Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധതൻ പ്രേമത്തോടാണോ കൃഷ്ണാ...

yesudas-song-radhathan

ഒരു കുല കൊന്നപ്പൂവിനു പകരം നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഒരു കൊന്നമരംതന്നെ കണികാണാൻ കിട്ടിയാലോ? ഇങ്ങനെയൊരു സമൃദ്ധിയാണ് തരംഗിണി ഇറക്കിയ ‘മയിൽപ്പീലി’ എന്ന സംഗീത ആൽബം. രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, അണിവാകച്ചാർത്തിൽ ഞാൻ, ചന്ദനചർച്ചിത, ചെമ്പൈക്കു നാദം, ഗുരുവായൂരപ്പാ നിൻ, ഹരികാംബോജി രാഗം, നീയെന്നെ ഗായകനാക്കി, ഒരു പിടി അവിലുമായി, യമുനയിൽ ഖരഹരപ്രിയ എന്നിങ്ങനെ ഒന്നിനോടൊന്നു കിടപിടിക്കുന്ന ഒൻപത് കൃഷ്ണഗാനങ്ങൾ... എല്ലാം പാടിയത് യേശുദാസ്! ഗാനരചന–എസ്.രമേശൻ നായർ, സംഗീതം കെ.ജി.ജയൻ (ജയവിജയ).

പാട്ടുകൾ പണംകൊടുത്തു വാങ്ങാൻ ആളുകൾ മടിക്കുന്ന ഈ ‘ഡൗൺലോഡിങ്’ കാലത്ത് വിൽപനയുള്ള ഏതാനും ആൽബങ്ങളിലൊന്നാണ് ‘മയിൽപ്പീലി.’ ഏതു വിഷാദിയുടെ ഹൃദയത്തിലും ആഹ്ലാദാനുഭവം നിറയ്ക്കുന്ന ഈ ഈണങ്ങൾ പിറന്നുതുപക്ഷേ, അത്യന്തം ദുഃഖഭരിതമായ മനസ്സിൽനിന്നായിരുന്നു. രണ്ടു ശരീരവും ഒരാത്മാവുമായിരുന്ന സംഗീതജ്‍ഞരായിരുന്നു ജയ–വിജയൻമാർ. ഒന്നിച്ചുള്ള ആ സംഗീതയാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി കെ.ജി.വിജയൻ ഇഹലോകവാസം വെടിയുന്നത്. ഇരട്ട സഹോദരന്മാർ മാത്രമായിരുന്നില്ല, സഹയാത്രികരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാമായിരുന്നു ഇരുവരും. ഓർക്കാപ്പുറത്തുണ്ടായ ഈ വിധിവിളയാട്ടം ജയനെ ഒട്ടൊന്നുമല്ല തളർത്തിയത്. പാട്ടിനോടുപോലും താൽപര്യം നഷ്ടപ്പെട്ട് ചിറകുപോയ പക്ഷിയെപ്പോലെ ജയൻ കഴിഞ്ഞ നാളുകൾ. ഏതാണ്ട് ഒരു വർഷം പിന്നിട്ട ഒരു നാളിലാണ് പ്രിയ സുഹൃത്ത് യേശുദാസിനെ തിരുവനന്തപുരത്തുവച്ച് കാണുന്നത്. ‘ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കാതെ പാട്ടിലേക്ക് മടങ്ങി വരൂ. ഇഷ്ടമുള്ള കുറേ കൃഷ്ണഭക്തി ഗാനങ്ങൾ ചെയ്യൂ. തരംഗിണി ഇറക്കാം.’ എന്ന് യേശുദാസ് പ്രോൽസാഹിപ്പിക്കുന്നു.

‘അന്ന് തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്തിരുന്ന എസ്.രമേശൻ നായരെ എഴുത്തുകാരനായി നി‍ർദേശിച്ചതും യേശുദാസ് തന്നെ. ഞാൻ അങ്ങനെ രമേശൻ നായരുടെ വീട്ടിലെത്തി യേശുദാസിന്റെ നിർദേശം പറയുന്നു. അന്നു രാത്രി ഞങ്ങൾ രണ്ടുപേരുംകൂടി പാട്ടുണ്ടാക്കാനിരിക്കുന്നു. അദ്ദേഹം മുറിയിൽ നടന്നുകൊണ്ടു വരികൾ പറഞ്ഞു. ഞാൻ അതു കടലാസിലേക്ക് എഴുതുന്നു, ഒപ്പം ട്യൂണും ഇടുന്നു. ഒരുപക്ഷേ, നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം. പക്ഷേ, സത്യമാണ്. നേരം പുലർന്നപ്പോഴേക്കും ഇന്നു നിങ്ങൾ ‘മയിൽപ്പീലി’ എന്ന ആൽബത്തിൽ കേൾക്കുന്ന ഒൻപതു പാട്ടും പിറന്നുകഴിഞ്ഞിരുന്നു. ഒറ്റ രാത്രിയിൽ ജനിച്ചത്.’ ജയൻ പറയുന്നു. ‘എന്റെ വീട്ടിലെത്തിയിട്ടും ജയൻ ശാന്തനായിരുന്നില്ല. വിജയന്റെ വേർപാടിലുള്ള സങ്കടത്തിൽ അത്രമേൽ അദ്ദേഹം ഉലഞ്ഞിരുന്നു. സഹോദരന്റെ മരണത്തിൽ ഇതുപോലെ തളർന്നുപോയ ഒരാളെയും ഞാൻ കണ്ടിട്ടില്ല. ദുഃഖത്തിൽനിന്നു കരകയറാൻ അദ്ദേഹത്തെ എങ്ങനെയും സഹായിക്കാൻ ഞാൻ ഒരുക്കമായിരുന്നു. അതുകൊണ്ട് അന്നുതന്നെ പാട്ടുകൾ തുടങ്ങിയേക്കാം എന്നു കരുതി.

jaya-vijaya-ramesana-nair കെ.ജി. ജയൻ, എസ്.രമേശൻ നായർ

പക്ഷേ, ഒരു രാത്രികൊണ്ട് എല്ലാം പൂർത്തിയാവുമെന്നു കരുതിയതേയില്ല. എന്റെ കഴിവല്ല, ഞാൻ ഭഗവാന്റെ ഗുമസ്തൻ മാത്രം. അദ്ദേഹം എന്നോടു മന്ത്രിച്ചതു ഞാൻ വരികളാക്കി എന്നു മാത്രം.’ എസ്.രമേശൻ നായർ സാക്ഷ്യപ്പെടുത്തുന്നു. പിറ്റേന്നുതന്നെ കെ.ജി.ജയനും രമേശൻ നായരുംകൂടി തരംഗിണിയിലെത്തി യേശുദാസിനോട് പാട്ടുകൾ തയാറാണെന്ന് അറിയിച്ചു. ‘ആൽബത്തിലെ ‘ചന്ദനചർച്ചിതം... ’എന്ന ഒരുപാട്ടു മാത്രമേ യേശുദാസ് കേട്ടുള്ളൂ. ‘ഒരുപാട്ടുകൊണ്ടുതന്നെ തൃപ്തിയായി. വേറെയൊന്നും കേൾക്കേണ്ട. എത്രയും വേഗം റിക്കോർഡ് ചെയ്തേക്കാം എന്ന് അദ്ദേഹം പറഞ്ഞു.’ ജയൻ ഓർമിക്കുന്നു. പക്ഷേ, യേശുദാസിന്റെ തിരക്കുമൂലം അത്രവേഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കുറച്ചു പാട്ടുകൾ തിരുവനന്തപുരത്തും ബാക്കി ചെന്നൈയിലുമായിരുന്നു റിക്കോർഡിങ്. പുറത്തിറങ്ങിയയുടനെ വൻഹിറ്റായി ഈ ആൽബം. എത്രലക്ഷം കോപ്പി വിറ്റുവെന്നു കൃത്യമായ കണക്കുപോലും കാണില്ല. ഭക്തിഗാനമെന്നതിനേക്കാൾ ലളിതഗാനമായാണു മലയാളികൾ ഇത് ആസ്വദിച്ചതെന്നു കരുതാം.. മനോഹരമായ രചനയും സംഗീതവും സുഭഗമായ ആലാപനവും ഒത്തിണങ്ങിയ ആൽബം. മയിൽപ്പീലി ആൽബത്തിലെ മറ്റ് എട്ടു പാട്ടിൽനിന്ന് തികച്ചും ഭിന്നമാണ്

‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ

ഞാൻ പാടും ഗീതത്തോടാണോ

പറയൂ നിനക്കേറ്റം ഇഷ്ടം പക്ഷേ,

പകൽപോലെ ഉത്തരം സ്പഷ്ടം’ എന്ന സംഗീതം. മറ്റുള്ളവയേക്കാൾ അയഞ്ഞ, ആഹ്ലാദഭരിതമായ ഈണം. ഈ വ്യത്യാസത്തിന്റെ രഹസ്യം ജയൻ വെളിപ്പെടുത്തുന്നു. ‘പാട്ടുകൾ ചെയ്ത് ഏതാണ്ട് അർധരാത്രി ആയപ്പോൾ അൽപം വിശ്രമിക്കാനിരുന്നു. അപ്പോൾ രമേശൻ നായർ ടിവി ഓൺ ചെയ്തു. ടിവിയിൽ ഒരു ഗസലാണ് കണ്ടത്. ആ ഈണം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അതിന്റെ സ്വാധീനത്തിൽ ഞാൻ അപ്പോൾത്തന്നെ ഉണ്ടാക്കിയ ട്യൂണാണ് ‘രാധതൻ പ്രേമത്തോടാണോ....’. അത് ഏത് ഹിന്ദുസ്ഥാനി രാഗമാണെന്ന് എനിക്ക് ഇന്നും അറിയില്ല. ആഭേരിയുടെ ഛായ ഉണ്ടെന്നു മാത്രം.’ ആൽബത്തിൽ ട്യൂണിട്ടിട്ട് എഴുതിയ ഏകഗാനവും ഇതുതന്നെ. മറ്റെല്ലാം രചനയ്ക്കൊത്തുള്ള സംഗീതമാണ്. യേശുദാസിന് ഗുരുവായൂർ അമ്പലത്തിൽ പ്രവേശനം നിഷേധിച്ചതു സംബന്ധിച്ച ചർച്ച നടക്കുന്ന കാലമാണ് അത്. ‘നീയെന്നെ ഗായകനാക്കി...’ എന്ന ഗാനത്തിലെ ചരണം ഇങ്ങനെ:

‘ഗുരുവായൂരിൽ പാടൂമ്പോളെൻ

ഹൃദയം പത്മപരാഗമോ

പരിഭവമെൻ അനുരാഗമോ?’

എന്ന വരികളിൽ കേവലം ഭക്തിക്കപ്പുറം എന്തെങ്കിലുമുണ്ടോ? ‘നിങ്ങളുടെ സംശയം സത്യമാണ്.’ രമേശൻ നായർ പറയുന്നു. ‘യേശുദാസിനു ഗുരുവായൂരിൽ വിലക്ക് ഏർപ്പെടുത്തിയതു മനസ്സിൽവച്ചുകൊണ്ടുതന്നെയാണ് ഞാൻ അത് എഴുതിയത്. ‘രാധതൻ പ്രേമത്തോടാണാ....’ എന്ന ഗാനവും ഞാൻ ഇതു ധ്വനിപ്പിച്ച് എഴുതിയതാണ്.’

ഒരു കൗതുകം കൂടി: മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും കവി എസ്.രമേശൻ നായരും തമ്മിൽ ‘ശതാഭിഷേകം’ എന്ന ആക്ഷേപഹാസ്യ നാടകത്തെ തുടർന്ന് കടുത്ത പിണക്കത്തിലായല്ലോ. രമേശൻ നായർക്ക് ആകാശവാണിയിലെ ജോലി നഷ്ടപ്പെടുന്നതിലെത്തി കാര്യങ്ങൾ. വർഷങ്ങൾ കഴി‍ഞ്ഞു. പ്രതാപമെല്ലാം കൊഴിഞ്ഞ കാലത്ത് ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ കരുണാകരനോട് ചോദിക്കുന്നു. ‘ഗുരുവായൂരപ്പന്റെ ഭക്തനായ അങ്ങേയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കൃഷ്ണഭക്തിഗാനം ഏതാണ്?’

കരുണാകരന്റെ മറുപടി: ‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ...’ (മയിൽപ്പീലി) എത്ര കൊടിയ പിണക്കങ്ങൾക്കും ഇത്രയേ ആയുസ്സുള്ളൂ. ഒരു പുഴയും എക്കാലവും കലങ്ങിത്തന്നെ ഒഴുകുകയില്ലല്ലോ...