Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഉപഭൂഖണ്ഡം മുഴുവൻ കീഴടക്കിയ പാട്ടുകാരൻ!

muhammed-rafi

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിഷമിച്ചിരുന്ന ഹാജി അലി മുഹമ്മദിന്റെ ആറ് മക്കളിൽ രണ്ടാമനായി, പഞ്ചാബിലെ അമൃത്​സറിനടുത്ത് കോട്​ലാ സുൽത്താൻ സിങ് എന്ന ഗ്രാമത്തിൽ 1924 ഡിസംബർ 24ന് ആണു റഫി ജനിച്ചത്. (മരണം–1980 ജൂലൈ 31). 

ബാല്യത്തിൽ വീട്ടുകാരും നാട്ടുകാരും അദ്ദേഹത്തെ വിളിച്ചിരുന്നതു ‘ഫീക്കോ’ എന്നായിരുന്നു. ആ ഗ്രാമത്തിൽ എപ്പോഴും പാട്ടുപാടി നടക്കുന്ന ഒരു ഫക്കീർ ഉണ്ടായിരുന്നു. അയാളെ അനുകരിച്ചു കോമാളിപ്പാട്ടു പാടുന്നതു ഫീക്കോയുടെ ബാല്യകാല വിനോദമായിരുന്നു. ആ കോമാളിപ്പാട്ടുകളായിരുന്നു ഈ മഹാനായ ഗായകന്റെ ആദ്യ ആലാപന പരിശ്രമങ്ങൾ.

പിതാവ് ജോലി തേടി ലഹോറിലേക്കു പോയപ്പോൾ 1935ൽ കുടുംബം അവിടേക്കു പറിച്ചുനട്ടു. കൊച്ചു ഫീക്കോയിൽ വലിയ ഗായകൻ ഒളിഞ്ഞിരിപ്പുണ്ടെന്നു തിരിച്ചറിഞ്ഞത് ജ്യേഷ്ഠന്റെ ചങ്ങാതി അബ്ദുൽ ഹമീദ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയാലാണു റഫി സംഗീതത്തെ ഗൗരവമായി സമീപിച്ചത്. അങ്ങനെ സമീപത്തുള്ള ഗുരുക്കന്മാരുടെ കീഴിൽ ശാസ്ത്രീയമായി സംഗീത പഠനം ആരംഭിച്ചു.

13ാം വയസ്സിൽ ആദ്യമായി പൊതുവേദിയിൽ പാടി. പാട്ടുകാരൻ എന്ന നിലയിൽ ഫീക്കോയ്ക്കു വലിയ ഭാവിയുണ്ടെന്നു വീട്ടുകാരെ ബോധ്യപ്പെടുത്തിയത് അബ്ദുൽ ഹമീദ് ആയിരുന്നു.

റഫിക്ക് 17 വയസ്സുള്ളപ്പോൾ ഒരു സംഭവം ഉണ്ടായി. പ്രശസ്ത ഗായകൻ സൈഗാളിന്റെ സംഗീത കച്ചേരി നടക്കുന്നു. അതിനിടയ്ക്ക് വൈദ്യുതി ബന്ധം നിലച്ചു. കറന്റ് വന്നിട്ടു പാടാമെന്നായി സൈഗാൾ. ജനങ്ങൾ ബഹളം വച്ചു തുടങ്ങി. അപ്പോൾ ജനങ്ങളെ ശാന്തരാക്കാനായി ഹമീദ് റഫിയോട് പാടാൻ പറഞ്ഞു. സംഘാടകർ അനുമതി നൽകുക കൂടി ചെയ്തതോടെ റഫി പാടി. ജനം പതിയെ ശാന്തരായി. റഫിയുടെ ആദ്യ പരസ്യപ്രകടനം മൈക്കില്ലാതെയായിരുന്നു. സൈഗാളിനെ കേൾക്കാനെത്തിയിരുന്ന സംഗീത സംവിധായകൻ ശ്യാം സുന്ദറിന് ആ ‘ഫില്ലർ’ പാട്ടുകാരനെ ഇഷ്ടമായി. തന്റെ അടുത്ത പഞ്ചാബി സിനിമയായ ‘ഗുൽ ബലോച്ചി’ൽ സീനത്ത് ബീഗത്തിനൊപ്പം ‘സോണിയേ നീ...’ എന്ന ഗാനം പാടാൻ റഫിക്ക് അവസരം നൽകുന്നു. അങ്ങനെ 1941ൽ റഫി തന്റെ ജീവിതത്തിലെ ആദ്യ പിന്നണിഗാനം പഞ്ചാബി ഭാഷയിൽ റിക്കോർഡ് ചെയ്തു. പക്ഷേ, ചിത്രം പുറത്തിറങ്ങിയത് 1944ൽ ആയിരുന്നു.

ഉന്നത സംഗീത പഠനത്തിനും സിനിമയിൽ പാടുന്നതിനുമായി റഫിയെ മുംബൈയ്ക്ക് അയയ്ക്കണമെന്ന് ഹമീദ് ആവശ്യപ്പെട്ടു. പിതാവിനു വലിയ താൽപര്യം ഇല്ലായിരുന്നു. എങ്കിലും ഹമീദിന്റെ നിർബന്ധത്തിനു വഴങ്ങി ‘വലിയ പാട്ടുകാരനായി മാത്രം തിരിച്ചെത്തിയാൽ മതി’ എന്നു പറഞ്ഞ് പിതാവ് യാത്രാനുമതി കൊടുത്തു.

ഹമീദിനൊപ്പം 1944ൽ മുംബൈയിൽ എത്തിയ റഫി ഒരു കൊച്ചു മുറി വാടകയ്ക്കെടുത്തു താമസം തുടങ്ങി. സിനിമയിൽ പാടാൻ അവസരം ചോദിച്ചുള്ള അലച്ചിലായിരുന്നു പിന്നീടുള്ള നാളുകൾ. കവി തൻവീർ നഖ്​വി റഫിയെ പല പ്രമുഖർക്കും പരിചയപ്പെടുത്തി. അവിടെയും ശ്യാം സുന്ദർ തുണയ്ക്കെത്തി. ‘ഗാവ് കി ഗൗരി’ എന്ന ചിത്രത്തിലെ ‘അജി ദിൽ ഹോ കാബൂ മേ...’ എന്ന ഗാനം ജി.എം.ദുറാനിക്കൊപ്പം പാടാൻ അവസരം നൽകി. അതായിരുന്നു റഫി പാടിയ ആദ്യ ഹിന്ദി ഗാനം.

സംഗീത സംവിധായകൻ നൗഷാദിനെ പരിചയപ്പെട്ടതാണ് റഫിയുടെ ജീവിതത്തിൽ നിർണായകമായത്. ‘പഹ്​ലേ ആപ്’ എന്ന ചിത്രത്തിൽ ‘ഹിന്ദുസ്ഥാൻ കെ ഹം ഹേ...’ എന്ന ഗാനത്തിൽ ശ്യാം കുമാർ, അലാവുദ്ദീൻ എന്നിവർക്കൊപ്പം പാടാനുള്ള അവസരം നൗഷാദ് നൽകി. ‘ഗാവ് കി ഗൗരി’ 1945ലേ റിലീസ് ചെയ്തുള്ളൂ. അതുകൊണ്ട് 1944ൽ റിലീസ് ചെയ്ത ‘പഹ്​ലേ ആപ്’ ആണ് റഫിയുടെ ഗാനവുമായി ആദ്യം ഇറങ്ങിയ ഹിന്ദി സിനിമ. താഴ്ന്ന സ്ഥായിയിലും ഉച്ചസ്ഥായിയിലും ഒരേ ഭംഗിയോടെ പാടാനുള്ള റഫിയുടെ കഴിവിൽ നൗഷാദ് ആകൃഷ്ടനായി. പക്ഷേ, ആദ്യ നാളുകളിൽ കോറസ് പാടാനാണ് നൗഷാദ് റഫിയെ നിയോഗിച്ചത്. ഇടയ്ക്കിടെ ആരുടെയെങ്കിലും ഒപ്പം പാടാനുള്ള ചെറിയ അവസരങ്ങളും റഫിക്കു ലഭിക്കുമായിരുന്നു.

ഇതിനിടെ ഇന്ത്യാ–പാക്ക് വിഭജനമെത്തി. സിനിമയിൽ തനിക്കൊരു ഭാവിയുണ്ടെന്നു തിരിച്ചറിഞ്ഞ റഫി, പാക്കിസ്ഥാനിൽനിന്നു കുടുംബത്തെ മുംബൈയിലേക്കു കൊണ്ടുവന്നു.  1949 ആയിരുന്നു റഫിയുടെ ജീവിതത്തെ മാറ്റി മറിച്ച വർഷം. ചാന്ദ്നി രാത്, ദില്ലഗി, ദുലാരി (നൗഷാദ്), ബാസാർ (ശ്യാം സുന്ദർ), മീണ ബാസാർ (ഹുസ്നലാൽ) എന്നീ ചിത്രങ്ങളിൽ സോളോ പാടാനുള്ള അവസരം റഫിക്കു ലഭിച്ചു. പിന്നീട് ആ മഹാഗായകനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1970കളിൽ കിഷോർ കുമാർ തരംഗം അലയടിക്കുന്നതുവരെ റഫി എന്ന രണ്ടക്ഷരമായിരുന്നു ഹിന്ദി സിനിമയിലെ പുരുഷശബ്ദത്തിന്റെ പര്യായം. ഇന്നും ഇന്ത്യൻ സിനിമാ സംഗീതത്തിലെ ആദ്യ വാക്ക് ‘റഫി’ തന്നെ.