Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പതിന്റെ ചെറുപ്പം

സുരേഷ് ഹരിഹരൻ
a-r-rahman-songs

കച്ചേരിമാളികയ്ക്കു മുന്നിൽ വച്ചാണു ജോർജിനു മലർ മിസിനോട് ആദ്യ കാഴ്ചയിൽ തന്നെ അനുരാഗം തോന്നിയത്. 

പ്രേമം സിനിമയ്ക്കു രണ്ടു പതിറ്റാണ്ടു മുൻപ് യുസി കോളജിന് ആദ്യ കേൾവിയിൽ തന്നെ ഒരാളോട് അനുരാഗമായി. 

അന്നു വരെ വർക്കി മെമ്മോറിയൽ ഹാളിനു മുന്നിലെ സ്റ്റേജിൽ പാടി തകർക്കുന്ന സാജനായിരുന്നു ‍ഞങ്ങളുടെ തമിഴ് ഹീറോ. 

സംസാരത്തിലെ സോഫ്റ്റായ ശബ്ദമല്ല സാജൻ മൈക്കെടുക്കുമ്പോൾ. 

അ​​ഞ്ചടിയിൽ താഴെ പൊക്കമുള്ള, ചെറിയ ശരീരമുള്ള സാജൻ മനോയുടെയും എസ്പിബിയുടെയും വലിയ ശരീരത്തിൽ കടന്നാണു പാടിയിരുന്നത്. 

(സാജൻ ഇന്നു ഞങ്ങൾക്കൊപ്പമില്ല, കൂട്ടുകാർക്കു നൃത്തം ചെയ്യാനുള്ള പാട്ടുകൾ പാടിയിരുന്ന സാജൻ ഒരു സങ്കടഗാനമായി.)

അന്നൊരു നാളാണ് കച്ചേരിമാളികയ്ക്കു മുന്നിൽ വച്ച് സെന്റ് സേവ്യേഴ്സുകാരി മിൻമിനിയുടെ ശബ്ദത്തിൽ ചിന്ന ചിന്ന ആശൈ കേൾക്കുന്നത്. 

വെണ്ണിലവു തൊട്ട്, മുത്തമിട ആസൈ

എന്നെ ഇന്ത ഭൂമി സുറ്റി വര ആസൈ

ഒരു കോളജ് കൂട്ടത്തോടെ ക്ലാസ് കട്ട് ചെയ്ത് ആലുവയ്ക്കു വണ്ടി കയറിയത് അന്നായിരിക്കും; ചിന്ന ചിന്നെ ആസൈയും കാതൽ റോജാവേയും പുതു വെള്ളൈ മഴൈയും കാണാനും കേൾക്കാനും. 

കവി വൈരമുത്തുവിന്റെ വരികളെ വെണ്ണിലവിന്റെ നിറമുള്ള ഉടുപ്പിടുവിച്ച് ആകാശത്തോളം പറത്തി വിട്ടതാരാണ്? 

എ.ആർ. റഹ്മാൻ എന്ന് ഉത്തരം. ആർ.കെ.ശേഖറിന്റെ മകൻ എന്നും കേട്ടു. 

വൈരമുത്തുവിന്റെ കവിത, റഹ്മാന്റെ മിശ്രണം, മണിരത്നത്തിന്റെ പാക്കിങ്...!

അന്നു നിന്നെ കേട്ടതിൽ പിന്നെ അനുരാഗമെന്തെന്നു ഞങ്ങളറിഞ്ഞു...!

സുജാതയുടെ നേട്രു ഇല്ലാതെ മാട്രം, ഉണ്ണി മേനോന്റെ കണ്ണുക്കു മയ്യഴക്(പുതിയ മുഖം), എസ്പിബിയുടെ ഒട്ടകത്തൈ കെട്ടിക്കോ, എൻ വീട്ടു തോട്ടത്തിൽ(ജെന്റിൽമാൻ) എന്നിങ്ങനെ പാട്ടുകളുടെ ബോംബിങ്. 

മെലഡിയെന്നാൽ മലയാളമെന്നും അടിച്ചു പൊളിയെന്നാൽ തമിഴെന്നും പാടിയിരുന്ന ക്യാംപസുകൾ തമിഴ് മെലഡികൾ പാടാൻ തുടങ്ങുകയായിരുന്നു. സെക്കൻഡ് ഡിഗ്രിക്കു കൊടൈക്കനാലിലേക്കുള്ള യാത്രയിലാണു തൃശൂർ രാഗത്തിൽ തിരുടാ തിരുടാ കാണുന്നത്. 

‘കണ്ണും കണ്ണും കൊള്ളയടിത്താൽ കാതൽ എൻട്ര് അർത്ഥം’ എന്നാണ് വൈരമുത്തു എഴുതിയത്.

ഡ്യൂയറ്റും മേയ് മാതവും കേട്ടതോടെ ഞങ്ങൾ കാതും കുത്തി വീണു. 

എൻ മേൽ വീഴുന്ത മഴൈത്തുള്ളിയേ ഇത്തനൈ നാളായ് യെങ്കിരുന്തായ്

ഇൻറു എഴുതിയ എൻ കവിയേ ഇത്തന നാളായ് യെങ്കിരുന്തായ്

എന്നു ജയചന്ദ്രനും ചിത്രയും പാടുമ്പോൾ ആ കവിതയുടെ മഴ നനയുന്നില്ലേ? വൈരമുത്തു പറയുന്ന കവി അദ്ദേഹം തന്നെയാണോ? 

ഡ്യുയറ്റിലെ സാക്സഫോൺ ഒരു തിരമാല പോലെ വന്ന് പറത്തിക്കൊണ്ടു പോയി. 

പൂവേ ഉൻ പാദത്തിൽ പുഷ്പാഞ്ജലി

പൊന്നേ ഉൻ പേരുക്കു പൊന്നാഞ്ജലി

കണ്ണേ ഉൻ കുരലുക്കു ഗീതാഞ്ജലി

കൺ കാണാ അഴകുക്കു കവിതാഞ്ജലി 

എന്നാണു വൈരമുത്തു ആ സാക്സ്ഫോണിനെഴുതിയ അടിക്കുറിപ്പ്, അതോ മീനാക്ഷി ശേഷാദ്രിക്കോ? 

പിന്നണിയിലെ ഓരോ സ്വരത്തിലും കാതെത്തുന്ന ജീനിയസിനേ അതു പോലൊരു പാട്ടൊരുക്കാനാവൂ. 

അതു സംഗീതോപകരണങ്ങളാകാം സ്വരമാകാം. 

ബോംബെയിലെ ഉയിരേ എന്ന പാട്ടു കേട്ടു നാലു കൊല്ലം കഴിഞ്ഞാണു ബേക്കൽ കോട്ടയിലൂടെയും കാസർകോട് നഗരത്തിലെ തളങ്കരയിലൂടെയും പോകുന്നത്. പാട്ടിലെ ആ ഇരമ്പും കടലിന്റേതല്ലേ? ആ നെഞ്ചിടിപ്പ് ചന്ദ്രഗിരിപ്പുഴയുടേതല്ലേ? 

വന്ദേമാതരത്തിനു റഹ്മാൻ കൊടുത്ത വ്യത്യസ്തമായ വ്യാഖാനങ്ങൾ കേട്ടു നോക്കൂ. ആ കോറസിൽ നിന്നവരുടെ പേരു നോക്കൂ. അങ്ങനെയൊരാൾക്കേ ചിത്ര കണ്ണാളനേ(ബോംബെ) പാടുമ്പോൾ സുജാതയെക്കൊണ്ടു ഹമ്മിങ് പാടിക്കാനാകൂ. 

വല്ലാത്ത ആകർഷണീതയുള്ള മെലഡി റഹ്മാനു സ്വന്തമായുണ്ടെന്നും അസാമാന്യ പ്രതിഭയ്ക്കൊപ്പം സാങ്കേതിക മികവു കൂടി ഒത്തു ചേരുന്നതാണു റഹ്മാൻ എന്നും സംഗീത സംവിധായകൻ അൽഫോൻസ് പറഞ്ഞത് എത്ര ശരി. 

ദേവരാജൻ മാഷിന്റെയും ദക്ഷിണാമൂർത്തി സ്വാമിയുടെയും അർജുനൻ മാഷിന്റെയും മനസിൽ വിരിയുന്ന ഈണങ്ങൾക്കു പിന്നണി വാദ്യങ്ങളുടെ പട്ടുറുമാൽ ചാർത്തിയ മാസ്റ്റർ അറേഞ്ചർ ആർ.കെ. ശേഖറിന്റെ മകൻ അങ്ങനെയായില്ലെങ്കിലേ അദ്ഭുതമുള്ളൂ. 

ആ റഹ്മാന് അൻപതു വയസോ ? 

ഇല്ല റഹ്മാനു വയസാകില്ല. 

കാൻ ചലച്ചിത്രോൽസവത്തിന്റെ ചുവന്ന പരവതാനിയിലൂടെ ഐശ്വര്യ റായ് കടന്നു വരുമ്പോൾ അവർ നാൽപതു പിന്നിട്ടുവെന്ന് ആരെങ്കിലും പറയുമോ? 

1983 എന്ന സിനിമയിൽ സച്ചിൻ തെണ്ടുൽക്കറുടെ ആരാധകനായ കോച്ച് പറയുന്നതു പോലെ, ‘‘എഴുപതാം വയസിൽ സച്ചിൻ കളിക്കാൻ പോകുന്ന സ്ട്രെയ്റ്റ് ഡ്രൈവ്...’’

അതെ, സച്ചിനും ഐശ്വര്യ റായ്ക്കും റഹ്മാനും വയസാകില്ല. 

അൻപതിലാണു യൗവനം തുടങ്ങുന്നത്. 

അതിനു മുൻപുള്ളതൊക്കെ വെറും കൗമാരം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.