Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിഹരൻ പ്രണയിക്കുന്നു അറുപതിലും

എച്ച്. സുരേഷ്
uyire-image

കടലിലേക്കു തല നീട്ടി നിൽക്കുകയാണ് ആ കോട്ട. അകലെ നിന്നു പായ്ക്കപ്പലോടിച്ച് വരുന്ന ശത്രുവിനെ നിരീക്ഷിക്കാനുള്ള കൊത്തളങ്ങളുണ്ട് അതിൽ. കൽക്കെട്ടുകളിലേക്ക് ആഞ്ഞടിക്കുന്ന തിര. ആ തിരതള്ളലിന് ഒരു ഇരമ്പമുണ്ട്. കല്ലിലടിച്ചു പിൻവാങ്ങുമ്പോൾ ഒരു ഏങ്ങലും. ഗിറ്റാറിന്റെ ഏങ്ങലിനൊടുവിൽ ഒരു കാറ്റിന്റെ സാന്ത്വനം പോലെ ഹരിഹരന്റെ ശബ്ദം.

ഉയിരേ...ഉയിരേ...

വന്ത് എന്നോട് കലന്ത് വിട്

uyire-still

ബേക്കൽ കോട്ടയുടെ സൗന്ദര്യം മുഴുവൻ സ്വന്തമാക്കിയാണു മണിരത്നം ആ ഗാനം ചിത്രീകരിച്ചത്. ബേക്കൽ കോട്ടയിലെ പകലിനെക്കാൾ ഭംഗി അവിടത്തെ രാത്രികൾക്കാണ്. ആകാശം പൂത്തു നിൽക്കുമ്പോൾ താഴെ കണ്ണാടിക്കടൽ. പകലിനെ സൗന്ദര്യം കൊണ്ടു തോൽപിക്കുന്ന നിലാവെയിൽ. ഈ പാട്ട് എഴുതും മുൻപു കവി വൈരമുത്തുവിനെ മണിരത്നം ലൊക്കേഷൻ കാണിച്ചിരിക്കുമോ? ബേക്കലിലെ തിരയും കാറ്റും നിലാവുമെല്ലാം ആ വരികളിലുണ്ട്.

നിനവേ നിനവേ

എന്തെൻ നെഞ്ചോടു കലന്തു വിട്

നിലവേ നിലവേ

ഇന്ത വിണ്ണോടു കലന്തു വിട്.

ഹരിഹരനെ വ്യത്യസ്തനാക്കുന്നതു കാറ്റിനെപ്പോലെ കടലിനെപ്പോലെ സ്വതന്ത്രമായി പാറി നടക്കുന്ന സ്വരമാണ്. ഉയിരേ എന്ന പാട്ട് ആരെക്കൊണ്ടു പാടിക്കണം എന്ന കാര്യത്തിൽ ചെറിയ സംശയമുണ്ടായിരുന്നു എ.ആർ.റഹ്മാന്. അന്നു മുൻനിരയിൽ നിന്നിരുന്ന യേശുദാസ്, എസ്.പി.ബാലസുബ്രഹ്മണ്യം എന്നിവരുടെയും ഹരിഹരന്റെയും പേരുകളായിരുന്നു മനസിൽ. മൂന്നു പേരും പാടുന്നതു സങ്കൽപിച്ചു നോക്കി റഹ്മാൻ. ഒടുവിൽ, വ്യത്യസ്തതയ്ക്കു വേണ്ടി ഹരിഹരന്റെ സ്വരം തിരഞ്ഞെടുത്തു. അതു തെറ്റിയില്ല.

സംഗീത സംവിധായകൻ തന്നെ ആലോചിക്കാത്ത വിസ്മയങ്ങളിലേക്ക് ഈണത്തെ പറത്തിക്കൊണ്ടു പോകും ആ സ്വരം. ചിത്ര ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഹരിഹരന്റെ കൂടെ ഡ്യുറ്റ് പാടുമ്പോൾ ഭയമാണെന്ന്. ഇന്നത്തെ റെക്കോർഡിങ്ങുകളിൽ യുഗ്മ ഗായകർ തമ്മിൽ കാണുന്നത് അപൂർവം. ഓരോരുത്തരും അവരുടെ ഈണങ്ങൾ പാടി, പിന്നീട് സ്റ്റുഡിയോയിൽ മിക്സ് ചെയ്യുന്ന രീതിയാണ്. ഹരിഹരന്റെ ഭാഗം റെക്കോർഡിങ് പൂർത്തിയായെങ്കിൽ അത് ആദ്യം കേട്ടു നോക്കുമെന്നു ചിത്ര പറയുന്നു. കാരണം, സംഗീത സംവിധായകൻ പാടിക്കൊടുത്തതിനേക്കാൾ ഉയരത്തിലേക്കു പോയിരിക്കും ഹരിഹരൻ തന്റെ മനോധർമ സംഗതികളിലൂടെ.

സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന സിനിമയ്ക്കു വേണ്ടി എ.ആർ.റഹ്മാൻ ഒരുക്കിയ ‘നിലാക്കായ്കിറതേ’ എന്ന ഗാനം. രണ്ടു ഗ്രാമങ്ങളുടെ കഥ പറഞ്ഞ സിനിമയാണത്. കാറ്റിനെയും നിലാവിനെയും കാണാതെ വഴക്കിടുന്നവരെക്കുറിച്ചു വൈരമുത്തു എഴുതിയ വരികൾ മനോഹരമാണ്:

നിലാകായ്കിറത് നേരം തേങ്ങിറത

യാരും രസിക്കവില്ലയേ

ഇന്ത കൺകൾ മറ്റും ഉന്നൈ കാണും

തെൻട്രൽ പോകിറത് സോലൈ സിരിക്കിൻട്രത

യാരും സുഹിക്കവില്ലയേ

ചിന്ന കൈകൾ മറ്റും ഉന്നൈ തീണ്ടും

ഹരിണിയും ഹരിഹരനും പാടിയിട്ടുണ്ട്. ഈ ഗാനം. രണ്ടു പേരുടെയും ഗാനങ്ങളിൽ ചെറിയ ചില വ്യത്യാസങ്ങളുമുണ്ട്. ചരണത്തിൽ മനോധർമ സംഗതികളിലൂടെ ഹരിഹരൻ പോകുന്നതു കേട്ടു നിന്നു പോകും നമ്മൾ.

കാട്രു വീശും വെയിൽ കായും കായും

അതിൽ മാട്രം ഏതും ഇല്ലയേ

ആ...വാനും മണ്ണും നമ്മൈ വാഴ ചൊല്ലും

അന്ത വാഴ്ത്ത് ഒളിയവില്ലൈ എന്നെന്ത്രും വാനിൽ

ഇനിയും സംശയമുണ്ടെങ്കിൽ തന്റെ തന്നെ പാട്ടുകൾ ഹരിഹരൻ സ്റ്റേജ് ഷോകളിൽ പാടുന്നതു കേട്ടു നോക്കൂ. ഓരോ തവണ പാടുമ്പോഴും ഓരോ അനുഭവമാണ്. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ച് ഗസലുകളിലൂടെ പ്രശസ്തനായ ഗായകന് ഇതു ചെറിയ ഖയാലുകൾ മാത്രം.

ഹാസിർ എന്ന പേരിൽ ഒരു ഗസൽ ആൽബമുണ്ട്. അതിൽ ഹരിഹരന്റെ സ്വരം മൽസരിക്കുന്നതു തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ താളത്തോടാണ്. ചിട്ടവട്ടങ്ങളുടെ കെട്ടു പൊട്ടിച്ച് ചിന്നിച്ചിതറി ഇരുവരും പോകുന്നതു കേട്ടറിയണം. മലയാളത്തിൽ ആ മനോധർമത്തെ മനോഹരമായി ഉപയോഗിച്ചതു രമേശ് നാരായണനാണ്. ഗർഷോം എന്ന സിനിമയ്ക്കു വേണ്ടി ‘പറയാൻ മറന്ന പരിഭവങ്ങൾ’ എന്ന ഗാനം. ജോഗ് രാഗത്തിന്റെ ചരടിൽ കോർത്തിട്ട് ആ സ്വരത്തെ ഒരു പട്ടം പോലെ പറത്തി വിട്ടിരിക്കുകയാണ്.

അലയൂ നീ ചിരന്തനനാം ....

സാന്ധ്യമേഘമേ

നീ വരുമപാരമീ മൂകവീഥിയിൽ

പിരിയാതെ വിടരാതടർന്ന

വിധുര സുസ്മിതം

എരിയുമേക താരകയായ്

വഴി തെളിക്കയോ

*പറയാൻ മറന്ന പരിഭവങ്ങൾ *

വിരമഹാർദ്രമാം മിഴികളോർക്കേ

അൻപത്തിയഞ്ചാം വയസ് ഹരിഹരൻ ആഘോഷിച്ചതു വ്യത്യസ്തമായ ഒരു പ്രണയഗാനത്തോടെയാണ്. ഹാരിസ് ജയരാജിന്റെ ഈണത്തിൽ താമര രചിച്ച മനോഹരമായ ഗാനം:

നെ‍ഞ്ചുക്കുൾ പെയ്തിടും മാ മാഴൈ

നീരുക്കുൾ മൂഴ്കിടും താമരൈ

സട്ടെൻട്രു മാറുതു വാനിലൈ

പെണ്ണേ ഉൻ മേൽ പിഴൈ

നില്ലാമൽ വീസിടും പേരലൈ

നെഞ്ചുക്കുൾ നീന്തിടും താരകൈ

പൊൻവണ്ണം സൂടിയ കാരികൈ

പെണ്ണേ നീ കാഞ്ചനൈ

അറുപതാം വയസിൽ ഇതാ മലയാളത്തിൽ രണ്ടു പാട്ടുകൾ. പത്തേമാരിയിൽ ബിജിബാലിന്റെ സംഗീതത്തിൽ പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു എന്ന ഗാനത്തിനു പിന്നാലെ വിദ്യാസാഗറിന്റെ പ്രണയഗാനം, അനാർക്കലിയിൽ നിന്ന്:

സാഹിബാ ഇന്നേതു

മേഘദൂതു കാത്തു നിൽപൂ

സാഹിബാ ഇന്നേതു

ലോലഗാനം പാടി നിൽപൂ

എന്നിലെ സാഗരം മൂകമായ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.