Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവദാരു പൂത്തു...

devadaroo-poothu

രണ്ട് വാചകം പറയുന്നതിനിടെ മൂന്നു തവണ ചിരിക്കും ചുനക്കര രാമൻകുട്ടി. ‘എന്താ ഇത്ര സന്തോഷം?’ എന്നു ചോദിച്ചാൽ അദ്ദേഹം പറയും ‘Life is short and love is long’ അതുകൊണ്ട് സങ്കടപ്പെടാൻ സമയമില്ലത്രേ! അദ്ദേഹം എഴുതിയ പാട്ടുകളും അങ്ങനെയായിരുന്നു. ആഹ്ലാദം, പ്രണയം, ആവേശം, ഉന്മാദം... ഇങ്ങനെ പ്രസാദാത്മകമായ ഗാനങ്ങൾ മാത്രമെഴുതിയ മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല. 

ചുനക്കരയുടെ പാട്ടുകൾ കേൾക്കൂ.. എത്ര വിഷാദത്തിലും നമ്മെ ഉല്ലാസഭരിതരാക്കും അവ. ആരുമൊന്നു താളംപിടിക്കും, തലയൊന്നു കുലുക്കും, സന്തോഷകരമായിരുന്ന പ്രണയകാലം ഓര്‍ക്കും. 

ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ..., നീ സ്വരമായ് ശ്രുതിയായ്..., ശരത്കാല സന്ധ്യ... (എങ്ങനെ നീ മറക്കും), സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരു നീ... (കുയിലിനെത്തേടി), ധനുമാസക്കാറ്റേ... (മുത്തോടു മുത്ത്), ഒരു കടലോളം സ്നേഹം തന്നു പ്രിയസഖിയായി നീ..., ഒരു മലർത്തോപ്പിലെ..., പൂവായ പൂ... (ലൗ സ്റ്റോറി), ആലിപ്പഴം ഇന്നൊന്നായെന്‍... (നാളെ ഞങ്ങളുടെ വിവാഹം), ശ്യാമ മേഘമേ നീ യദുകുല... (അധിപൻ), ഹൃദയവനിയിലെ നായികയോ, മഞ്ഞണിഞ്ഞ മാമലകൾ...(കോട്ടയം കുഞ്ഞച്ചൻ). മലയാളികള്‍ മുഴുവന്‍ താളം പിടിച്ച പാട്ടുകള്‍. ഓരോ കേള്‍വിയിലും കോളജ് ക്യാംപസുകളിലേക്ക് ഹൃദയംകൊണ്ടു നാം നടത്തുന്ന മടക്കയാത്രകള്‍! 

76 സിനിമയിലായി 210 ഗാനങ്ങൾ രചിച്ച ചുനക്കരയുടേതായി ‘വാരിധിയിൽ തിരപോലെ...’ (ചൂതാട്ടം) തുടങ്ങിയ ഒന്നോ രണ്ടോ ദുഃഖഗാനങ്ങൾ മാത്രം. 

എന്തുകൊണ്ട് ഇങ്ങനെ ഉല്ലാസഗാനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു? ‘നാളെ രാവിലെ ഉണരും എന്ന് ഉറപ്പില്ലാതെയാണ് നമ്മളൊക്കെ ഉറങ്ങാൻ പോകുന്നത്. പിന്നെ, എന്തിനാണ് ഈ സങ്കടം? എനിക്കു പൊതുവേ സന്തോഷത്തിൽ ജീവിക്കാനും അതു പ്രസരിപ്പിക്കാനുമാണ് ഇഷ്ടം. എന്നിരുന്നാലും, ഒരു എഴുത്തുകാരനെന്ന നിലയിൽ വ്യത്യസ്ത വിഷയങ്ങൾ എഴുതണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഞാൻ പ്രവർത്തിച്ചതു മുഴുവൻ തനി വാണിജ്യ സിനിമയിലാണ്. അതു മലയാള സിനിമയുടെ ഒരു ചോക്ക്‌ലേറ്റ് കാലം കൂടി ആയിരുന്നു. അതിലൊക്കെ ഇത്തരം പാട്ടുകൾ മതിയായിരുന്നു. എല്ലാം ഒന്നിനൊന്നു ഹിറ്റായതോടെ, പണം വാരൽ മാത്രം ലക്ഷ്യമാക്കി വന്ന നിർമാതാക്കൾക്ക് അതു മാത്രം മതിയായിരുന്നു.’ അതേ, 1983ൽ ‘എങ്ങനെ നീ മറക്കും’ (സംഗീതം ശ്യാം) എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനമായിരുന്നു ‘ദേവദാരു പൂത്തു....’. ഗാനമേളകളുടെ സുവർണകാലം കൂടിയായിരുന്നു അത്. അതിൽ ഫാസ്റ്റ് നമ്പരുകൾക്ക് വലിയ സ്ഥാനമുണ്ട്. ‘ദേവദാരു’വിലൂടെ പ്രണയസുഗന്ധം പടർത്തിയശേഷം ആ സിനിമയിലെതന്നെ ‘ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു...’ എന്ന പാട്ടിലൂടെ ഉത്സവപ്പറമ്പുകളെ ഗാനമേളക്കാര്‍ ഇളക്കി മറിച്ചു. അതേ വർഷംതന്നെ ഇറങ്ങിയ സിന്ദൂരത്തിലകവുമായ്...(കുയിലിനെത്തേടി– സംഗീതം: ശ്യാം) അതേ ശ്രേണിയിൽത്തന്നെ സൂപ്പർ ഹിറ്റായി. പിന്നീടു ചുനക്കരയുടെ കാലമായിരുന്നു. 1983ൽ 21 സിനിമ. 84ലും 85ലും 32, 86ൽ 25. ചൂടപ്പം പോലെ കസെറ്റുകൾ വിറ്റുപോയ സംഗീതകമ്പനികളുടെ സുവർണകാലം. 

ശ്യാമായിരുന്നു ചുനക്കരയുടെ പ്രിയകൂട്ട്. ഇവർ ഒന്നിച്ച 93 പാട്ടിൽ മിക്കതും സൂപ്പർ ഹിറ്റ്! എന്തുകൊണ്ട് ഈ കൂട്ടുകെട്ട്? ‘അതു സത്യത്തിൽ നിർമാതാക്കളുടെ അന്ധവിശ്വാസം കൊണ്ടു സംഭവിച്ചതാണ്. ഞങ്ങൾ ഒന്നിച്ച ആദ്യകാല സിനിമകൾ ഹിറ്റായിരുന്നു. പണത്തിൽ മാത്രം കണ്ണുണ്ടായിരുന്ന നിർമാതാക്കൾ വിശ്വസിച്ചിരുന്നത് ഞങ്ങൾ ഭാഗ്യ ടീം ആണെന്നായിരുന്നു. അല്ലാതെ മറ്റൊരു കാരണവും ഇല്ല. പാട്ടുകളെല്ലാം ഹിറ്റായി എന്നതു സത്യമാണ്. പക്ഷേ, ശ്യാമിനു വരികൾക്ക് ഈണം നൽകാൻ താൽപര്യം ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഈണത്തിനൊപ്പിച്ചു ഞാൻ സ്ഥിരം വരികൾ എഴുതേണ്ടിവന്നു. ഒരുപക്ഷേ, സ്വതന്ത്രമായി എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ കുറേക്കൂടി നല്ല രചനകൾ നടത്താമായിരുന്നു എന്ന് ഇപ്പോൾ തോന്നാറുണ്ട്.’ ചുനക്കര പറയുന്നു. 

പാട്ട് സിനിമയില്‍ കഥാപാത്രമായി വരുന്ന മോഹന്‍ലാല്‍ചിത്രമായ ‘അധിപനി’ല്‍ ആ ഗാനം എഴുതാന്‍ നിയോഗിക്കപ്പെട്ടത് ചുനക്കരയായിരുന്നു എന്നതു ശ്രദ്ധേയമാണ് (‘ശ്യാമമേഘമേ നീ യദുകുല..). അതുപോലെ ‘കോട്ടയം കുഞ്ഞച്ചനി’ലെ ‘മഞ്ഞണിഞ്ഞ മാമലകള്‍...’ എന്നതു കേരള വര്‍ണനാ ഗാനങ്ങളില്‍ എടുത്തുപറയേണ്ടതാണ്. 

മാവേലിക്കരയ്ക്ക് അടുത്തു ചുനക്കരയിൽ ജനിച്ച രാമൻകുട്ടി തിരുവനന്തപുരം ആകാശവാണിയിൽ 1950കളിലും 60കളിലും ലളിതഗാന രചയിതാവായാണു പേരെടുത്തത്. അക്കാലത്തെ പ്രശസ്ത ലളിതസംഗീത പാഠങ്ങളായ കരുണക്കടലേ കാർമുകിൽ വർണാ..., കുയിലുകളേ പൂങ്കുയിലുകളേ..., നാലുമണിപ്പൂവേ നീ.. എന്നിവ സഹിതം അഞ്ഞൂറോളം ഗാനങ്ങൾ രചിച്ചു. പിൽക്കാലം ഏതാണ്ട് 12 വർഷം തിരുവിതാംകൂറിലെ നാടകങ്ങൾക്കായി പാട്ടുകൾ എഴുതിയ ശേഷമാണ് സിനിമയിൽ എത്തുന്നത്.  ആഴത്തിലുള്ള കാവ്യകൽപനകളോ ജീവിത ദർശനമോ ഒന്നും ചുനക്കരയുടെ പാട്ടുകളിൽ കണ്ടെന്നു വരില്ല, പക്ഷേ, മലയാളിയുടെ ഉല്ലാസവേളകളെ, പ്രണയങ്ങളെ അവ കൂടുതൽ മധുരതരവും ഊർജസ്വലവുമാക്കിക്കൊണ്ടിരിക്കും. നമ്മെ കൂടുതല്‍ ചെറുപ്പമാക്കും. 

‘ഒരു കടലോളം സ്നേഹം തന്നു 

പ്രിയസഖിയായി നീ 

ഇരു കരളാം നാം ഒരു കരളായി 

ഗാനം പാടുന്നു...’