Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയതീരങ്ങളുടെ സംഗമം

sai-baba-asharam-puttabarthi പുട്ടപർത്തിയിലെ സത്യസായി മ്യൂസിക് കോളജ്

‘ഗുരുവിന്റെ പാദാരവിന്ദങ്ങളിലുള്ള അർച്ചനയാണ് ഈ ഗാനങ്ങൾ.’

ഈ ആമുഖത്തോടെയാണ് പാട്ടുകളെല്ലാം പ്രാർഥനയാവുന്ന ‘എ ബ്രി‍ജ് എക്രോസ് ടൈം’ എന്ന ആൽബം ആരംഭിക്കുന്നത്. ഗുരുവും വഴികാട്ടിയുമായ സത്യസായി ബാബയോടുള്ള കൃതജ്ഞതാ പ്രകാശനമായി പുട്ടപർത്തി ‘ശ്രീസത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിങ്ങി’ലെ വിദ്യാർഥികൾ നടത്തിയ പരീക്ഷണമായിരുന്നു ഈ ആൽബം. ഹൃദയത്തിന്റെ പ്രാർഥനകൾ ഹൃദയത്തിൽ എത്താതിരിക്കില്ലല്ലോ.

‘ഗീതം മധുരം

ശ്രവണം മധുരം

മഥുരാധിപതേ

സായി സ്മരണം മധുരം’

എന്നാരംഭിക്കുന്ന ആൽബത്തിലെ 12 ഗാനങ്ങളും സായിഭക്തർ ഏറ്റെടുത്തു. ഭക്തിയുടെ ഈ അനുഭവത്തിന് ആവർത്തനമുണ്ടാവണമെന്ന് ആവശ്യമുയർന്നു. പിന്നീട് സംഭവിച്ചത് ഭഗവാന്റെ ‘ലീലാവിലാസം’ എന്നാണു വിദ്യാർഥികൾ വിശേഷിപ്പിച്ചത്. ‘ബ്രി‍ജ് എക്രോസ് ടൈം’ ഒരു ഗാനപരമ്പരയായി. ഒന്നും രണ്ടുമല്ല, ഇന്ന് ഇതിന്റെ 25–ാം വോളിയത്തിന്റെ പണിപ്പുരയിലാണ് സത്യസായി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ. എന്താണ് ഈ ആൽബം ഇത്ര ജനപ്രിയമാകാൻ കാരണം? അതനുഭവിച്ചുതന്നെ അറിയണം. സംത്രാസങ്ങൾ ശമിപ്പിച്ച് മനസ്സ് ശാന്തമാക്കുന്ന രാസവിദ്യയാണ് ഇതിലെ ഭജനുകൾ. ഉദ്വേഗങ്ങളും ഉൽക്കണ്ഠകളും മറന്നുപോകുന്ന ഗാനസഞ്ചാരം. ഗന്നം സ്റ്റൈലും വക്കാ വക്കായും കേട്ടുശീലിച്ച കുട്ടികൾ പോലും ആകസ്മികമായി കേട്ട ഈ ആൽബം ആസ്വദിക്കുന്നതും വീണ്ടും പ്ലേ ചെയ്യാൻ ആവശ്യപ്പെടുന്നതും കണ്ടിട്ടുണ്ട്. പ്രാർഥനാഗീതങ്ങളാണു ഭജനുകൾ. ഒരാൾ പാടുന്നു, ഒരു സംഘം അതേറ്റു പാടുന്നു. അല്പനേരം കൊണ്ടുതന്നെ പാടുന്നവരും കേൾക്കുന്നവരും അലൗകികമായ ഒരു തീരമണയുന്നു. പുട്ടപർത്തി സത്യസായി ആശ്രമത്തിലെ പ്രധാന ആരാധനാരീതികൂടിയാണു ഭജൻ.

രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം പ്രാർഥനാഗാനങ്ങൾ മാത്രം. ദീർഘമായ ജപങ്ങളോ പ്രഭാഷണങ്ങളോ പ്രതീക്ഷിച്ച് പ്രശാന്തി നിലയത്തിൽ എത്തുന്നവർ വിസ്മയിച്ചുപോകും, പ്രാ‍ർഥനകളെല്ലാം പാട്ടിലൂടെ മാത്രം. സായിബാബ സമാധിയാവുന്നതിനു മുൻപും ഭജനുകൾക്കുതന്നെയായിരുന്നു പുട്ടപർത്തിയിൽ പ്രാധാന്യം. ഇടയ്ക്ക് അദ്ദേഹത്തിന്റെ ചെറുസംഭാഷണങ്ങൾ ഉണ്ടായേക്കാമെന്നു മാത്രം.

baba-musical-album ബ്രിജ് എക്രോസ് ടൈം ആൽബം

പാട്ടുകൂട്ടായ്മയിലൂടെ കൈവരുന്ന മനഃശാന്തിയുമായാണ് ആയിരങ്ങൾ ദിവസവും പ്രശാന്തി നിലയത്തിന്റെ പടികടന്നുപോവുന്നത്. പ്രാര്‍ഥനാഗീതങ്ങൾക്കു പുട്ടപർത്തിയിൽ ഇത്രവലിയ പ്രാധാന്യം നൽകുന്നതിന് അദ്ദേഹത്തിന്റെ വിശദീകരണം: ‘ഭജനുകൾ ഈ അന്തരീക്ഷത്തെ വിശുദ്ധിയിലേക്കു രൂപാന്തരപ്പെടുത്തുന്നു. അതുകൊണ്ടാണു സംഘമായി പ്രാ‍ർഥനാ ഗാനങ്ങൾ ആലപിക്കണമെന്ന് ഞാൻ നിഷ്ക്കർഷിക്കുന്നത്.’

പ്രശാന്തി നിലയത്തിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളിലും ഭജനുകളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. ബാബതന്നെ എത്രയോ ഭജനുകൾ പാടിയിരിക്കുന്നു. സംഗീതത്തിന്റെ ഈ വിശുദ്ധീകരണശേഷി മനസ്സിലാക്കിയാവണം അദ്ദേഹം പുട്ടപർത്തിയിൽ രാജ്യാന്തര നിലവാരമുള്ള സംഗീത കോളജ് സ്ഥാപിച്ചത്. രാജ്യത്തിന്റെ എല്ലാ കോണിൽനിന്നുമുള്ളവർ ഇവിടെ എല്ലാത്തരം സംഗീത കോഴ്സുകളും സൗജന്യമായി പഠിച്ചുപോകുന്നു. (സത്യസായി ബാബയുടെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സൗജന്യമാണ്. കാഷ് കൗണ്ടറുകളില്ല.).
എന്തിനേറെ? ലോകത്തിനുതന്നെ വിസ്മയമായി അദ്ദേഹം പുട്ടപർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന സൂപ്പർ സ്പെഷൽറ്റി ആശുപത്രിയിലും ഭജനുകൾ ഒഴുകിക്കൊണ്ടിരിക്കുന്നു. രോഗസൗഖ്യത്തിൽ സംഗീതവും പങ്കുവഹിക്കുന്നു. ആശുപത്രിയിൽ സംഗീതത്തിനായി പ്രത്യേക മുറിപോലും സജ്ജീകരിച്ചിട്ടുണ്ട്. അവിടെയെല്ലാം ഇന്ന് ‘ബ്രിജ് എക്രോസ് ടൈം’ പരമ്പരയിലെ ആൽബങ്ങൾ മുഖ്യസ്ഥാനം വഹിക്കുന്നു.

ഒറ്റയ്ക്കാകുമ്പോൾ, റേഡിയോ കേട്ടാൽ ഏകാന്തത മാറിക്കിട്ടുമെന്ന് ഒരു സാഹിത്യകാരൻ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കിരുന്ന് ഈ ആൽബം കേൾക്കുമ്പോഴും സമാനമായ അനുഭവം ഉണ്ട്. ഒരു വലിയ ഭക്തസമൂഹത്തിനു നടുവിലിരിക്കുന്ന സുരക്ഷിതത്വം മനസ്സിനു ലഭിക്കും. ഒന്നിലും ആകുലതയില്ലാത്ത ഒരയവ് ഹൃദയത്തെ ഭാരരഹിതമാക്കിക്കൊണ്ടിരിക്കും.

ഭാഷ അറിയാത്തത് ആസ്വാദനത്തിന് തടസ്സമാവുന്നില്ല. (സായി ഭജനുകളുടെ ആവശ്യക്കാരിൽ നല്ലൊരു പങ്ക് മലയാളികളാണ്.) ‘ബ്രിജ് എക്രോസ് ടൈമി’ന്റെ ഇതുവരെ ഇറങ്ങിയ 24 പതിപ്പിലും ഒരു ഗാനം പോലും സാധാരക്കാരുടെ ആലാപനസിദ്ധിക്കു വെല്ലുവിളി ഉയർത്തുന്നില്ല. ആർ‌ക്കും ഏറ്റുപാടാവുന്ന പിച്ചിലാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മന്ത്രസ്ഥായിയിലേക്കോ ഉച്ചസ്ഥായിയിലേക്കോ ഗാനങ്ങൾ സഞ്ചരിക്കുന്നില്ല. അമിതമായ പശ്ചാത്തല സംഗീതപ്രയോഗമില്ല. ഹാർമോണിയവും തബലയുമാണു മുഖ്യം. രചനയാവട്ടെ, ലളിതമായ ചെറിയ വാക്കുകളിൽ. സങ്കീർണമായ വിഷയങ്ങളില്ല.

എല്ലാവർക്കും അറിയാവുന്ന ഭഗവാന്റെ വിശേഷണങ്ങളും കഥകളും ഉപജീവിച്ച് ഈശ്വരനെ സ്തുതിക്കുക തന്നെ. മാത്രമല്ല, ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും ആത്മീയത ഈ ഗാനങ്ങളിൽ വിഷയമാവുന്നു. ക്രിസ്തുവും നബിയുമൊക്കെ സ്തുതിക്കു പാത്രമാവുന്നു. നമ്മുടെ രാജ്യത്തെ മറ്റു ഭജനുകളിൽനിന്ന് ഈ സംഗീത പരമ്പരയെ സവിശേഷമാക്കുന്ന ഒരു പ്രത്യേകതയാണ് ഈ മതസൗഹാർദഭാവം. ഇങ്ങനെ, ഒട്ടും അന്യതാബോധം ഭക്തരിൽ ഉണ്ടാകാതാരിക്കാൻ അണിയറക്കാർ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

എട്ടോ പത്തോ പാട്ടുകൾ തട്ടിക്കൂട്ടി അണിയറക്കാരായ പത്തിരുപതു പേരുടെ ചിത്രങ്ങളും ചരിത്രവും അച്ചടിച്ച് സിഡി ഇറക്കുന്നവർ ഈ ആൽബങ്ങളിലേക്കൊന്നു നോക്കണം. അണിയറയിൽ പ്രവർത്തിച്ച ഒരാളുടെ പോലും പേരോ പടമോ ആൽബങ്ങളിലില്ല. സായിബാബയുടെ ചിത്രമേ പുറംചട്ടയിലുള്ളൂ. ചില ഭജനുകളുടെ ഹൃദയദ്രവീകരണ ക്ഷമതയിൽ അതിശയിച്ച്, സൃഷ്ടാക്കളെ തേടുമ്പോൾ നിരാശയാണു സമ്മാനമെങ്കിലും അനാമധേയരായ ഈ കലാകാരന്മാരുടെ ഉദാത്തമായ എളിമയ്ക്കു മുന്നിൽ നാം നമ്രശീർഷരായിപ്പോവുന്നു.

സായിസന്നിധിയിൽ ആലപിക്കുന്ന രണ്ടായിരത്തോളം ഭജനുകളിൽ ചെറിയൊരു പങ്കുമാത്രമാണ് ‘ബ്രിജ് എക്രോസ് ടൈം’. പ്രശാന്തി മന്ദിർ ഭജൻസ് എന്ന പേരിൽ പ്രഫഷനൽ കലാകാരന്മാരുടെ ഭജനുകളും ഇവിടെയുണ്ട്. പക്ഷേ, വിദ്യാർഥികളുടെ ഗുരുപൂജയുടെ വിശുദ്ധികൊണ്ടാവണം ‘ബ്രിജ് എക്രോസ് ടൈം’ നമ്മെ കൂടുതൽ സ്പർശിക്കുന്നത്, കാലാന്തരങ്ങൾക്കിടയിലെ പ്രാർഥനയുടെ പാലമായി.