Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറുന്നൊരോർമയായ്...

gramaphone-column-photo ജിതിൻ ശ്യം വര: വിഷ്ണു വിജയൻ

ഏതു ശ്രേണിയിലും വേറിട്ടു നിൽക്കുന്ന ചില ചാരുതകളുണ്ട്. ഒരു കൂട്ടം സുന്ദരിമാർക്കിടയിൽ ആർക്കും മുഖം തരാത്ത ഒരുവൾ, ഒരു പൂന്തോട്ടത്തിൽ വ്യത്യസ്ത ഇതൾ വിന്യാസമുള്ള ഒന്ന്. മലയാളസിനിമയിലെ വിഷാദഗാനങ്ങളിലെ വേറിച്ച സൗരഭ്യമാണ് ‘ദൂരേ...നീറുന്നൊരോർമയായ്...’. എൻ. ശങ്കരൻ നായരുടെ സംവിധാനത്തിൽ 1982ൽ ഇറങ്ങിയ ‘പൊന്മുടി’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ സവിശേഷത സംഗീതമാണ്.

ആലപ്പുഴക്കാരൻ ജിതിൻ ശ്യാം എന്ന മുഹമ്മദ് ഇസ്മായിലാണ് അനശ്വരമായ ഈ സംഗീതം നൽകിയത്. വേദനയുടെ പാട്ടുകാരൻ ബാലു കിരിയത്തിന്റെ രചനയിൽ എസ്. ജാനകിയുടെ നെഞ്ചുലയ്ക്കുന്ന ആലാപനം. പ്രേം നസീറും ശാരദയും അഭിനയിച്ച ഗാനരംഗം. സാധാരണ ശോകഗാനങ്ങളിൽനിന്നു വ്യത്യസ്തമായി ഉച്ചസ്ഥായിയിലുള്ള തുടക്കം തന്നെ വികാരനിർഭരം. ഒറ്റക്കേൾവിക്കുതന്നെ മനസ്സു കീഴ്പ്പെടുത്തുന്ന, എത്ര കേട്ടാലും മടുക്കാത്ത നിത്യഹരിത സംഗീതം. ഹിന്ദുസ്ഥാനിയുടെ പ്രസരിപ്പും മലയാളത്തിന്റെ മനസ്സുമുള്ള ഗാനം.

sjanaki

ജാനകിയുടെ ആലാപനമികവിന് ഒരുപാടു പ്രശംസ കിട്ടിയ പാട്ട്. പക്ഷേ, ഇതിന്റെ റിക്കോർഡിങ് കഴിഞ്ഞപ്പോൾ ജാനകി പറഞ്ഞത് ഇങ്ങനെ: ‘സംഗീത സംവിധായകൻ ഉദ്ദേശിച്ചതിന്റെ പകുതി പോലും ആയില്ലെന്നു തോന്നുന്നു എന്റെ ആലാപനം.’ അത്ര മിടുക്കനായ സംഗീതജ്ഞനായിരുന്നു ജിതിൻ ശ്യാം. മലയാളികൾ ഒട്ടുംതന്നെ അറിയാതിരുന്ന, ഉപയോഗിക്കാതിരുന്ന സംഗീത പ്രതിഭ. ഹിന്ദി സിനിമകളും നാടകങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. അതിനിടെ ഏതാനും മലയാള സിനിമകളും ചെയ്തെന്നുമാത്രം.

ബാലു കിരിയത്ത് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റായ വിസ (1983) യിൽ യേശുദാസും ജെൻസിയും പാടിയ ‘താലി പീലി കാട്ടിനുള്ളിലൊരു...’ ഹിറ്റ് ചാർട്ടിൽ ഇടം നേടി. ‘പൊന്മുടി’യിൽ യേശുദാസ് പാടിയ ‘ജലദേവത ഉണരാൻ...’, വാണി ജയറാമിന്റെ ‘വിടരുവാൻ വിതുമ്പും...’ എന്നിവ അക്കാലത്തെ ഗാനമേളകളിലെ പ്രിയ വിഭവമായിരുന്നു.

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ‘തണലി’ൽ ബിച്ചു തിരുമല എഴുതിയ ‘പ്രഭാത കിരണം..., അവസാന സിനിമയായ ‘സുന്ദരി നീയും സുന്ദരൻ ഞാനു’മിൽ രഞ്ജിത് മട്ടാഞ്ചേരി രചിച്ച ‘ആരോമൽ പൂവേ...’ എന്നിവയും മികച്ച ഗാനങ്ങളാണ്. സിനിമക്കാർക്ക് പ്രായേണ കുറവായ സ്വഭാവഗുണത്തിനുടമയായിരുന്നു ജിതിൻ ശ്യാം. ഒരു കളികളുടെയും ഭാഗമായില്ല. ആരോടും ചാൻസ് പോലും ചോദിച്ചിട്ടില്ല. ‘മലയാള സിനിമയിൽ പ്രേം നസീറിനൊപ്പം നിർത്താൻ പറ്റുന്നത്ര മാന്യനായിരുന്നു ജിതിൻ ശ്യാം. പൂ പോലെ മൃദുലമായ മനസ്സുള്ള ഒരാൾ. നൻമയുടെ പൊന്നുതമ്പുരാൻ.’ ബാലു കിരിയത്ത് അനുസ്മരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ജിതിൻ നമ്മെ വിട്ടുപോയി. ആലപ്പുഴയിലെ വീട്ടിൽവച്ചായിരുന്നു അപ്രതീക്ഷിതമായ അന്ത്യം. മുഹമ്മദ് റഫിയെ മലയാള സിനിമയിൽ പാടിക്കാൻ ഭാഗ്യം ലഭിച്ച ഏക സംഗീത സംവിധായകൻ കൂടിയാണു ജിതിൻ ശ്യാം. മലയാള ഗാനങ്ങൾ പാടാൻ റഫി തയാറല്ലായിരുന്നു. ഉച്ചാരണം വഴങ്ങുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ‘തളിരിട്ട കിനാക്കൾ’(1980) എന്ന സിനിമയിൽ ജിതിൻ ശ്യാമിന്റെ സംഗീതത്തിൽ ‘ഷബാബ് ലേകേ വോ...’ (രചന: ആയിഷ് കമാൽ) എന്ന ഹിന്ദി ഗാനം അദ്ദേഹം പാടി.

balu-kiriyat

ഈ ചിത്രത്തിൽ ജമാൽ കൊച്ചങ്ങാടി രചിച്ച ‘ ആ ചുരം ഈ ചുരം’, ‘എൻ മൂക വിഷാദം’, പി. ഭാസ്കരൻ രചിച്ച ‘വൈകി വന്ന വസന്തം, ശാരികേ നീ വരൂ...’ തുടങ്ങിയവയും ജിതിൻ ശ്യാമിന്റെ സംഗീതത്തിൽ ശ്രദ്ധേയമായി. തങ്ങളിൽ കലാഭിരുചി ഉണ്ടായതിൽ മാതാപിതാക്കളുടെ സ്വാധീനത്തെപ്പറ്റി മിക്ക സംഗീതജ്ഞരും അനുസ്മരിക്കാറുണ്ട്. ജിതിൻ ശ്യാമിന്റെ കാര്യത്തിൽ ഈ സ്വാധീനം പിതാവിൽനിന്നായിരുന്നു. പക്ഷേ, വളരെ വ്യത്യസ്തമായ രീതിയിലായിരുന്നെന്നു മാത്രം. ഗ്രാമഫോൺ റെക്കോർഡുകളുടെ ആലപ്പുഴ ജില്ലയിലെ മൊത്തവിൽപ്പനക്കാരനായിരുന്നു പിതാവ് ഉമ്മർ. അങ്ങനെ ആൽബങ്ങളെല്ലാം ആദ്യം കേൾക്കാനുള്ള ഭാഗ്യം മകനുണ്ടായി. റഫിയുടെ പാട്ടുകളിൽ ഇസ്മായിൽ ചെറുപ്പത്തിലേ അത്യധികം ആകൃഷ്ടനായി. സംഗീതാഭിരുചിക്കു വീട്ടുകാരുടെ പിന്തുണകൂടി ലഭിച്ചു. ആലപ്പുഴ ആർട് അസോസിയേഷൻ അംഗം ഉസ്താദ് ഉസ്മാനിൽനിന്നു ചെറുപ്പത്തിലേ ഹാർമോണിയം പഠിക്കാൻ തുടങ്ങി. അക്കാലത്ത് ആലപ്പുഴയിൽ പ്രശസ്തമായിരുന്ന റംലാ ബീഗത്തിന്റെ കഥാപ്രസംഗ ട്രൂപ്പിൽ ഗായകനായും ഹാർമോണിസ്റ്റായും ചേർന്നതോടെയാണ് ഇസ്മായിലിലെ പ്രഫഷനൽ സംഗീതജ്‍ഞൻ പിറക്കുന്നത്.

റഫിയോടുള്ള ആരാധന കടുത്തതോടെ മുംബൈയിലേക്കു പോകാൻ തീരുമാനിക്കുന്നു. അങ്ങനെ 18ാം വയസ്സിൽ മുംബൈയിൽ എത്തി. മഹാനായ നൗഷാദിന്റെ അസിസ്റ്റന്റ് എന്ന മഹാഭാഗ്യമാണ് ഇസ്മായിലിനെ കാത്തിരുന്നത്. (നൗഷാദിന്റെ അസിസ്റ്റന്റാകാൻ കഴിഞ്ഞ മറ്റൊരു മലയാളി ജെറി അമൽദേവാണ്) സിനിമാ സംവിധായകൻ കബീർ റാവുത്തറെ പരിചയപ്പെട്ടതു വഴിത്തിരിവായി. അങ്ങനെ അദ്ദേഹത്തിന്റെ ‘ലോക്കൽ ട്രെയിൻ’ എന്ന ചിത്രത്തിന്റെ സംഗീത ചുമതല ലഭിക്കുന്നു. അപ്പോഴേക്കും ഹിന്ദി സിനിമാ ലോകത്തിനു ചേരുന്ന രീതിയിൽ ജിതിൻ‌ ശ്യാം എന്നു പേരും മാറ്റി ഇദ്ദേഹം. സ്വപ്നതുല്യമായ തുടക്കം. റഫിയെ ആരാധിച്ചിരുന്ന ചെറുപ്പക്കാരന് തന്റെ ആദ്യ സിനിമാഗാനം തന്നെ റഫിയെക്കൊണ്ടു പാടിക്കാൻ അവസരം ലഭിക്കുന്നു, ഗാനം– ‘ഏ മൗലാ തേരീ ദുനിയാ മേ...’

‘ജസ്‌ബ’ എന്ന ചിത്രത്തിൽ ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലേ, എസ്.പി.ബാലസുബ്രഹ്മണ്യം എന്നിവരാണു ജിതിന്റെ ഈണങ്ങൾ ആലപിച്ചത്. ‘നിശാനേ ഖരം’ എന്ന ചിത്രത്തിൽ തലത് മുഹമ്മദിനെക്കൊണ്ട് ‘ശ്യാം ഹോതേഹി തേരേ..’ എന്ന സുന്ദരമായ ഗാനം ജിതിൻ ആലപിപ്പിച്ചു. മഹേന്ദ്രകപൂർ, കുമാർ സാനു, ഉദിത് നാരായണൻ, അൽക്കാ യാഗ്നിക്, കവിതാ കൃഷ്‌ണമൂർത്തി, അനുരാധാ പൊതുവാൾ തുടങ്ങി ഹിന്ദിയിലെ ഒന്നാംനിര ഗായകരെല്ലാം ജിതിൻ ശ്യാമിന്റെ ഈണങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദിക്കു പുറമേ, കന്നഡയിലും ബോജ്‌പൂരിയിലും ഉർദുവിലും ഗാനങ്ങളൊരുക്കി. സിനിമയ്ക്കു വേണ്ടി എഴുതിയ ഗാനമല്ല ‘ദൂരേ...നീറുന്നൊരോർമയായ്’. ആത്മാന്വേഷിയായി ഇന്ത്യ മുഴുവൻ അലഞ്ഞു നടന്ന നാളുകളിലൊന്നിൽ ഹിമാലയത്തിലെ മാനസസരോവറിൽ വച്ചാണ് ബാലു കിരിയത്ത് ഈ കവിത എഴുതിയത്. എത്ര അകലത്തിലേക്കു പോയാലും പിന്തുടരുന്ന ഒരു നഷ്ടസ്വപ്നത്തിന്റെ ഓർമയിലാണ് ഈ കവിത എഴുതിയത്.

വർഷങ്ങൾക്കുശേഷം മുംബൈയിലെ ജൂഹൂ ബീച്ചിലെ ‘സൺ ആൻഡ് സാൻഡ്’ ഹോട്ടലിലിരുന്നു ബാലുവും ജിതിനും കൂടി പൊന്മുടിയിലെ ഗാനങ്ങൾ ഒരുക്കുന്നു: രണ്ടു മൂന്നു ഗാനങ്ങൾ ട്യൂണിട്ട് എഴുതിക്കഴിഞ്ഞപ്പോൾ ജിതിൻ പറഞ്ഞു: ‘ഇനി ഒരെണ്ണം എഴുതൂ. ദേവരാജൻ മാസ്റ്ററിനെപ്പോലെ കവിതയ്ക്കു ട്യൂണിടാനാണ് എനിക്കും ഇഷ്ടം. എന്നാലേ, എഴുത്തുകാരന്റെ ആവിഷ്കാരം പൂർണമാവൂ.’ സിനിമയിലെ വിഷാദരംഗത്തിലെ പാട്ടാണ് അടുത്തത്. ബാലുവിന് തന്റെ പഴയ കവിത ഓർമ വന്നു. അത് ചൊല്ലി. ‘ഞാൻ കവിത ചൊല്ലി കഴി‍ഞ്ഞപ്പോൾ അദ്ദേഹം വെറും രണ്ടു മിനിറ്റു കണ്ണടച്ചിരുന്നു. എന്നിട്ട് പാടിയ ട്യൂണാണ് നിങ്ങൾ ഇപ്പോൾ കേൾക്കുന്നത്.’ ബാലു കിരിയത്ത് പറഞ്ഞു. ആ ഗുണമെല്ലാം പാട്ടിൽ കാണാം. ദൂരേ... എന്ന വാക്ക് എത്രയോ ദൂരത്തേക്കാണ് സംഗീതവീചികളിൽ ഒഴുകുന്നത്.

ഒരു കൗതുകം കൂടി: ‘ദൂരേ.. നീറുന്നൊരോർമയായ്... ’ എന്ന ഗാനത്തിൽ മനോഹരമായ കീ ബോർഡ് വായിച്ചിരിക്കുന്നത് ആരാണെന്നോ? സാക്ഷാൽ എ.ആർ. റഹ്മാൻ!