധ്യമയങ്ങും നേരം)

പ്രണയിച്ചവർക്കേ  മനസ്സിലാകൂ “പ്രതിഫലം നാണമായും”, “മറുപടി മൗനമായും” നൽകുന്ന പ്രണയിനിയെ തീർത്ത വയലാർ വർണ്ണനയുടെ ഭാവപൂർണിമ. തപസ്സുണർത്താൻവന്ന മേനകയെയും പ്രിയതമയാവുന്ന പ്രിയംവദയെയും പ്രേമകാകളി പാടിയ മുനികുമാരികയെയും തീർത്ത കാളിദാസ ഭക്തനാണ് വയലാർ. അങ്ങനെ, കാളിദാസകവിത സഞ്ചിത സംസ്കാരത്തിൽ അലിഞ്ഞുചേർന്ന കവിക്കെ തനിച്ചു വരും താരുണ്യമേ എന്നും ഒരുങ്ങി വരും സൗന്ദര്യമേ എന്നും  എഴുതാനാകൂ എന്നാണ് ഓ എൻ വി യുടെ നിരീക്ഷണം. “ബന്ധൂരേ എന്ന വയലാർ സംബോധനയുടെയും അതിനു ദേവരാജൻ നൽകിയ സംഗീതത്തിന്റെയും സർഗ്ഗലാവണ്യം" അനുഭവിച്ചത്‌ ഏറെക്കഴിഞ്ഞാണ്.

സംഗീത രാജശില്പി ജി ദേവരാജനാണ് ഗാനത്തിലെ രാഗതാളലയ ലീനമായ വയലാർ സാഹിത്യഭാവനയ്ക്ക് സംഗീതത്തിന്റെ സൗരഭ്യം അണിയിച്ചത്.    മലയാള സിനിമാ-ഗാനചരിത്രത്തിൽ 1950 കളുടെ രണ്ടാം പാതിമുതൽ രണ്ടു പതിറ്റാണ്ടു വയലാർ-ദേവരാജൻ കൂട്ടുകെട്ടു തീർത്ത അനശ്വര ഗാനങ്ങളിൽ അവിസ്മരണീയമായ ഒന്നാണ് ഈ ഗാനവും. 343 മലയാള സിനിമകൾക്കായി ദേവരാജന്‍ സംഗീതം പകർന്ന 1800 ലേറെ ഗാനങ്ങളിൽ 800 ഓളം രചിച്ചത് വയലാർ ആയിരുന്നു.

അനുപമം എന്നേ പറയാനാകൂ ഗാനത്തിന് ഹരികാംബോജി രാഗത്തിൽ ദേവരാജൻ തീർത്ത ഈണം. നീ എത്ര ധന്യ(1987) എന്ന ചിത്രത്തിനുവേണ്ടി ഓ എന്‍ വി എഴുതി യേശുദാസ് പാടിയ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ... എന്ന ഗാനത്തിനു ദേവരാജൻ ഈണം നൽകിയതും ഇതേ രാഗത്തിലായിരുന്നു. ദക്ഷിണാമൂർത്തി ഈണം നൽകിയ ഊഞ്ഞാലാ ഊഞ്ഞാലാ... (വീണ്ടും പ്രഭാതം,1973), എം ജയചന്ദ്രന്‍ ഈണം പകർന്ന  കണ്ണിൽ കണ്ണിൽ ... (ഗൗരീശങ്കരം, 2003), രവീന്ദ്രൻ ഈണമിട്ട കളിപ്പാട്ടമായ്‌ ... (കളിപ്പാട്ടം,1993), കാർമുകിൽ വർണ്ണന്റെ (നന്ദനം, 2002) കൈതപ്രം വിശ്വനാഥ്‌ സംഗീതം നൽകിയ എന്നു വരും നീ ... (കണ്ണകി, 2002) ഈ രാഗത്തിലുള്ള മറ്റു ചില ഗാനങ്ങൾ.

മലയാളി അവൻറെ പ്രണയം യേശുദാസിന്റെ ശബ്ദത്തിൽ അനുഭവിച്ച ഗാനമാണിത്. കാല്പനികത തിടംവെച്ച ശബ്ദലാവണ്യമാണ് ഈ ഗാനത്തിൻറെ മദ്ധ്യസ്ഥായിയിലുള്ള ആലാപനത്തിൻറെ ആകർഷകത്വം. "സമകാലിക കേരളത്തിലെ സംഗീതത്തിൻറെ സാമൂഹിക ചരിത്രം" എന്ന പഠനത്തിൽ ആർ നന്ദകുമാർ പറയുന്നപോലെ യേശുദാസിന്റെ 'സ്വരത്തിന്റെ യൗവ്വനകാന്തിയും പട്ടുപോലെ മൃദുലമായനുഭവപ്പെടുന്ന ആലാപനമാധുര്യവും ശാരീരത്തിൻറെ സൗമ്യമൃദുലമായ വഴക്കവും വികാരനിർഭരമായ സ്വരസഞ്ചാരങ്ങൾ ഉണർത്തുന്ന ഇന്ദ്രിയമോദകത്വവും സ്വപ്ന സന്നിഭമായ ഒരനുഭൂതി ലോകത്തെ തുറന്നിട്ട' ഗാനങ്ങളിൽ ഒന്നാണിത്.

പ്രിയ കവി ഓ എൻ വി പറയുന്നത് എനിക്കുവേണ്ടിയാണ്, 'വിശദീകരിക്കാനാവാത്തതായ ഒരിഷ്ടമാണ് പ്രണയമെങ്കിൽ ഈ പാട്ടുമായി ഞാൻ പ്രണയത്തിലാണ്. ഒരു രബീന്ദ്രസംഗീതം പോലെ ഏകാന്ത നിമിഷത്തിൽ മനസ്സിലൊരു തിരി കൊളുത്തുന്നു ...' വാക്ക് സംഗീതവും ശ്രുതി ആലാപനവുമായി സമന്വയിക്കുന്ന ഈ പാട്ടിൽ ഊർജ്ജസ്മരണയായി തിരികെ എത്തുന്ന നിത്യപ്രണയത്തിന്റെ യൗവ്വനകാന്തി നാലര പതിറ്റാണ്ടായി മലയാളി അനുഭവിച്ചു കൊണ്ടിരിക്കുന്നു.

ഗാനരചന: വയലാര്‍

സംഗീതം : ദേവരാജന്‍

ആലാപനം : യേശുദാസ്‌

സിനിമ: മയിലാടുംകുന്ന്

റിലീസ് 1972 ഏപ്രിൽ 28