Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചുവരാതെങ്ങനെ ഹൃദയ രാമഴ...

റിയ ജോയ്
by റിയ ജോയ്
yatrakkarude sredak

ആർത്തലയ്ക്കുന്ന രാത്രിമഴയ്ക്കു നേരെ വാതിൽജനാലകൾ കൊട്ടിയച്ച് ഫ്ലാറ്റിനുള്ളിൽ ഒറ്റയ്ക്കിരുന്ന് പെയ്യുകയായിരുന്നു ജ്യോതി, പുറത്തു പെയ്യുന്ന മഴയേക്കാൾ കോരിച്ചൊരിഞ്ഞ്, വെള്ളിടിവട്ടം കുടനിവർത്തിയ മരക്കൂണിനോളം പൊള്ളിമരവിച്ച്...അൽപനേരം മുമ്പാണ് റാം യാത്ര പറഞ്ഞ് ആ ഫ്ളാറ്റുവിട്ടിറങ്ങിയത്. അവളെയും അവളെ ചേർത്ത് അയാൾ കണ്ട സ്വപ്നങ്ങളെയും അവിടെ ബാക്കി വച്ച്. യഥാർഥത്തിൽ അവിടെ നിന്ന്, തന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങിപ്പോകാൻ കുറെയേറെക്കാലമായി ജ്യോതി അയാളോട് പറാതെ പറയുകയായിരുന്നു. ഒരുമിച്ച് ഒരേ മേൽക്കൂരക്കീഴിലുറങ്ങിയിട്ടും ഒരു വാക്കുകൊണ്ടും നോക്കുകൊണ്ടും പോലും കൂട്ടുകൂടാതെ, ഒപ്പമിരിക്കാൻ പലവട്ടം വിളിച്ചിട്ടും ഒറ്റയ്ക്കാക്കാൻ മടികാട്ടാതെ... ജ്യോതി അയാളിൽ നിന്നും അകലം പാലിക്കുകയായിരുന്നു. കരുതിക്കൂട്ടി പ്രതികാരം വീട്ടുംപോലെ...

നഗരത്തിരക്കിൽ രണ്ടുമുറി വാടകവീട്ടിൽ ഒരുമിച്ചു കഴിഞ്ഞ സുഹൃത്തുക്കൾ മാത്രമായിരുന്നു അവർ. ആദ്യമായി കണ്ടുമുട്ടിയത് ഒരു പാതിരാത്തീവണ്ടിയാത്രയിലാണ്. ഒരേ കൂപ്പയിൽ ഒരുമിച്ചു യാത്ര ചെയ്ത പരിചയം. പിന്നീട് ഒരേ ഓഫിസിൽ ജോലി ചെയ്തതിന്റെ സൗഹൃദം... ഒറ്റയ്ക്കൊരു വാടകവീടു തരപ്പെടാതെ വന്നപ്പോൾ ജ്യോതി തന്നെയാണ് റാമിനോട് ആവശ്യപ്പെട്ടത്, റാമിന്റെ ഫ്ലാറ്റിൽ പകുതി വാടകയ്ക്ക് തനിക്കു കൂടി ഒരിടം തരാമോ എന്ന്. നഗരത്തിലൊക്കെ ജീവിച്ച അൽപസ്വൽപം പരിഷ്കാരിയായ ജ്യോതിക്ക് അതിൽ തെല്ലും അസ്വഭാവികത തോന്നിയില്ല. പക്ഷേ, റാം.. നാട്ടുമ്പുറത്തു വളർന്ന്, പെണ്ണുങ്ങളോട് അധികമൊന്നും ഇടപഴകി പരിചയമില്ലാത്ത ആ ചെറുപ്പക്കാരൻ ജ്യോതിയെ അധികം വൈകാതെ തന്റെ ഹൃദയത്തിലേക്കു കൂടിയാണ് താമസിക്കാൻ വിളിച്ചത്. സ്വതവേയുള്ള പരിഭ്രമം കൊണ്ട് അയാൾക്കതു തുറന്നു പറയാൻ കഴിഞ്ഞില്ലെങ്കിലും അമ്മയ്ക്കയച്ച അടുത്ത കത്തിൽ എഴുതി, അയാൾ ഇത്രയും കാലം കാത്തിരുന്ന പെൺകുട്ടിയെ കണ്ടുമുട്ടിയെന്ന്. പിന്നീട് അവൾ പോലുമറിയാതെ അവൾക്കു ചുറ്റിലും പ്രണയപരാഗം പരത്തുകയായിരുന്നു റാം. ഒറ്റയ്ക്കൊരു പ്രണയം. അവളോടുള്ള ഓരോ മൂളലിൽ പോലുമുണ്ടായിരുന്നു ആ പ്രണയത്തിന്റെ പറയാമൗനം..

ഒന്നു തൊടാനുള്ളിൽ തീരാ മോഹം

ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാ ദാഹം

ഇനിയെന്തുവേണമിനിയെന്തുവേണമീ

മൗനമേഘമലിയാൻ പ്രിയംവദേ

നീ വരുന്ന വഴിയോര സന്ധ്യയിൽ

കാത്തുകാത്തുനിഴലായി ഞാൻ

അന്നു തന്നൊരനുരാഗ രേഖയിൽ

നോക്കിനോക്കിയുരുകുന്നു ഞാൻ

രാവുകൾ ശലഭമായ് പകലുകൾ കിളികളായ്

നീ വരാതെയെൻ രാക്കിനാവുറങ്ങി...

പക്ഷേ, ഇതൊന്നും തിരിച്ചറിയാതെ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്ന ജ്യോതിയോട് ഒടുവിൽ അയാൾ ഹൃദയം തുറക്കുന്നത് അവളുടെ വിവാഹത്തലേന്നാണ്. വളരെ വൈകിയിരുന്നു അപ്പോഴേക്കും. അത്രയും വലിയൊരു രഹസ്യം അതുവരെ പറയാതെ മനസിലൊളിപ്പിച്ച റാമിനോടുള്ള പകപോക്കൽ മാത്രമായി പിന്നീടു ജ്യോതിയുടെ ജീവിതം. അതേ ഫ്ളാറ്റിനുള്ളിലെ ഏകാന്തതയിൽ അത്യേകാകികളായി അവർ തുടർന്നു. ആളുകൾക്കു മുന്നിൽ ചിരിയുടെ അലങ്കാരമണിഞ്ഞ്, തനിച്ചാകുമ്പോഴൊക്കെ മുഖം വീർപ്പിച്ച്, പ്രണയശൂന്യമായ കുത്തുവാക്കുകളിൽ പ്രതികാരമൗനം ചാലിച്ച്, ഒന്നും മിണ്ടാതെ, തമ്മിൽ തമ്മിൽ നോക്കാതെ, ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്തി കുറച്ചുകാലം.. എന്നെങ്കിലും തന്റെ പ്രണയം തിരിച്ചറിഞ്ഞ് തന്നിലേക്കു ജ്യോതി മടങ്ങിയെത്തുമെന്ന വെറുംകിനാവും പോലും റാം കാണാതെയായിത്തുടങ്ങിയിരിക്കണം. അതുകൊണ്ടുതന്നെയാണ് അയാൾ എന്നെന്നേയ്ക്കുമായി അവളോടു യാത്ര പറഞ്ഞിറങ്ങിയത്, അന്നത്തെ ആ രാത്രിമഴയിൽ...

തെല്ലുറങ്ങിയുണരുമ്പോഴൊക്കെയും

നിൻ തലോടലറിയുന്നു ഞാൻ

തെന്നൽ വന്നു കവിളിൽ തൊടുമ്പോഴാ

ചുംബനങ്ങളറിയുന്നു ഞാൻ

ഓമനേ ഓർമകൾ അത്രമേൽ നിർമലം

നിന്റെ സ്നേഹമർമരങ്ങൾ പോലും തരളം...

ഏതിന്ദ്രജാലമൃദുമന്ദഹാസമെൻ

നേർക്കുനീട്ടിയലസം മറഞ്ഞുനീ...

ഇതത്രയും കഴിഞ്ഞുപോയ കഥ. ഇപ്പോൾ ജ്യോതി തനിച്ചാണ്. റാം അൽപം മുമ്പ് മാത്രം പടിയിറങ്ങിയ ആ ഫ്ളാറ്റിനുള്ളിൽ. അവിടെ ചടഞ്ഞുകൂടി കിടന്ന ഏകാന്തത ഏതോ ദുരന്തനാടകത്തുടക്കത്തിലേക്ക് ചുരുൾ നിവരാനിരിക്കുന്ന തിരശ്ശീല പോലെ തോന്നിച്ചു. ഇത്രകാലം കഴിച്ചുകൂട്ടിയ ആ ഇടുങ്ങിയ വാടകവീടിന് അവൾ ഇനിയും തുറക്കാത്ത ആയിരം മുറികളുണ്ടെന്ന് തോന്നിച്ചു, റാമിന്റെ ഹൃദയം പോലെ. ചുറ്റിലും തിരഞ്ഞു കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ജ്യോതി, ഏത് ഇരുട്ടുമൂലയിലാണ് റാം ഇത്രയും കാലം അയാളുടെ പ്രണയത്തിന്റെ പാൽച്ചെരാതുകൾ കെടുത്തിസൂക്ഷിച്ചതെന്ന്.

അപ്പോഴതാ..ആയിരം ശിവരാത്രി വിളക്കുകൾ ഒരുമിച്ച് കൺതെളിയും പോലെ. തിരച്ചിലിനൊടുവിൽ അവൾ ഒരു കരച്ചിലിലേക്ക് പൊട്ടിവീഴുകയായി. എവിടെ? അത്രായിരം ചെരാതുകളിൽ പ്രണയം തെളിയിച്ച റാം എവിടെ? റാമിനെ തിരിച്ചുവേണമെന്നു തോന്നാൻ ഇത്രയും വൈകിയതോർത്ത് അവൾ സ്വയം പഴിച്ചു. തുരുമ്പിച്ച കത്തിമൂർച്ച കൊണ്ട് ഇടംകൈത്തണ്ടയിൽ കടുംചോപ്പുവളകൾ വരഞ്ഞു. എന്നിട്ടും തീരാത്ത സങ്കടം കരഞ്ഞുതീർക്കാൻ അവളെ മഴയെ കൂട്ടുവിളിച്ചു..

കൈവിരൽത്തുമ്പിൽ ചുടുചോരയും കവിൾത്തുടുപ്പിൽ കണ്ണുനീരും പെയ്തുതോരും മുമ്പേ, മരണം തണുതണുത്ത കടവിലേക്ക് അവളുടെ തുഴയടുക്കുമെന്ന് ഏതാണ്ടുറപ്പായപ്പോഴാണ്, പുറത്ത് ഒരു കാൽപ്പെരുമാറ്റം.. വാതിൽക്കൽ ഒരു മുട്ടിവിളിയും. ജ്യോതീ....

മരണത്തോളമെത്തിയിട്ടും ജീവിതത്തിലേക്കുള്ള ആ ക്ഷണം അവൾക്കു സ്വീകരിക്കാതെ വയ്യ...

കാരണം, പിൻവിളിക്കുന്നത് പ്രണയമാണെങ്കിൽ മടങ്ങിവന്നേ മതിയാകൂ....

എനിക്കും നിങ്ങൾക്കും...

എത്രായിരം മരണകാതങ്ങൾക്കപ്പുറത്തുനിന്നും...

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer

The views expressed in Manorama Online/Manorama News interactive sections are those of members of the public and are not necessarily those of the Manorama Online/Manorama News.
Manorama Online reserve the right to fail messages which?
Are considered likely to disrupt