Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓത്തുപള്ളീലന്നു നമ്മള്...

Author Details
ottupalliyill

ദുബായിലെ അൽ നാസർ ഓഡിറ്റോറിയത്തിൽ മലയാള സിനിമയുടെ 75ാം വാർഷികം ആഘോഷിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങ്. സിനിമാ സംഗീത ചരിത്രത്തോടുള്ള ആദരവുകൂടിയായിരുന്നു അത്. യേശുദാസും എസ്. ജാനകിയും ചിത്രയുമൊക്കെ അടങ്ങുന്ന മുൻനിര ഗായകരെല്ലാം അവിടെ പ്രത്യേക ക്ഷണിതാക്കളായിരുന്നു. അതിലേക്ക് ഒരേയൊരു പാട്ട് പാടാനായി മാത്രം വടകരയിൽനിന്ന് ഒരാളെ സംഘാടകർ കൊണ്ടുവന്നു.

ഇത്രയേറെ ഗായകർ അവിടെ ഉണ്ടായിട്ടും ഈ ഒരു പാട്ടുപാടാൻ അവർക്കാർക്കും കഴിഞ്ഞില്ലേ? എന്തിന് ഒരുപാട്ടിനു മാത്രമായി ഇത്ര പണം ചെലവിട്ട് ഒരാളെ കേരളത്തിൽനിന്നു വരുത്തി?

അതാണ് ആ ഗാനവും ഗായകനും തമ്മിലുള്ള അഭേദ്യമായ ബന്ധം. അത് ആ ഗായകൻ പാടിയാലേ പൂർണമാവൂ.

ആ ഗാനം വേണം എന്ന് എന്താണിത്ര നിർബന്ധം? ഒഴിവാക്കിക്കൂടേ? പറ്റില്ല. ആ പാട്ടില്ലാതെ മലയാള സിനിമാ സംഗീത ചരിത്രം പൂർണമാവില്ല. കാരണം, മലയാള സിനിമയിലെ ഏറ്റവും വലിയ ഗൃഹാതുരതയായി ലക്ഷോപലക്ഷം പേർ നെഞ്ചേറ്റിയ ഗാനമാണിത്.

‘ഓത്തു പള്ളീലന്നു നമ്മള്

പോയിരുന്ന കാലം

ഓർത്തു കണ്ണീർ വാർത്തു നിൽക്ക–

യാണു നീലമേഘം’

‘ഈ പാട്ട് പാടാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 36 വർഷമായി ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.’ പറയുന്നത് ഗായകൻ വി.ടി. മുരളി. തേൻതുള്ളി (1979) എന്ന ചിത്രത്തിൽ പി.ടി. അബ്ദുറഹിമാൻ രചിച്ചു രാഘവൻ മാസ്റ്റർ ഈണമിട്ട ഈ ഗാനത്തിലെ വിരഹത്തിന്റെ കയ്പ് കാലം കഴിയുംതോറും കൂടുതൽ മധുരമാവുന്നു.

‘കോന്തലക്കൽ നീയെനിക്കായ്

കെട്ടിയ നെല്ലിക്ക

കണ്ടു ചൂരൽ വീശിയില്ലേ

നമ്മുടേ മൊല്ലാക്ക’

പള്ളിക്കര വി.പി. മുഹമ്മദ് ‘തേൻതുള്ളി’ എന്ന പേരിൽ എഴുതിയ നോവലാണ് അതേ പേരിൽ സിനിമയായത്. തിയറ്ററിൽ അമ്പേ പരാജയപ്പെട്ടുപോയ സിനിമയിലെ ഒരു ഗാനം മാത്രം ഇത്ര ജനപ്രിയമായത് എന്തുകൊണ്ടാണ്? മുഖ്യകാരണം രചന തന്നെ. മലയാളത്തിലെ ഏറ്റവും പച്ചയായ, നൈസർഗികമായ, സ്വാഭാവികമായ സിനിമാപ്പാട്ട് എന്ന വിശേഷണം ചേരുക ‘ഓത്തുപള്ളി...’ക്കുതന്നെ. നമുക്കു പരിചിതമല്ലാത്ത, മനസ്സെത്തിക്കാനാവാത്ത ഒന്നും ഈ പാട്ടിലില്ല.

‘ഉപ്പുകൂട്ടി പച്ചമാങ്ങ

നമ്മളെത്ര തിന്നു?’

എന്നതിനെക്കാൾ ഗൃഹാതുരമായ വരികൾ മലയാളത്തിലുണ്ടോ എന്ന് ഒരുപാടു പേരോടു ചോദിച്ചിട്ടുണ്ട്. മറിച്ചൊരഭിപ്രായം കേട്ടിട്ടില്ല. ഒരുപക്ഷേ, ഇനി ഉണ്ടാകാനും പോകുന്നില്ല. പി.ടി. അബ്ദുറഹിമാൻ എന്ന കവി മാപ്പിളപ്പാട്ടുകളാണ് ഏറെയും രചിച്ചിരിക്കുന്നത്. സിനിമാഗാന പരിശ്രമങ്ങൾ വിരളം. എന്തിനേറെ? ഇതൊന്നു മതിയല്ലോ.

ottupalliyill1

സംഗീതം എന്നൊന്നും പറയാനില്ല. നെഞ്ചുവിങ്ങുന്ന ഈ വരികളുടെ മേൽ രാഘവൻ മാസ്റ്റർ ഒന്നു തലോടിയിട്ടേയുള്ളൂ. മർമം അറിയുന്നവർക്ക് ഒരു സ്പർശനം തന്നെ ധാരാളം! (രാഘവൻ മാസ്റ്റർ ഏറ്റവും വേഗം സംഗീതം നൽകിയ പാട്ടാണിത്. രണ്ടു തവണ വരികൾ വായിച്ചയുടനേ ഇന്നു നാം കേൾക്കുന്ന ഈണം പാടി പാട്ടിനെ അതിന്റെ പാട്ടിനുവിട്ടു രാഘവൻ മാസ്റ്റർ.)

വി.ടി. മുരളി മഹാഗായകനൊന്നുമല്ല. പക്ഷേ, ഈയൊരു പാട്ടു പാടാൻ മാത്രമായി ഈ ലോകത്തേക്കു നിയോഗിക്കപ്പെട്ടവനെന്നു വിളിച്ചേ മതിയാവൂ. മുരളി പാടിയിരിക്കുകയല്ല, പാട്ടായി മാറിയിരിക്കുകയാണ്. അതോ, ഈ ഗാനം മുരളിയിൽ അലിയുകയാണോ? ഇത്രമേൽ ആസ്വദിച്ച് ഒരു ഗായകൻ ഒരു പാട്ടുപാടുന്നതു പിന്നീടൊന്നും നാം കേട്ടിട്ടില്ല. മുരളിയുടെ ഒരേസമയം ദുഃഖതപ്തവും കാതരവുമായ ശബ്ദത്തിലല്ലാതെ ഈ പാട്ട് സങ്കൽപ്പിക്കാൻപോലും കഴിയില്ല. യേശുദാസ് പാടിയാൽ പോലും അത്രയ്ക്കങ്ങു ശരിയായില്ല എന്നു നാം പറയും. അതുകൊണ്ടാണ് യേശുദാസ് പാടുന്ന വേദികളിൽപോലും ഈ ഒരു പാട്ടുപാടാനായി മുരളി ലോകമെങ്ങും യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.

‘രോഗബാധിതനായ അച്ഛനോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ ഞാൻ കഴിയുമ്പോഴാണ് ഈ പാട്ട് പാടാൻ ക്ഷണം ലഭിക്കുന്നത്. ഡോക്ടറുടെ അനുവാദത്തോടെ അന്നു വൈകുന്നേരം തന്നെ ചെന്നൈയിലേക്കു തിരിച്ചു. എവിഎം സ്റ്റുഡിയോയിലായിരുന്നു റിക്കോ‍ർഡിങ്. അച്ഛന്റെ സുഹൃത്തുക്കളായിരുന്നു ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നത്. സത്യത്തിൽ പെട്ടെന്നു വീണുപോയ അച്ഛനോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ് എനിക്ക് ആ പാട്ട് അവർ നൽകിയത്.’ അതു മുരളിക്കും നമുക്കും ഭാഗ്യമായി. അന്നു തിരുവനന്തപുരത്ത് സംഗീത വിദ്യാർഥിയായിരുന്നു മുരളി.

ഒരുവിശേഷം കൂടിയുണ്ട്. മലയാളത്തിൽ ആദ്യമായി (ഒരുപക്ഷേ, ഇന്ത്യയിൽത്തന്നെ ആദ്യം) ഒരു പാട്ടിനെപ്പറ്റി മാത്രമായി ഒരു പുസ്തകം ഇറങ്ങാൻ പോകുന്നു. അതേ, ‘ഓത്തുപള്ളി...’യെപ്പറ്റിത്തന്നെ. തിരുവനന്തപുരത്തെ ഏതാനും ചെറുപ്പക്കാർ ചേർന്നാണ് പുസ്തകം ഇറക്കുന്നത്. വി.ടി. മുരളി, തേൻതുള്ളി സിനിമയുടെ സംവിധായകൻ കെ.പി. കുമാരൻ, ഗാനരംഗത്ത് അഭിനയിച്ച നടി താഹിറ മുതൽ പാട്ടിന്റെ ആസ്വാദകരും പ്രചാരകരുമായ സാധാരണക്കാരടക്കം 50 പേരുടെ ഗാനാനുഭവമാണ് ഈ സമാഹാരം. എഡിറ്റർ: ഷംസുദ്ദീൻ കുട്ടോത്ത്.

വീണ്ടും അബ്ദുറഹിമാന്റെ തൂലികയുടെ ഒടുങ്ങാത്ത വിസ്മയത്തിലേക്കു വരാം. കാലമാം ഇലഞ്ഞി പൊഴിച്ച വിഷാദമാണ് ആ വരികൾ. നനുത്ത, പതിഞ്ഞ വിഷാദം. ഉപ്പ്, നെല്ലിക്ക, കോന്തല, ഇലഞ്ഞി, മയിൽപ്പീലി, മൊല്ലാക്ക... അങ്ങനെ പോയകാല ദൃശ്യങ്ങളൊക്കെ തൊങ്ങലുകളില്ലാതെ മനസ്സിലേക്കു കയറിക്കൂടുകയാണ്. മാപ്പിള പാട്ട് എന്നു കേൾക്കുമ്പോഴേ അറബി ഭാഷാ വൈഭവം പുറത്തെടുക്കുന്ന പാട്ടെഴുത്തുകാരുടെ പതിവുവഴിയിൽനിന്നു പി.ടി. അബ്ദുറഹിമാൻ മാറിനിന്നതിന്റെ ഗുണം.

ഗാനരചയിതാവ് പൂവച്ചൽ ഖാദർ ഈ പാട്ടിനെപ്പറ്റി ഇങ്ങനെ പറയുന്നു: ‘അരിമുല്ലയായും അസർമഴയായും അത്തറായും മൈലാഞ്ചിയായും ഹൃദ്യതയരുളുന്ന ഗാനസുന്ദരിയാണ് ഓത്തുപള്ളി.’ സന്ദർഭമുണ്ടായിട്ടും അതിവൈകാരികതയിലേക്കു വീണുപോയില്ല എന്നതാണു മലയാളത്തിലെ മറ്റു ഗൃഹാതുര ഗാനങ്ങളിൽനിന്ന് ‘ഓത്തുപള്ളി...’ക്കുള്ള വ്യത്യാസം. ഇതൊരു ഗൃഹാതുര ഗാനമാണോ? അങ്ങനെ വിശേഷിപ്പിക്കുമ്പോൾ എന്തോ കുറഞ്ഞുപോവുന്നപോലെ.

ഇതൊരു ഓർമപ്പാട്ടാണ്, ജീവിതമെന്ന പച്ചമാങ്ങ സ്നേഹത്തിന്റെ ഉപ്പുകൂട്ടി രുചിച്ചിട്ടുള്ളവരുടെ ഓർമപ്പാട്ട്. അവരുടെ നൊമ്പരങ്ങളുടെ ചുനപ്പാടുകൾ നിറഞ്ഞ പാട്ട്.