Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവൽ മാലാഖമാരേ...

a-j-joseph

1986–ൽ തരംഗിണി ഇറക്കിയ ‘സ്നേഹപ്രതീകം’ എന്ന ക്രിസ്മസ് ആൽബം വിൽപനയിൽ റെക്കോർഡിട്ടു. ഇന്നും ഒട്ടേറെ ആവശ്യക്കാർ. പല ഭാഷകളിലേക്കും ഇതു മൊഴിമാറ്റം ചെയ്തു. ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...’ എന്ന ഊർജസ്വലമായ കാരൾഗാനമായിരുന്നു ഈ ആൽബത്തിന്റെ ഹൈലൈറ്റ്. ആ ഗാനം ക്രിസ്മസിന്റെ ഉല്ലാസം മുഴുവനും പകർന്നെങ്കിൽ ഉണ്ണിയേശുവിനോടുള്ള വാത്സല്യം മുഴുവനും ജോസഫ് ഒരുക്കിവച്ചതു ‘കാവൽ മാലാഖമാരി’ൽ ആയിരുന്നു. ഗായികതന്നെ ഗാനമായി മാറി എന്നൊക്കെ സുജാതയുടെ ആലാപനത്തെ വിശേഷിപ്പിക്കാം! അവരുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ചു ഗാനത്തിൽ ഇടംപിടിക്കുന്ന ആലാപന മികവ്. സ്വർഗീയ 

ശബ്ദം സുജാതയ്ക്കു സ്വന്തമായിരുന്ന കാലത്തെ പാട്ട്.

സംഗീതവൈവിധ്യമാണു സ്നേഹപ്രതീകം എന്ന ആൽബത്തിന്റെ പ്രത്യേകത. രാത്രി രാത്രി, അലകടലും മലർനിരയും, ദൈവസ്‌നേഹം നിറഞ്ഞുനിൽക്കും, ദൂരെ നിന്നും, കാതുകളേ കേൾക്കുന്നുവോ, യഹോവയാം ദൈവമെൻ ഇടയനത്രേ, പൊന്നുമീറ കുന്തിരിക്കം, ഉണരൂ മനസ്സേ എന്നിവയാണ് ആൽബത്തിലെ മറ്റു പാട്ടുകൾ. എല്ലാം വ്യക്തിത്വമുള്ള ഈണങ്ങൾ. എല്ലാം ഹിറ്റായതും ചരിത്രം.

ഒരേ സമയം താരാട്ടായും സാന്ത്വനഗാനമായും ആസ്വദിക്കാമെന്നതാണ് ‘കാവൽ മാലാഖമാരേ...’ യുടെ പ്രത്യേകത.

 

‘തളിരാർന്ന പൊൻമേനി നോവുമേ

കുളിരാർന്ന വൈക്കോലിൻ 

തൊട്ടിലല്ലേ‌’ എന്ന വരികൾ ആസ്വാദകനിൽ നൊമ്പരവും വാത്സല്യവും ചുരത്തുന്നു. ഒരേസമയം സംഗീതോപകരണങ്ങളുടെ സമൃദ്ധിയും മിതത്വവും, ഹമ്മിങ്ങുകളും കോറസും ചേർന്ന് ഒന്നാംതരം സംഗീതസംവിധാനം.

നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ നാടകസമിതിയിൽ ഗിറ്റാറിസ്‌റ്റായാണു ജോസഫിന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. അങ്ങനെയാണ് എ.ജെ.ജോസഫ്, ഗിറ്റാർ ജോസഫ് ആയത്. പേരിൽ ഗിറ്റാർ ഉണ്ടെങ്കിലും ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഇദ്ദേഹത്തിനു വഴങ്ങി. വർഷങ്ങളോളം സംഗീത സ്‌കൂൾ നടത്തി. കോട്ടയം ലൂർദ് പള്ളിയിലെ ക്വയർ മാസ്‌റ്ററായിരുന്നു.

കോട്ടയംകാരനായ സിനിമാ നിർമാതാവും നടനുമായ പ്രേംപ്രകാശാണ് ജോസഫിലെ സംഗീതസംവിധായകന്റെ മാറ്റ് തിരിച്ചറിയുന്നതും സിനിമയിലേക്കു ക്ഷണിക്കുന്നതും. മലയാളത്തിലെ ഒരുപിടി നല്ലഗാനങ്ങളുടെ പിറവിയിലേക്കാണ് ഈ കൂട്ടുകെട്ട് വളർന്നത്. 1985–ൽ ചിത്രയ്ക്ക് ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത് ജോസഫിന്റെ ഗാനമാണെന്ന് ഇന്ന് ആരെങ്കിലും ഓർമിക്കുന്നുണ്ടോ? പ്രേംപ്രകാശ് നിർമിച്ച ‘എന്റെ കാണാക്കുയിൽ’ എന്ന ചിത്രത്തിൽ കെ.ജയകുമാറിന്റെ വരികൾക്ക് ജോസഫ് നൽകിയ ഹൃദ്യമായ ഈണമാണ് ഈ ചരിത്രം സൃഷ്ടിച്ചത്.

ഇന്നും സംഗീതപ്രേമികൾക്കു ഹരമായ ‘ഒരേ സ്വരം ഒരേ നിറം, ഒരു ശൂന്യ സന്ധ്യാംബരം....

പിന്നീടു ചെയ്‌ത ‘കുഞ്ഞാറ്റക്കിളികളി’ലെ നാലു പാട്ടും ശ്രദ്ധേയമായി. ഇതിലെ ‘ആകാശഗംഗാ തീരത്തിനപ്പുറം...’ സൂപ്പർ ഹിറ്റായിരുന്നു. ഈ കൈകളിലെ ‘ കാരുണ്യക്കതിർ വീശി റംസാൻ പിറ തെളിയുമ്പോൾ...’ മലയാളത്തിലെ ഏറ്റവും മികച്ച പെരുന്നാൾ ഗാനങ്ങളിലൊന്നാണ്. ‘നാട്ടുവിശേഷ’ത്തിനു വേണ്ടി ചെയ്‌ത ‘നയനാംബുജങ്ങളോ കതിരൊളിയോ...’ സിനിമയിൽ ഇല്ലെങ്കിലും കസെറ്റിൽ ഹിറ്റായി.

ചെന്നൈയിൽ ‘കടൽകാക്ക’ എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നു നാട്ടിലേക്കു മടങ്ങി. അതു മലയാള സിനിമയിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു. ‘സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസ്സുള്ള ജോലിയാണു ഡിവോഷനൽ സോങ്‌സ് ചെയ്യുന്നത്. ’ അദ്ദേഹം ഒരു കൂടിക്കാഴ്ചയിൽ പറഞ്ഞു.

ഈ ക്രിസ്മസിലെ ധനുമാസക്കുളിർ രാവിൽ ‘കാവൽ മാലാഖമാരേ കണ്ണടയ്ക്കരുതേ...’ എന്നു നാം പാടുമ്പോ‍ൾ, മൂന്നു പതിറ്റാണ്ടു മുൻപ് ആ പാട്ടിന്റെ പിറവിക്കു നിമിത്തമായ നക്ഷത്രക്കൂട്ടങ്ങൾക്കൊപ്പം ജോസഫും ഉണ്ടാവും. അദ്ദേഹം കടന്നുപോയ ശേഷമുള്ള രണ്ടാമത്തെ ക്രിസ്മസ് രാവാണിത്.

‘പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ

പരിശുദ്ധ രാത്രിയല്ലേ...’

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.