Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടജാദ്രിയിൽ കുടികൊള്ളും...

Author Details
navarathri-special

മലയാള സിനിമയിലെ ഏറ്റവും മികച്ച നവരാത്രി ഗാനമായ

‘കുടജാദ്രിയിൽ കുടികൊള്ളും

മഹേശ്വരി ഗുണദായിനി

സർവശുഭകാരിണി’

എന്ന ഗാനം പിറന്നത് ഒരു വിധിനിശ്ചപ്രകാരമെന്നു കരുതാം. പാട്ടുണ്ടായത് ‘നീലക്കടമ്പ്’ എന്ന സിനിമയ്ക്കു വേണ്ടി. പുറത്തിറങ്ങാത്ത സിനിമയാണിതെന്ന് രേഖകളിൽ കാണാം. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ വ്യക്തമാവുന്നു പുറത്തിറങ്ങിയില്ലെന്നു മാത്രമല്ല, ഒരു സീൻപോലും ഷൂട്ട് ചെയ്യുകപോലും ചെയ്തിട്ടില്ല. എന്നാൽ കസെറ്റിറങ്ങി. ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായി. ‘കുടജാദ്രി...’ സർവകാല ഹിറ്റും. ഗാനരചയിതാവായ കെ. ജയകുമാർ പങ്കുവയ്ക്കുന്നതും ഈ വിധിനിശ്ചയമാണ്. ‘ഇത് എനിക്കീ പാട്ടെഴുതാൻവേണ്ടി മാത്രം തുടങ്ങിയ സിനിമയാണെന്നു തോന്നിപ്പോവുന്നു. പാട്ടു പുറത്തിറങ്ങി 30 വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും ലോകത്തിന്റെ ഏതു കോണിൽച്ചെന്നാലും മലയാളികൾ ഈ ഗാനത്തിന്റെ രചയിതാവായി എന്നെ ആദ്യം തിരിച്ചറിയുന്നു. കഥാപാത്രത്തിന്റെ പ്രാ‍ർഥന എല്ലാ മലയാളികളുടേതുമായി മാറുകയായിരുന്നു.’

K Jayakumar കെ. ജയകുമാർ

കുടജാദ്രിയിലെ വിദ്യയുടെ അമ്മയോടുള്ള മൂന്നു പ്രാർഥനയാണ് ഈ ഗാനം. ഒന്ന്. അജ്ഞതയിൽനിന്നുള്ള മോചനം. അതാണു

‘കാതര ഹൃദയ

സരവര നിറുകയിൽ

ഉദയാംഗുലിയാകൂ’

എന്ന പ്രാ‍ർഥന. രണ്ടാമതു ചോദിക്കുന്നതു ദു:ഖത്തിൽനിന്നുള്ള മോചനമാണ്.

‘അഴലിന്റെ ഇരുൾ വന്നു

മൂടുന്ന മിഴികളിൽ

നിറകതിർ നീ ചൊരിയൂ

ജീവനിൽ സൂര്യോദയം തീർക്കൂ.’

മൂന്നാമത്തേതാണ് സർവോൽകൃഷ്ടം. അതു ഹൃദയത്തിൽ കരുണ നിറയ്ക്കാനുള്ള അപേക്ഷയാണ്.

‘ഒരു ദുഃഖബിന്ദുവായ്

മാറുന്ന ജീവിതം

കരുണമയാമാക്കൂ

ഹൃദയം സൗപർണികയാക്കൂ’

സാധാരണ കവികൾ ദൈവത്തിന്റെ കരുണയ്ക്കായി പ്രാർഥിക്കുമ്പോൾ ഇവിടെ സ്വന്തം ഹൃദയം കരുണാമയമാക്കണമേ എന്ന അർഥനയാണു കവി നടത്തുന്നത്. അങ്ങനെ എന്നും അലിവൊഴുകുന്ന ഒരു സൗപർണികയായി തന്നെ രൂപാന്തരപ്പെടുത്താനുള്ള എന്ന യാചന. ഒടുവിലത്തെ ഈ വരികളിലൂടെയാണ് ഈ ഗാനം കാലാതീതമാവുന്നത്. പ്രത്യേകിച്ച് വിഭാഗീയതയുടെ ആസുരതകൾ ഉറഞ്ഞുകൊള്ളുന്ന ഇക്കാലത്ത്. വിദ്യകൊണ്ട് മനുഷ്യമനസ്സുകളിൽ നിറയേണ്ട ഏറ്റവും വലിയ ഗുണം കരുണയാവണമെന്ന ഓർമപ്പെടുത്തൽ. അറിവിലും ആനന്ദത്തിലും വലുതാണു കരുണയാൽ കൃപാപൂർണമായ ഹൃദയമെന്നു കവി വിശ്വസിക്കുന്നു.

Souparnika river at Kollur

എഴുത്തുകാരന്റെ മനോരസഞ്ചാരപഥങ്ങളുടെ അദ്ഭുതം കൂടിയാണ് ഈ ഗാനം. ഈ പാട്ട് എഴുതുമ്പോൾ കെ. ജയകുമാർ കുടജാദ്രിയോ മൂകാംബിക ക്ഷേത്രമോ കണ്ടിട്ടില്ല എന്നു വിശ്വസിക്കാൻ പറ്റുമോ? (അമേരിക്ക കാണാതെയാണു പത്മരാജൻ ‘ലോല’ എന്ന കഥയെഴുതിയത് എന്നതുപോലൊരു അദ്ഭുതം) സങ്കല്പത്തിൽനിന്നുപോലും ഇത്ര വലിയ അനുഭവം പകരാൻ കലാകാരന്മാർക്കു കഴിയും.

രചനയുടെ ആത്മാവ് ഉൾക്കൊണ്ട് രവീന്ദ്രൻ മാസ്റ്റർ നൽകിയ ഈണവും ഈ ഗാനത്തെ കാലാതിവർത്തിയാക്കി. ഹൃദയസൗഖ്യത്തിന്റെ രാഗമായ ‘രേവതി’ തന്നെ ഈ പാട്ടിനായി രവീന്ദ്രൻ തിരഞ്ഞെടുത്തു.

മലയാളത്തിലെ മറ്റൊരു മികച്ച നവരാത്രി ഗാനമായ ‘സൗപർണികാമൃത വീചികൾ....’ സൃഷ്ടിച്ചതും ജയകുമാർ–രവീന്ദ്രൻ കൂട്ടുകെട്ടാണെന്ന കൗതുകമുണ്ട്. ഈ ഗാനം പിറന്നതിനെപ്പറ്റി ജയകുമാർ പറയുന്നു: ‘കിഴക്കുണരും പക്ഷി എന്ന ചിത്രത്തിന്റെ സംവിധായകനായ വേണു നാഗവള്ളി വലിയ മൂകാംബികാ ഭക്തനായിരുന്നു. ശ്ലോകം പോലെ ഒരു മൂംകാംബികാ പ്രാ‍ർഥന വേണം എന്നാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. ഇതു ഞാൻ മൂംകാംബിക സന്ദർശിച്ചശേഷം എഴുതിയ ഗാനമാണ്.’ കുടജാദ്രിയിൽ...നിന്നു വ്യത്യസ്തമായ ഭാവം ഗാനത്തിനു നൽകാൻ ജയകുമാറിനു കഴിഞ്ഞു. ഏകാകിയുടെയും ദുഃഖിതന്റെയും പ്രാ‍ർഥനയാണിത്. കരിമഷി പടരുന്ന കൽവിളക്കായി തീർന്ന ജീവിതം അമ്മയുടെ പാദാരവിന്ദങ്ങൾ തേടുന്നു. കൽവിളക്കിൽ കനകാങ്കുരങ്ങൾ വിരിയാനായി. ഇരുളുന്ന അപരാഹ്നം, സ്വരദലം കൊഴിയും മൺവീണ, കരിമഷി പടരുന്ന കൽവിളക്ക് തുടങ്ങിയ ഇമേജുകളും കവി കൊണ്ടുവരുന്നു.

വ്യത്യസ്ത ഭാവതലങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇരു പാട്ടിലെയും പ്രാ‍ർഥന ഒന്നാണ്. ‘ഉൾക്കണ്ണുകളിൽ പ്രകാശം ചൊരിയുക’. അതുകൊണ്ടാണ് അജ്ഞതയുടെ ഇരുൾ പടരുമ്പോഴെല്ലാം നാം ഈ രണ്ടു ഗാനവും നാം ഓർമിക്കുന്നത്..

കുടജാദ്രിയിൽ കുടികൊള്ളും...

ഒരു കൗതുകം കൂടിയുണ്ട്.: കുടജാദ്രിയിൽ... എന്ന ഗാനം ചിത്ര മാത്രം പാടാൻ ഉദ്ദേശിച്ച് എഴുതിയതാണ്. സിനിമയുടെ തിരക്കഥ അനുസരിച്ച് അതിലെ നായികയുടെ പ്രാ‍ർഥനയാണ് ഈ ഗാനം. നീലക്കടമ്പിലെ ‘ദീപം കയ്യിൽ’ എന്ന ഗാനം പാടാൻ വന്ന യേശുദാസ് സ്റ്റുഡിയോയിൽ നേരത്തെ റിക്കോർഡ് ചെയ്തു വച്ചിരുന്ന ചിത്രയുടെ ‘കുടജാദ്രി’ കേട്ട് ഇഷ്ടപ്പെട്ട് തനിക്കു കൂടി പാടണമെന്നു രവീന്ദ്രനോട് ആവശ്യപ്പടുകയായിരുന്നു.

അങ്ങനെയാണ് ‘നീലക്കടമ്പി’ന്റെ കസെറ്റിൽ യേശുദാസിന്റെ ട്രാക്ക് സ്ഥാനം പിടിച്ചതും ഹിറ്റായതും. സൂക്ഷ്മമായി കേട്ടാൽ രണ്ട് ആലാപനവും വളരെ വ്യത്യസ്തമാണെന്നു കാണാം. യേശുദാസിന്റെ കുടജാദ്രി അദ്ദഹത്തിന്റെ പ്രതിഭയിൽനിന്നു ജന്മമെടുക്കുമ്പോൾ ചിത്രയുടേതു ഹൃദയത്തിൽനിന്നു പിറക്കുന്നു. ഹൃദയത്തിന്റെ പ്രാർഥനകൾ ഹൃദയത്തിൽ സ്പർശിക്കുന്നു.