Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓലഞ്ഞാലിക്കുരുവിക്ക് എഴുപത്

എച്ച്. സുരേഷ്

വാണി ജയറാമിന് 70 വയസ്...? വിടർന്ന കണ്ണുകളുമായി ബ്രഹ്മമംഗലം സ്കൂളിന്റെ പടിയിൽ നിന്ന ആ പച്ചപ്പാവാടക്കാരിക്ക് എഴുപതോ? രമേശന്റെ ആ കൂട്ടുകാരിയല്ലേ നമുക്കു വേണ്ടി പാടിയത്?

ഓലഞ്ഞാലിക്കുരുവി

ഇളം കാറ്റിലാടി വരു നീ

vani-jayaram

നവംബർ 30ന് വാണി ജയറാമിന്റെ എഴുപതാം പിറന്നാളാണ്. എഴുപതോ എന്നു ചോദിക്കാൻ കാരണമുണ്ട്. അവർ എന്നും നമ്മുടെ ‘ഗുഡിയ’യായിരുന്നു. 44 വർഷം മുൻപ് നമ്മളെ തേടി വന്ന ഒരു ബോളിവുഡ് സ്വരം. പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് ഗുഡി എന്ന സിനിമയിൽ ആ സ്വരം പരിചയപ്പെടുത്തിയത്.

ബൊല്‌രേ പപീ ഹരാ...പപി ഹര

നിത് ഘൻ ബരസേ, നിത് മൻ പ്യാസാ

രണ്ടു വർഷത്തിനു ശേഷം മലയാളത്തിനു വേണ്ടി ആ സ്വരം കണ്ടെടുത്തു സലിൽ ചൗധരി. ഭൂമിയെക്കുറിച്ചുള്ള മനോഹരമായ സ്വപ്നം വരച്ചിട്ട ഒഎൻവി ഒടുവിൽ ചോദിക്കുന്നു. നിന്നെ ഞാൻ എന്തു വിളിക്കും? ആ ചോദ്യത്തിനു സലിൽ ചൗധരി നൽകിയ ഉത്തരമാണ് വാണി ജയറാം.

സൗരയുഥത്തിൽ വിരിഞ്ഞോരു

കല്യാണസൗഗന്ധികമാണീ ഭൂമി

അതിൻ സൗവർണ പരാഗമാണോമനേ നീ

അതിൻ സൗരഭമാണെന്റെ സ്വപ്‌നം സ്വപ്‌നം

നിന്നെ ഞാനെന്തു വിളിക്കും?

മലയാള സിനിമയുടെ ചരിത്രത്തിൽ അതു പുതിയ കാലത്തിന്റെ പാട്ടായി. ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, രാഘവൻ എന്നീ പേരുകൾക്കു പിൻഗാമികളായി പുതിയ പേരുകൾ: എം.കെ.അർജുനൻ, സലിൽ ചൗധരി, കെ.ജെ. ജോയ്, ശ്യാം, ആർ. കെ. ശേഖർ... നായികമാരിൽ ജയഭാരതിക്കും ഷീലയ്‌ക്കും ശാരദയ്‌ക്കും പിന്നാലെ വിധുബാല, ലക്ഷ്‌മി തുടങ്ങിയ പേരുകൾ. അവർക്കൊപ്പം വാണി ജയറാം എന്ന ഗായികയും. ചേച്ചിയെ സംഗീതം പഠിപ്പിക്കാൻ വന്ന കടലൂർ ശ്രീനിവാസ അയ്യങ്കാരാണ് വാണിയുടെ സ്വരത്തിൽ ഭാവി ഗായികയെ കണ്ടെത്തിയത്. അഞ്ചാം വയസിൽ അയ്യങ്കാർ പറഞ്ഞു കൊടുത്ത ദീക്ഷിതർ കൃതികൾ പെട്ടെന്നു പഠിച്ചെടുത്തു കൊണ്ട് അദ്‌ഭുതപ്പെടുത്തിയ വാണി വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വന്നത്.

വസന്ത് ദേശായി പരിചയപ്പെടുത്തിയ യുവ സ്വരത്തെ നൗഷാദ്, മദൻ മോഹൻ, ആർ.ഡി.ബർമൻ, ഒ.പി.നയ്യാർ, ലക്ഷ്‌മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്‌ജി, ജയദേവ് തുടങ്ങിയ മുൻനിര സംഗീത സംവിധായകരൊക്കെ പാടിച്ചു. എന്നാൽ ചെന്നൈയിലേക്കു താമസം മാറ്റിയതോടെ വാണി ബോളിവുഡിൽ നിന്ന് അകന്നു. അതു മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി. എഴുപതുകളുടെ രണ്ടാം പാതിയിൽ മലയാളത്തിന്റെ ഈണമായി മാറിയ എം.കെ.അർജുനൻ–ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടു പൂർണമാകണമെങ്കിൽ വാണി ജയറാം എന്ന പേരു കൂടി ചേർക്കണം.

പ്രവാഹത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, പിക്‌നിക്കിലെ ‘വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി’, തിരുവോണത്തിലെ ‘തിരുവോണപ്പുലരി തൻ തിരുമുൽകാഴ്‌ച കാണാൻ’, സിന്ധുവിലെ ‘തേടി തേടി ഞാനലഞ്ഞു’ ...അങ്ങനെ എത്രയെത്ര പാട്ടുകൾ മൂവരും കൂടി നമുക്കു തന്നു. ആശീർവാദത്തിൽ അർജുനൻ മാഷിനു വേണ്ടി ഭരണിക്കാവ് ശിവകുമാർ എഴുതിയ ‘സീമന്ത രേഖയിൽ..’ എന്ന ഗാനം എക്കാലത്തെയും മികച്ച മലയാള ഗാനങ്ങളിൽ ഒന്നാണ്. ഇനിയുമുണ്ട് വാണീവീണ പതിഞ്ഞ പാട്ടുകൾ: എം.എസ്. വിശ്വനാഥന്റെ ‘പത്മതീർഥക്കരയിൽ’, ‘പുലരിയോടെ സന്ധ്യയോടോ’, ആർ. കെ.ശേഖറിന്റെ ‘ആഷാഢ മാസം ആത്മാവിൽ മോഹം’, എം.ജി. രാധാകൃഷ്‌ണന്റെ ‘ഓർമകൾ ഓർമകൾ’....

തച്ചോളി അമ്പു എന്ന സിനിമയിൽ രാഘവൻ മാഷിന്റെ ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ...’ ഇന്നും പാടി കേൾക്കുന്ന ഗാനമാണ്. മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയ്‌ക്കു വേണ്ടി ഇടവ ബഷീറിനൊപ്പം പാടിയ ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ എന്ന ഗാനവും ഇന്നും പുതുമ മാറാത്തവയാണ്. കെ.ജെ ജോയിയാണ്‌ഈ പാട്ടിനു സംഗീതം നൽകിയത്. ജോയിയുടെ ‘മറഞ്ഞിരുന്നാലും..’ വാണി ജയറാമിന്റെ മറ്റൊരു പ്രശസ്‌ത ഗാനമാണ്. സർപ്പത്തിനു വേണ്ടി ഖവ്വാലി മാതൃകയിൽ ജോയി ഈണമിട്ട ‘സ്വർണ മീനിന്റെ ചേലൊത്തെ കണ്ണാളെ..’ എന്ന ഗാനത്തിൽ യേശുദാസിനും എസ്. പി. ബാലസുബ്രഹ്‌മണ്യത്തിനുമൊപ്പം വാണിയും ചേർന്നു.

ഏറെ വർഷങ്ങൾക്കു ശേഷമാണു 1983 എന്ന സിനിയിലൂടെ മലയാളത്തിൽ തിരിച്ചെത്തിയത്. അതോ, ഒരു വയസിനു മാത്രം മൂപ്പുള്ള, വാണിയെപ്പോലെ സ്വരത്തിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന ജയചന്ദ്രനൊപ്പം.

ഓലഞ്ഞാലിക്കുരുവി

ഇളം കാറ്റിലാടി വരു നീ

കൂട്ടുകൂടി കിണുങ്ങി

മിഴിപ്പീലി മെല്ലെ തഴുകി

ദീർഘയാത്ര ചെയ്താണു വാണിയമ്മ മലയാളത്തിലെത്തിയത്. തമിഴ് കുടുംബത്തിൽ പിറന്നു. മുംബൈയിൽ ജീവിച്ചു. ഹിന്ദിയിൽ പ്രശസ്തയായി. പിന്നെ തമിഴിലും മലയാളത്തിലും തെലുങ്കിലുമെത്തി. പൂവച്ചൽ ഖാദർ എഴുതി ജോൺ‌സൺ ഈണമിട്ട ആ പാട്ടു പോലെയുള്ള യാത്ര:

ഏതോ ജന്മകൽപനയിൽ

ഏതോ ജന്മവീഥികളിൽ

ഇന്നും നീ വന്നു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.