Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതം പഠിക്കാത്ത സംഗീതസംവിധായകൻ!

peer-muhammed

വിശ്വസിച്ചേ പറ്റൂ. നാലായിരത്തിലേറെ പാട്ടുകൾക്കു സംഗീതം നൽകിയ പീർ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ല. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനായ പീർ മുഹമ്മദിനെ സംഗീതസംവിധായകൻ എന്ന നിലയിൽ നാം കാണുന്നുമില്ല. പാടിയ ആയിരക്കണക്കിനു ഗാനങ്ങളിൽ നല്ലൊരു പങ്കിനും സംഗീതം നിർവഹിച്ചത് അദ്ദേഹം തന്നെയായിരുന്നു എന്നറിയുന്നവർ ചുരുങ്ങും. സംഗീതവിദ്യാഭ്യാസമില്ലാതെയാണ് ഈ ഹിറ്റ് ഈണങ്ങൾ ഒരുക്കിയത് എന്നറിയുമ്പോൾ വിസ്മയം പതിന്മടങ്ങാവും.  പിന്നെ എങ്ങനെ സംഗീതം ചെയ്തു.? ‘അത് എനിക്കും അറിയില്ല. ഒരു പാട്ടിന്റെ വരി കാണുമ്പോൾ അതിന്റെ സംഗീതം താനേ മനസ്സിൽ വരും’. പീർ മുഹമ്മദ് പറയുന്നു.

‘എനിക്ക് ഒരു സംഗീതോപകരണവും വായിക്കാൻ അറിയില്ല. ലലല്ല ലലല്ല... എന്നു പാടിക്കൊടുത്തു ഞാൻ ഉപകരണവാദകരെ പഠിപ്പിക്കും. പിന്നെ റിക്കോർഡിങ്ങിന്റെ സമയത്ത് ഓർക്കസ്ട്രേഷന്റെ ചുമതല മറ്റൊരാളെ ഏൽപിക്കും. ബി.എ.ചിദംബരനാഥും മകൻ രാജാമണിയുമാണ് എന്റെ ഗാനങ്ങൾക്കു മിക്കവാറും ഓർക്കസ്ട്ര ചെയ്തിരുന്നത്. എ.ടി.ഉമ്മറും സഹായിച്ചിട്ടുണ്ട്.’

അവയൊക്കെ ജനപ്രിയ ഇശലുകളായി. പല ഈണങ്ങളും നിലവിലുള്ള പാട്ടുകൾ മാറ്റംവരുത്തി ചിട്ടപ്പെടുത്തിയതാണെന്നു തുറന്നു പറയുന്നതിനു പീർ മുഹമ്മദിനു മടിയില്ല. ‘അഴകേറുന്നോളേ...’. എന്ന പ്രശസ്തമായ ഗാനം റംലാ ബീഗം പാടിയ  ‘ഉളരീടൈ...’ എന്ന ഗാനത്തിൽ നിന്നു പ്രചോദനം സ്വീകരിച്ചതാണ്. പിന്നീടത് കസെറ്റിൽ റിക്കാർഡ് ചെയ്‌തപ്പോൾ ഓർക്കസ്ട്രേഷൻ നിർവഹിച്ചത് എ.ടി.ഉമ്മർ. 

മുഹമ്മദ് മറ്റത്ത് എഴുതിയ ‘മുത്തുവൈരക്കല്ല്...’ എന്ന ഗാനത്തിന്റെ ഈണം  ‘പൂച്ചെടിപ്പൂവിന്റെ മൊട്ട്...’ എന്ന നാടകഗാനത്തിൽ മാറ്റം വരുത്തിയതാണ്. റീജുസബാ തളിർ കുളിർക്കാറ്റേ.., ബലിപെരുന്നാളിന്റെ സന്ദേശവുമായി..., എന്നിവ സി.എച്ച്.വെള്ളിക്കുളങ്ങരയുടെ രചനയിൽ പീർ മുഹമ്മദ് ഈണമിട്ടു പാടി. പ്രശസ്തമായ ‘അലിഫ് കൊണ്ടു നാവിൽ...’ രചിച്ചത് എസ്.വി.ഉസ്‌മാൻ. ഈണം പീർക്ക തന്നെ. പി.ടി.അബ്ദുറഹ്മാൻ രചിച്ച സൂപ്പർഹിറ്റ് ഗാനം ‘കാഫ്മല കണ്ട പൂങ്കാറ്റേ...’ ഈണം നൽകിയതും മറ്റാരുമല്ല – പീർ മുഹമ്മദ് പാടിയ എണ്ണായിരത്തോളം ഗാനങ്ങളിൽ ഏറ്റവും വലിയ ഹിറ്റ്!

മറ്റു സംഗീതസംവിധായകരുടെ ഗാനങ്ങൾ പാടുമ്പോഴും സ്വകീയമായ മാറ്റങ്ങൾ വരുത്താൻ ചിലപ്പോഴൊക്കെ പീർക്ക ശ്രമിച്ചിട്ടുണ്ട്. പി.ടി.അബ്ദുറഹ്മാന്റെ മനോഹര രചനയായ ‘നിസ്‌കാരപ്പായ നനഞ്ഞു പൊതിർന്നല്ലോ...’ എന്ന ഗാനത്തിനു വടകര എം.കുഞ്ഞുമൂസ നൽകിയ ഈണത്തിന് അൽപം മാറ്റം വരുത്തിയാണ് പീർ മുഹമ്മദ് കസെറ്റിൽ പാടിയത്. ഓർക്കസ്ട്ര ഒരുക്കിയതു ചിദംബരനാഥ്.

പീർ മുഹമ്മദിനോടൊപ്പം ഭൂരിഭാഗം പാട്ടുകളും പാടിയത് ശൈലജയാണ്. ചില പാട്ടുകൾ സുജാതയും സിബെല്ലാ സദാനന്ദനും പാടിയിട്ടുണ്ട്. ഇവരുടെ സോളോകൾക്കും പീർക്ക ഈണം നൽകിയിട്ടുണ്ട്.

തമിഴിലും പീർ മുഹമ്മദ് ശബ്‌ദവും സംഗീതവും നൽകിയിട്ടുണ്ട്. സി.കെ.താനൂർ രചിച്ച പന്ത്രണ്ട് തമിഴ് പാട്ടുകൾക്കു സ്വന്തമായി ഈണമിട്ടാണ് അദ്ദേഹം പാടിയത്. തെലുങ്ക് നടൻ രാജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന സംഗീത മ്യൂസിക് ആണ് ഈ ആൽബം പുറത്തിറക്കിയത്.

സംഗീതം പഠിക്കാത്ത ഒരാൾ വന്നു ഹിറ്റ് ഗാനങ്ങൾ സൃഷ്ടിക്കുന്നത് പൊതുവേ സ്വാഗതം ചെയ്യപ്പെടണമെന്നില്ല. പക്ഷേ, തനിക്ക് അത്തരം വിഷമങ്ങൾ ഉണ്ടായിട്ടില്ലെന്നു പീർക്ക പറയുന്നു. ‘എന്റെ അടിവേരിളക്കാൻ ആരും നോക്കിയില്ല. ഞാൻ ഈണമിടുന്നതിനെ എല്ലാവരും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ഏറ്റവും പിന്തുണച്ചത് എ.ടി.ഉമ്മറാണ്. എനിക്ക് ഓർക്കസ്ട്ര ചെയ്യാൻ അറിയില്ലായിരുന്നു. പക്ഷേ, അന്നു രംഗത്ത് ഒന്നാം നിരയിൽ ഉണ്ടായിരുന്നവർ തന്നെ എനിക്ക് അതു ചെയ്തു തന്നു. സംഗീതജീവിതത്തിൽ ജ്യേഷ്ഠസഹോദരന്റ സ്ഥാനമാണ് എ.ടി.ഉമ്മറിന്. അദ്ദേഹം മദ്രാസിൽ ചെന്ന കാലത്ത് സഹായിച്ചത് എന്റെ ബന്ധുവായ ഹംസയാണ്. അതുകൊണ്ട് ആ സ്നേഹം മരണം വരെ നിലനിർത്തി. കോറസൊന്നും പാടി ആയുസ്സുകളയാൻ നിൽക്കരുതെന്ന് ഉപദേശിച്ചത് അദ്ദേഹമാണ്. ഒരു വാക്കു ഞാൻ പറ‍ഞ്ഞിരുന്നെങ്കിൽ അദ്ദേഹം എനിക്ക് സിനിമയിൽ ഒട്ടേറെ അവസരം തന്നേനെ. പക്ഷേ, ഞാൻ ഒരിക്കലും സൗഹൃദങ്ങളെ കാര്യസാധ്യത്തിനായി ഉപയോഗിച്ചിട്ടില്ല.’ പീർക്ക പറയുന്നു.

സംഗീതസംവിധാനം സംബന്ധിച്ച് ഒരു സ്വപ്നം പീർക്കയ്ക്കു ബാക്കിയുണ്ട്. ഒരുപാട് മനോഹരമായ ഗാനങ്ങൾ എഴുതി കടന്നുപോയ പി.ടി.അബ്‌ദുറഹ്‌മാന്റെ ഇനിയും വെളിച്ചം കാണാത്ത രചനകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കണം. പത്തു പാട്ട് പീർക്ക ഈണം നൽകി മകൻ നിസാമും ചേർന്നു പാടിവച്ചിട്ടുണ്ട്. പക്ഷേ, ഇക്കാലത്തു സംഗീത ബിസിനസ് ശോഭനമല്ലാത്തതുകൊണ്ട് അത് ആസ്വാദകരിലേക്ക് എത്താൻ വൈകുന്നുവെന്നു മാത്രം.

Read More: ഗ്രാമഫോണിലെ ലേഖനങ്ങൾ വായിക്കാം