Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരിക വരിക സഹജരേ...

variak-varika

‘വരിക വരിക സഹജരേ

സഹന സമരസമയമായ്

കരളുറച്ചു കൈകൾ കോർത്തു

കാൽനടയ്ക്കു പോക നാം’

പോരാട്ടങ്ങളിലും സമരങ്ങളിലും ആവേശമായി മലയാളിക്കൊപ്പം പതിറ്റാണ്ടുകളായി ഉണ്ട് ഈ ഗാനം. അനീതിക്കെതിരേ പോരാടുന്നവർക്ക്, അവകാശ സമരങ്ങളുടെ അമരത്തു നിൽക്കുന്നവർക്ക് ഊർജപ്രവാഹമായ ഗാനം. ആവേശോജ്വലമായ ഈ ഗാനത്തിന്റെ രചയിതാവായ അംശി നാരായണപിള്ളയെ മലയാളികൾ ഏതാണ്ടു മറന്ന മട്ടാണ്. ഈ ഗാനത്തിന്റെ രചയിതാവ് ആരെന്നു ചോദിച്ചാൽ ആളുകൾ കൈമലർത്തുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഉപ്പുസത്യഗ്രഹത്തിനുവേണ്ടിയാണ് അംശി ഇത് എഴുതിയത്. ഈ കവിത പാടി 24 പേരുടെ സന്നദ്ധ സംഘവുമായി അംശി നാരായണപിള്ള തിരുവനന്തപുരത്തുനിന്ന് അക്കാലത്തു മലബാറിലേക്കു കാൽനട മാർച്ച് നടത്തി. ഓരോ കവലയിലും യോഗങ്ങൾ വിളിക്കുകയും ഈ ഗാനം ആലപിക്കുകയും ബ്രിട്ടിഷുകാർക്കെതിരെ പ്രസംഗിക്കുകയും ചെയ്തായിരുന്നു യാത്ര. അംശിയുടെയും കൂട്ടരുടെയും യാത്ര പെട്ടെന്നു ജനശ്രദ്ധ നേടി. ‘വരിക വരിക സഹജരേ...’ എന്ന എളുപ്പത്തിൽ പാടാവുന്ന ഗാനം വൻജനപ്രീതി നേടുകയും ചെയ്തു. സൈന്യം മാർച്ച് ചെയ്തു പോകുന്ന, പടപ്പാട്ടിന്റെ താളത്തിലാണ് അംശി ഇതെഴുതിയത്. ജനപ്രിയമായ ഈ താളവും സ്വീകാര്യതയ്ക്കു കാരണമായി. എന്തായാലും അംശിയുടെ യാത്ര ഉപ്പുസത്യഗ്രഹത്തിലേക്ക് എത്തിയില്ല. തിരുവിതാംകൂറും കടന്ന് കൊച്ചി നാട്ടുരാജ്യത്ത് എത്തിയതോടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഗാനം നിരോധിച്ചു. അംശിയെ വിയ്യൂർ ജയിലിലേക്ക് അയയ്ക്കാൻ തൃശൂർ കോടതി ഉത്തരവിട്ടപ്പോൾ ആ കോടതി മുറിയിൽവച്ച് പെട്ടെന്നൊരു നിമിഷകവിത ഉണ്ടാക്കി പാടി അംശി പ്രതിഷേധം അറിയിച്ചു.

‘കാലുഷ്യം തീരാതെ ബ്രിട്ടിഷു തൂക്കിയ

വേലുത്തമ്പിയുടെ വേരിൽ നിൽപ്പോൻ

ഏകുക രാഷ്ട്ര ഗാനത്തിനു കയ്യാമം

വേഗം ഞാൻ പോകട്ടെ ജയിലിനുള്ളിൽ

ഗാന്ധിരാമായണം പാടിയ പക്ഷിയെ

ബന്ധിപ്പാൻ കൊച്ചിക്കിന്നെന്തു ഞായം?

എന്നായിരുന്നു അംശി ഉണ്ടാക്കിയ ക്ഷിപ്രഗാനം. തടവറയൊന്നും ആ ധീരദേശാഭിമാനിയുടെ വീര്യം കെടുത്തിയില്ലെന്നു മാത്രമല്ല വിപ്ലവ വീര്യം വർധിപ്പിക്കുകയാണ് ചെയ്തത്. എട്ടു മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ട അംശിയെ ആറരമാസം കഴിഞ്ഞ് ഗാന്ധി– ഇർവിൻ സന്ധിപ്രകാരം മോചിപ്പിച്ചു. ആലപ്പുഴയിൽ വിദേശ വസ്ത്ര ബഹിഷ്ക്കരണത്തിലും സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണത്തിലുമെല്ലാം അംശി സജീവമായി പങ്കെടുത്തു. ഓരോ സന്ദർഭത്തിനും ചേരുന്ന വിപ്ലവ ഗാനങ്ങൾ തൽക്ഷണം അദ്ദേഹം മെനയുകയും ചെയ്തു. ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തെ വീണ്ടും ജയിലിലിടുകയും ഗാനങ്ങളെല്ലാം നിരോധിക്കുകയും ചെയ്തു.

ഗാനരചനയിൽ ഒതുങ്ങി നിന്നതല്ല അംശി നാരായണപിള്ളയുടെ രാഷ്ട്രീയ പ്രവർത്തനം. വിദ്യാർഥിയായിരിക്കെ, തിരുവനന്തപുരം നഗരത്തിൽ പഠിക്കാനെത്തിയപ്പോഴാണ് അംശി സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായത്.1924 ൽ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തു. അതേവർഷം മഹാത്മാഗാന്ധിയുടെ ആശീർവാദത്തിൽ ‘മഹാത്മാ’ വാരിക തുടങ്ങി. 27ൽ മദ്രാസിലെ കോൺഗ്രസ് സമ്മേളനത്തിൽ മലയാളികളുടെ വൊളന്റിയർ ക്യാപ്റ്റനായി. എ.കെ. പിള്ളയുടെ ‘സ്വരാട്’ വാരികയിൽ സഹപത്രാധിപരായിരുന്നു. അതിൽ അംശി എഴുതിയ ഗാന്ധിരാമായണം, ഭഗത്‌സിങ്, ജാലിയൻ വാലാബാഗ് തുടങ്ങിയ കവിതകൾ നിരോധിക്കപ്പെട്ടു. ഗാന്ധിജിയെ ശ്രീരാമനായും ഭാരതമാതാവിനെ സീതയായും ബ്രിട്ടനെ രാവണനായും ബ്രിട്ടിഷ് പതാകയെ ശിംശപാവൃക്ഷമായും സങ്കൽപ്പിച്ച് എഴുതിയതായിരുന്നു ഗാന്ധി രാമായണം. അംശിക്കു വാശിയേറി. നവീന പ്രഹ്ലാദൻ, ജാലിയൻ വാലാബാഗിലെ കൂട്ടക്കൊല, ഭഗത്‌സിങ് വധം എന്നു തുടങ്ങി പുസ്തകങ്ങളുടെ പരമ്പര തന്നെ അദ്ദേഹം രചിച്ചു. നിരോധനങ്ങളെ മറികടന്നു രഹസ്യമായി അവ പ്രചരിപ്പിക്കാനും അംശി മുൻകൈ എടുത്തു. സമരപരമ്പരകൾക്കിടെ വിവാഹിതനായ അംശി അതോടെ നാട്ടിലേക്കു മടങ്ങി. 1941 ൽ അംശിയിൽ ഒരു സ്കൂൾ തുടങ്ങി സ്വന്തം ഗ്രാമത്തിലെ കുട്ടികളുടെ വൈജ്ഞാനിക ഉന്നതിക്കായി പരിശ്രമം തുടങ്ങി.

ഈ ധീരദേശാഭിമാനിക്കും അവഹേളനത്തിന്റെ തിക്താനുഭവമാണു സ്വാതന്ത്ര്യാനന്തര തലമുറ സമ്മാനിച്ചത്. നാരായണപിള്ളയുടെ ജൻമനാടായ കുഴിത്തുറയ്ക്കടുത്തുള്ള തേങ്ങാപ്പട്ടണത്തിനടുത്തെ അംശി ഗ്രാമം കേരളത്തിലല്ല, കന്യാകുമാരി ജില്ലയിലാണ് എന്ന ന്യായം പറഞ്ഞ് അദ്ദേഹത്തിന് സ്വാതന്ത്ര്യ സമര പെൻഷൻ കേരള സർക്കാർ നിഷേധിച്ചു. സ്വാതന്ത്ര്യസമരത്തിൽ ഏർപ്പെട്ടത് തമിഴ്നാട്ടിലല്ല, കേരളത്തിലാണ് എന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാരും അദ്ദേഹത്തെ സ്വാതന്ത്ര്യ സമര സേനാനിയായി അംഗീകരിച്ചില്ല. ഭാര്യ തങ്കമ്മയെയും ഏഴു മക്കളെയും പോറ്റാനായി ശിഷ്ടകാലം കാർഷിക വൃത്തിയിലേർപ്പെട്ട അംശി 86–ാം വയസ്സിൽ മരിക്കുമ്പോൾ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ കയ്യിലുണ്ടായിരുന്നത് രണ്ട് പൊന്നാടയും ഒരു താമ്രപത്രവും മാത്രമായിരുന്നു.

2011ൽ പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വീരപുത്രൻ’ എന്ന സിനിമയിൽ രമേശ് നാരായണന്റെ സംഗീതത്തിൽ എം.ജി. ശ്രീകുമാറും സംഘവും പാടി ‘വരിക വരിക സഹജരേ...’ എന്ന ഗാനം ഉൾ‌പ്പെടുത്തിയതു മാത്രമാണ് ദേശസ്നേഹിയായ ആ കലാകാരനോടു പിൽക്കാല തലമുറ കാണിച്ച ഏക ആദരവ്.