Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്ളിക്കെട്ട് സബരിമലയ്ക്ക്...

വിശാലതയാണു തമിഴ്നാടിന്റെ പ്രത്യേകത. എത്ര അകലേക്കും കാഴ്ച കിട്ടും. മലകളുടേയോ മരങ്ങളുടേയോ തടസ്സമില്ല. ഭൂപ്രകൃതിയുടെ ഈ തുറവി തമിഴ്നാട്ടുകാരുടെ സ്വഭാവത്തിലുമുണ്ട്. സ്നേഹവും സങ്കടവും കോപവും സന്തോഷവുമൊന്നും ഒതുക്കിവയ്ക്കില്ല. തുറന്നങ്ങു പ്രകടിപ്പിക്കും. ഭക്തിയുടെ കാര്യത്തിലും ഇതുതന്നെ. തീർഥാടനകേന്ദ്രങ്ങളിലൊക്കെ നമുക്കു പരിചിതമാണു തമിഴരുടെ ഈ ഭക്തിപാരവശ്യം. നമുക്ക് അതിവൈകാരികമെന്നു തോന്നാവുന്ന ഈ ആർജവത്വമാണ്

‘പള്ളിക്കെട്ട് സബരിമലയ്ക്ക്

കല്ലും മുള്ളും കാലുക്കു മെത്തൈ

സാമിയേ അയ്യപ്പോ

അയ്യപ്പോ സാമിയേ...’

എന്ന ചിരഞ്ജീവിയായ അയ്യപ്പഭക്തി ഗാനത്തിന്റെയും പ്രത്യേകത. മലയാളികൾക്കു മലയാളം പാട്ടുകളോളം പ്രിയങ്കരവും അതിലേറെ പരിചിതവുമായ ഭക്തിഗാനം. ഹൃദ്യമായ രചന, ഊർജം വഴിഞ്ഞൊഴുകുന്ന സംഗീതം, അടിപൊളി ഓർക്കസ്ട്രേഷൻ... അങ്ങനെ ഒരുപാടു മേന്മകൾ എടുത്തുപറയാമെങ്കിലും ഈ ഗാനത്തിന്റെ ഏറ്റവും വലിയ സവിശേഷത ആലാപനത്തിലെ ആത്മാർഥത തന്നെ. ആർക്കും ഇക്കാര്യത്തിൽ രണ്ടാമതൊരു പക്ഷമില്ല. ഹൃദയത്തിന്റെ ഉള്ളിൽ നിന്നു ജനിക്കുന്ന ഭക്തിപ്രഹർഷം ഒരു മനുഷ്യാത്മാവിനു കഴിയുന്നത്ര ഉച്ചസ്ഥായിയിൽ വിന്യസിക്കുന്ന വൈഭവത്തിലൂടെയാണ് കെ. വീരമണി ദക്ഷിണേന്ത്യൻ ഭക്തിഗാന ചരിത്രത്തിൽ അമരനാവുന്നത്. ആരാണ് ഈ വീരമണി? എവിടെനിന്നു വരുന്നു ഈ വീരൻ?

ചെന്നൈ നഗരത്തിലെ ട്രിപ്ലിക്കനിലെ വലിയ സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണു വീരമണി ജനിച്ചത്. എം.കെ. കൃഷ്ണകുഞ്ജരം അയ്യരും ഭാഗീരഥിയും മാതാപിതാക്കൾ. 72 മേളകർത്താ രാഗങ്ങൾ രചിച്ച എൻ. കോട്ടീശ്വര അയ്യർ മുതുമുത്തച്ഛൻ. ശിവഗംഗയിലെ ആസ്ഥാനവിദ്വാനായിരുന്ന കവി കുഞ്ജര ഭാരതികളായിരുന്നു മുത്തച്ഛൻ. വീരമണിക്കും ചേട്ടൻ കെ. സോമുവിനും ചെറുപ്പം മുതലേ സംഗീതത്തിന്റെ ശല്യമുണ്ടായിരുന്നു. ബാല്യകൗമാരങ്ങളിൽ ഇരുവരും പേരുകേട്ട ഗുരുക്കന്മാരുടെ കീഴിൽ പഠിച്ചു. 1952ൽ ആദ്യ കച്ചേരി അവതരിപ്പിച്ചു. നാടകങ്ങൾക്കു സംഗീതം നൽകാൻ തുടങ്ങിയതോടെ ‘വീരമണി സോമു’ എന്ന കൂട്ടുകെട്ട് തമിഴ്നാട്ടിലെങ്ങും പ്രസിദ്ധമായി. 1952ൽ തമിഴ്നാട് മർക്കന്റൈൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്റെ ‘കാതലർ കാങ്കൽ’ എന്ന നാടകത്തിൽ ‘സർവശക്തി വിനായകനേ സരണം...’ എന്ന ഭക്തിഗാനത്തിനു സംഗീതം നൽകിയായിരുന്നു സഹോദരങ്ങളുടെ ശുഭാരംഭം. (രചന–സോമു). 1952–70 കാലയളവിൽ ഇവർ 500 നാടകങ്ങൾക്കു സംഗീതം നൽകി.

art04 വര: വിഷ്ണു വിജയൻ

ഇതിനിടെ കച്ചേരികളും മുടക്കിയില്ല. ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലായി ആറായിരത്തിലേറെ കച്ചേരികൾ നടത്തി. ഒന്നിച്ചുള്ള സംഗീതയാത്രയ്ക്കിടയ്ക്കും ഇരുവരുടെയും അഭിരുചികൾ വ്യത്യസ്ത ദിശകളിലായിരുന്നു. മുടങ്ങാതെയുള്ള ശബരിമല ദർശനവും ഭക്തിഗാന രചനകളുമായി സോമു ആത്മീയ പാതയിൽ ഉറച്ചുനിന്നപ്പോൾ, 1960 മുതൽ എം.എസ്. വിശ്വനാഥനുമായി ചേർന്നു വാണിജ്യ സംഗീത പരിശ്രമങ്ങളിലായിരുന്നു വീരമണിയുടെ ശ്രദ്ധ. എം.എസ്. വിശ്വനാഥന്റെ കച്ചേരികളിൽ ടി.എം. സൗന്ദർരാജനു പകരം പാടാൻ തുടങ്ങിയതോടെ സാക്ഷാൽ എംജിആറിന്റെ ശ്രദ്ധയിൽ ഈ ശബ്ദം പതിഞ്ഞു. ആയിരത്തിൽ ഒരുവൻ, ഭാരത വിലാസ്, തനി കുടിതനം, രാധാതിലകം, കന്താർ അലങ്കാരം തുടങ്ങിയ സിനിമകളിൽ പാടുന്നതിലേക്കാണ് എംജിആറുമായുള്ള ബന്ധം വളർന്നത്. 1987ൽ കലൈമാമണി പുരസ്കാരം നൽകി തമഴ്‌നാട് സർക്കാർ വീരമണിയെ ആദരിച്ചു. ഇതിനിടെ പ്രമുഖ തമിഴ് നടൻ എം.എൻ. നമ്പ്യാരുമായി വീരമണി സൗഹൃദത്തിലാവുകയും നമ്പ്യാരുടെ പ്രേരണയാൽ സ്ഥിരമായി ശബരിമല ദർശനം നടത്തുകയും ചെയ്തുവന്നു. ‘വീരമണി സോമു’ കൂട്ടുകെട്ടിലും ഇക്കാലമൊക്കെയും സംഗീതസപര്യകൾ നടന്നുവന്നു. എച്ച്എംവി 1970ൽ ഇറക്കിയ ഭക്തിഗാന ആൽബത്തിലൂടെയാണ് ‘പള്ളിക്കെട്ട് സബരിമലയ്ക്ക്...’ എന്ന ഗാനം പിറന്നതെന്നു സോമുവിന്റെ മകനും ഗായകനുമായ രാജു വീരമണി പറയുന്നു. പള്ളിക്കെട്ടിന്റെ രചനയും സംഗീതവും സോമു നിർവഹിച്ചു. തൊണ്ടപൊട്ടിപ്പാടിയതു വീരമണി. സംഗീതത്തിൽ മുഴുവൻ സമയം മുഴുകാനായി തമിഴ്‌നാട് പൊലീസ് സർവീസിലെ ജോലി ഉപേക്ഷിച്ച രാജുവിന്റെയും വീരമണിയുടെ മകൻ വീരമണി കണ്ണന്റെയും ഗാനമേളകളിലെ ഏറ്റവും ഹിറ്റ് നമ്പരാണ് ‘പള്ളിക്കെട്ട്....’

‘എങ്ങനെയാണ് ആ സംഗീതം ചെയ്തതെന്ന് നിശ്ചയമില്ല. ഹാർമോണിയം പോലും നന്നായി വായിക്കാനറിയാത്ത ഞാൻ ഒരു മനക്കണക്കിൽ അങ്ങു ചെയ്യുകയായിരുന്നു. വീരമണിയും വയലിനിസ്റ്റ് ഗജയും എന്നെ പള്ളിക്കെട്ടിന്റെ സംഗീതം ചെയ്യാൻ സഹായിച്ചു.’ സോമു പറയുന്നു. ആദ്യ ആൽബത്തിൽ സോമുവിന്റെ നിർബന്ധപ്രകാരം ‘സോമു–ഗജ’ എന്നാണു സംഗീതത്തിനു ക്രെ‍ഡിറ്റ് നൽകിയിരുന്നത്. തമിഴ്‌നാട്ടിൽ ഗംഭീര ഹിറ്റായിരുന്നു. ചൂടപ്പം പോലെ പതിപ്പുകൾ വിറ്റുപോയി. 45 വർഷമായി തമിഴ്‌നാട്ടിലെ ഗാനമേളകളിലെ പ്രിയഗാനമായും ഭക്തിഗാനങ്ങളിൽ ഒന്നാം സ്ഥാനത്തും ഈ ഗാനമുണ്ട്. എത്രയോ പേർ എത്രയോ ആൽബങ്ങളിൽ ഇത് ആവർത്തിച്ചു പാടിയിരിക്കുന്നു. പക്ഷേ, വീരമണിയുടെ ഒറിജിനലിന്റെ ഊർജവും അതിന്റെ വിദ്യുത് സ്പർശവും മറ്റാർക്കും നൽകാനായില്ല. 22 ലക്ഷം കവിഞ്ഞു യൂട്യൂബിൽ മാത്രം ഒറിജിനൽ ട്രാക്ക് കേട്ടവരുടെ എണ്ണം.

എൽ പി ഡിസ്കുകൾ ഓഡിയോ കസെറ്റുകൾക്ക് വഴിമാറിയതോടെയാണ് ഈ ഗാനം ദക്ഷിണേന്ത്യയിലാകെ പടരുന്നതും നമ്മുടെ കേരളത്തിൽ തരംഗമാവുന്നതും. ‘അയ്യനേ സരണം’ എന്നായിരുന്നു കസെറ്റിന്റെ പേര്. നിരീശ്വരവാദിയെപ്പോലും ഭക്തിയുടെ ആഹ്ലാദസാഗരത്തിൽ ആറാടിച്ച വീരമണിയുടെ അവസാന നാളുകൾ വേദനാകരമായിരുന്നു. രക്താർബുദം ബാധിച്ച് അത്യന്തം അവശനായിരുന്നു. സോമു ഓർമിക്കുന്നു. ‘ഒരു കച്ചേരി കൂടി നടത്തണം എന്ന് അവന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ 1990 സെപ്റ്റംബർ 25നു മധുരമീനാക്ഷി ക്ഷേത്രം അതിനു വേദിയായി. രോഗം മൂർച്ഛിച്ചിരുന്നെങ്കിലും അവശതകളെല്ലാം മറന്ന് അവൻ പാടി. ഒരുപക്ഷേ, അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തൽ പോലെ കൂടുതൽ മനോഹരമായിരുന്നു അത്. ഒരു സ്വരം പോലും ഇടറിയില്ല. കൊതി തീരുംവരെ ആ ക്ഷേത്രാങ്കണത്തിൽ അവൻ‌ പാടി. അവന്റെ മനസ്സ് പറഞ്ഞതു ശരിയായിരുന്നു. അത് അവസാനത്തെ കച്ചേരിയായിരുന്നു. ഒക്ടോബർ 29ന് അനിയൻ പോയി.’

art03

സഹോദരന്റെ വേർപാടിനുശേഷം സംഗീതലോകത്തുനിന്നു മാറിനിന്ന സോമു പിന്നീട് സജീവമായതു വാണിജയറാമിന്റെ നിർബന്ധത്താലാണ്. തന്റെ ആൽബങ്ങൾക്കു സോമു തന്നെ സംഗീതം നിർവഹിക്കണം എന്നു വാണി വാശിപിടിച്ചു. ആ പാട്ടുകളുടെ റിക്കോർഡിങ്ങിനിടെ, അനുജന്റെ അഭാവം സൃഷ്ടിച്ച വൈകാരികശൂന്യതയിൽ സോമു ബോധരഹിതനായി നിലത്തുവീഴുക പോലുമുണ്ടായി. 1,500 ആൽബങ്ങളിലും രണ്ടായിരം ഭക്തിഗാനങ്ങളുടെ ക്രെഡിറ്റിലും പതിഞ്ഞ ‘വീരമണി സോമു’ എന്ന പേര് വീരമണിയുടെ മരണശേഷം ചെയ്ത ആൽബങ്ങളിലും സോമു നിലനിർത്തിപ്പോന്നു. പള്ളിക്കെട്ടിലൂടെ മലയാളികളുടെ പ്രിയങ്കരനായ വീരമണിയുടെ പ്രിയം എന്തായിരുന്നു? അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള അയ്യപ്പഭക്തിഗാനത്തെപ്പറ്റി അറിയുന്നതു രസകരമാണ്. 1976ൽ എച്ച്എംവി പുറത്തിറക്കിയ ‘ശരണമയ്യപ്പാ’ എന്ന ആൽബത്തിൽ യേശുദാസ് പാടിയ ‘ശബരി ഗിരീശ്വരാ സൗഭാഗ്യദായകാ...’ എന്ന ഗാനമായിരുന്നു അത്. കെ.ജി. സേതുനാഥിന്റെ ലക്ഷണമൊത്ത രചനയ്ക്കു സംഗീതം നൽകിയതു പ്രശസ്ത ഗായകൻ കെ.പി. ഉദയഭാനു. തന്നെ കാണുമ്പോഴെല്ലാം ഈ പാട്ടിനെപ്പറ്റി വീരമണി വാതോരാതെ സംസാരിക്കുകയും പാട്ടുപാടുകയും ചെയ്യുമായിരുന്നു എന്ന് ഉദയഭാനു അനുസ്മരിച്ചിട്ടുണ്ട്.

ഈ നക്ഷത്രങ്ങളൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടും അവരുടെ പ്രതിഭയുടെ വെളിച്ചം ഇനിയും എത്രയോ തലമുറകൾക്ക് ജീവിതമെന്ന കാനനപാതയിൽ സാന്ത്വനമായി, ഊർജമായി നിലനിൽക്കും.