Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരിവില്ലിൻ തേൻമലരേ...

k-s-george-singer

മറ്റൊരാളുടെ ശബ്ദത്തിൽ ഒരിക്കലും ആലോചിക്കാൻ പോലും കഴിയാത്ത ചില പാട്ടുകളുണ്ട്. എത്രയോ മികച്ച ഗായകർ പാടിയാലും മികച്ച സാങ്കേതിക സൗകര്യങ്ങളിൽ റീമിക്സ് ചെയ്താലും ആസ്വാദകർ വീണ്ടും ആ പഴയ ട്രാക്ക് തേടിപ്പോവുക! സംഗീത നാൾവഴികളിൽ വല്ലപ്പോഴും മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ. ഒരാൾ പാടിയ എല്ലാ ഗാനങ്ങളും ഈ ശ്രേണിയിൽ ആയാലോ? മലയാളത്തിലുണ്ട് ഇങ്ങനെയൊരു പാട്ടുകാരൻ. ഒരുപക്ഷേ, പുതിയ തലമുറയെ ശബ്ദം കൊണ്ടു മാത്രം പരിചയപ്പെടുത്താവുന്ന ഗായകൻ – കെ.എസ്.ജോർജ്! പതിറ്റാണ്ടുകളോളം കേരളത്തിൽ അങ്ങോളമിങ്ങോളം ആവേശത്തിരയിളക്കിയ പൈഡ് പൈപ്പർ! 

കമ്യൂണിസ്റ്റ് പാർട്ടി വേദികളിൽ സ്ഥിരമായി മുഴങ്ങുന്ന വിപ്ലവഗാനം– ‘ബലികുടീരങ്ങളേ...’. വയലാറിന്റെ രചനയെക്കാൾ, ദേവരാജന്റെ സംഗീതത്തെക്കാൾ ഉജ്വലമായി കെ.എസ്.ജോർജിന്റെ ആലാപനം. അങ്ങേയറ്റം പൗരുഷമായ ആ ശബ്ദത്തിലല്ലാതെ ‘ബലികുടീരങ്ങളേ...’ എന്ന ഗാനം നമുക്ക് ആലോചിക്കാൻ പോലും ആവില്ല. അതുകൊണ്ടാണ് ഇന്നും മിക്ക വേദികളിലും അതു പാടാൻ തുനിയാതെ അതിന്റെ റിക്കോർഡ് പ്ലേ ചെയ്യുന്നത്. കേരളത്തെ ചുവപ്പിച്ച പുരുഷശബ്ദം. 

മാരിവില്ലിൻ തേന്മലരേ മാഞ്ഞുപോകയോ, പാമ്പുകൾക്കു മാളമുണ്ട്, ഈ മണ്ണിൽ വീണ നിന്റെ, പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ, തലയ്ക്കു മീതേ ശൂന്യാകാശം... അങ്ങനെ എത്രയെത്ര ഹിറ്റ് ഗാനങ്ങൾ...മറ്റുള്ളവർ പാടി പരാജയപ്പെടുന്ന ഗാനങ്ങൾ. അത്രമേൽ അനന്യമായിരുന്നു കെ.എസ്.ജോർജിന്റെ ആലാപനം. ലക്ഷണമൊത്ത പുരുഷശബ്ദം. 

പത്തനംതിട്ട ജില്ലയിലെ പുനലൂരിൽ ജനിച്ച ജോർജിന്റെ 90ാം ജന്മദിനമായിരുന്നു ഡിസംബർ രണ്ട്. അദ്ദേഹം വളർന്നതും പഠിച്ചതും ആലപ്പുഴയിലാണ്. കുട്ടിക്കാലം മുതൽ സംഗീതതൽപരനായിരുന്നു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം നാലാം ക്ലാസിൽ പഠനം നിർത്തി ബീഡിതെറുപ്പിലേക്കു കടക്കേണ്ടിവന്നു. 

സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരുടെ ‘കൈരളികലാകുസുമ’ത്തിലെ ‘പ്രേമപൂജ’ എന്ന നാടകത്തിലെ പാട്ടും അഭിനയവുമായിരുന്നു ജോർജിന്റെ കലാജീവിതത്തിനു തുടക്കം. കുറച്ചുവർഷം ആലപ്പുഴയിൽ ഒരു കയർ ഫാക്‌ടറിയിലും ജോലി ചെയ്‌ത അദ്ദേഹം ആലപ്പുഴ വിട്ടു പുനലൂർ പേപ്പർമില്ലിലെ വിറകുചുമട്ടുകാരനായി. ഇതാണു കെ.എസ്‌. ജോർജിന്റെ ജീവിതത്തിൽ വഴിത്തിരിവായത് അമ്പതുകളിൽ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം ആളിപ്പടരുന്ന കാലത്ത് പുനലൂരിൽ നടന്ന കമ്യൂണിസ്‌റ്റ് പാർട്ടി യോഗത്തിൽ ഒരു സമരഗാഥ പാടി ശ്രദ്ധേയനായി. അതുകേട്ട തോപ്പിൽ ഭാസി തന്റെ നാടകത്തിൽ പാടാൻ ജോർജിനെ ക്ഷണിച്ചു. ‘എന്റെ മകനാണു ശരി’ എന്ന നാടകത്തിലൂടെ ജോർജ് നാടകഗായകനായി. 1952ൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിലെ പാട്ടുകളോടെ ജോർജ് ആലാപനത്തിൽ കയ്യൊപ്പിട്ടു. അന്നുവരെ കേരളം കേൾക്കാത്ത ഭാവതീവ്രതയോടെ ഒരോ ഗാനവും അദ്ദേഹം അനശ്വരമാക്കി. ഇതിൽ അഭിനയിക്കുകയും ചെയ്തു. തുടർന്ന് സർവ്വേക്കല്ല്, അശ്വമേധം തുടങ്ങിയ കെപിഎസിയുടെ ഹിറ്റ് നാടകങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്‌തു. അക്കാലത്ത് കെപിഎസിയുടെ ശബ്ദം തന്നെ കെ.എസ്.ജോർജും സുലോചനയുമായിരുന്നു. 

അശ്വമേധ(1962)ത്തിലെ ‘പാമ്പുകൾക്ക് മാളമുണ്ട്’ (വയലാർ–കെ.രാഘവൻ) എന്ന ഗാനത്തിന്റെ തുടക്കത്തിലെ ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ... എന്ന ആമുഖം കെ.എസ്.ജോർജിന്റെ ക്ലാസിക് ആലാപനമായി അറിയപ്പെടുന്നു. വേദിയിൽ ഈ ഗാനം പാടുന്ന കുഷ്ഠരോഗിയായ കഥാപാത്രത്തെയും ജോർജ് ഉജ്വലമായി അവതരിപ്പിച്ചു. കെപിഎസിയിലൂടെ ഗായകനായി തിളങ്ങി നിൽക്കുമ്പോഴാണ് ജോർജ് സിനിമാ പിന്നണിഗായകനാവുന്നത്. ‘കാലം മാറുന്നു’ എന്ന ചിത്രത്തിലെ ‘ആ മലർപൊയ്‌കയിൽ’ ആയിരുന്നു ആദ്യഗാനം. കെപിഎസി സുലോചനയുമായി ചേർന്നാണ് ഈ ഗാനം പാടിയത് ചലച്ചിത്രഗായകൻ എന്നതിലുപരി നാടകഗായകനായിട്ടാണ് ജോർജ് പിന്നീടും അറിയപ്പെട്ടത്. ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിനു വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം കാൻസർ ബാധിച്ചു 1988 ജൂൺ 19ന് അന്തരിച്ചു. 

പാർട്ടി ആശയങ്ങളെ പാടി പ്രശസ്തമാക്കിയ ഈ ഗായകനെ അവസാനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി കയ്യൊഴിഞ്ഞു. രോഗക്കിടക്കയിലായ ജോർജിന് അന്ത്യനാളുകളിൽ സാന്ത്വനമായതു കോൺഗ്രസുകാരാണ്. അർബുദ രോഗബാധിതനായിരിക്കെത്തന്നെ അദ്ദേഹം കോൺഗ്രസിനുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 

തിരുവനന്തപുരത്ത് ഒരു വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ കമ്യൂണിസ്റ്റുകാർ അദ്ദേഹത്തെ മർദിച്ച് അവശനാക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ യുഗ്മഗാനങ്ങൾ പാടി കെപിഎസിയുടെ ശബ്ദമായിരുന്ന ജോർജും സുലോചനയും ഒരേ നിയമസഭാ മണ്ഡലത്തിൽ എതിർസ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണം നയിക്കുന്നതും കേരളം കണ്ടു. സിപിഎമ്മിലെ ടി.കെ.രാമകൃഷ്ണനും കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയത്ത് എറ്റുമുട്ടിയപ്പോഴായിരുന്നു ഇത്. 

അവസാനകാലത്ത് രാഷ്ട്രീയമായി ഭിന്നത ഉണ്ടായെങ്കിലും ജോർജ് എന്ന ഗായകനോടുള്ള ആദരവ് സുലോചനയുടെ മനസ്സിൽ എന്നും കെടാതെ നിന്നു. ‘അരങ്ങിലെ അനുഭവങ്ങൾ’ എന്ന ആത്മകഥയിൽ അവർ എഴുതുന്നു: 

‘ഓരോ പാട്ടിനും അതിന്റെ ഭാവം നൽകി ഹൃദ്യമായി ജോർജ് പാടുന്നതു കേൾക്കുമ്പോൾ സദസ്സിൽ നിന്നുണ്ടാകുന്ന ആരവം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു. ജനങ്ങളുമായി സംസാരിക്കുന്ന, അവരിൽ ആവേശമുണർത്തുന്ന വിപ്ലവമന്ത്രമുതിർക്കാൻ കഴിയുന്ന ഒരേയൊരു ഗായകനേ കേരളത്തിൽ ജനിച്ചിട്ടുള്ളുവെന്ന് എനിക്കു പറയാൻ കഴിയും. അത് കെ.എസ്.ജോർജ് ആണ്.’

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.