Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനെന്റെ ആത്മാവിനോളം സ്നേഹിച്ചൊരാള്‍

das-kaithapram

യേശുദാസ് പാടുന്ന വേദിയിലുണ്ടെങ്കിൽ ആ ഗന്ധർവ്വ സ്വരത്തിലുള്ള പാട്ട് കഴിയും വരെ കൈതപ്രത്തിന്റെ മുഖം ഒരു പ്രാർഥനയിൽ എന്ന പോലെയായിരിക്കും. നെഞ്ചിൽ കൈ ചേര്‍ത്തു വച്ച് ആ പാട്ടു കേട്ടിരിക്കും...

മലയാള സിനിമയിൽ താനെഴുതിയ പാട്ടുകളിൽ ഏറ്റവുമധികം സ്വരമായിട്ടുള്ള ഗായകൻ എന്നതിനും സ്വാഭാവികമായും ആ സ്വരത്തോടു ഒരു മനുഷ്യനു തോന്നാവുന്ന ആരാധനയ്ക്കുമപ്പുറം ദാസേട്ടനോട് അടുപ്പവും സ്നേഹവുമുണ്ട് കൈതപ്രത്തിന്. ഞാൻ എന്റെ ആത്മാവിനോളം സ്നേഹിക്കുന്നൊരാൾ എന്നാണ് ദാസേട്ടനെ കുറിച്ചു കൈതപ്രം പറയുന്നത്. ദശാബ്ദങ്ങളായി മലയാളികളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളെ സംഗീതത്തിലൂടെ സംവദിക്കുന്ന സ്വരകണം കൈതപ്രത്തിനും എല്ലാത്തിനും മേലെയാണ്. 

ആ പ്രതിഭയോളം എന്നെ അതിശയിപ്പിച്ച മറ്റൊന്നില്ല, മറ്റൊരാളുടേയും കഴിവിനേയും ഞാനിത്രമേൽ സ്നേഹിച്ചിട്ടുമില്ല. കൈതപ്രം പറയുന്നു. സംഗീതത്തിന്റെ ലഹരി മാത്രമേ യേശുദാസിലുള്ളൂ. എത്ര ബുദ്ധിമുട്ടേറിയ ഗാനമായാലും അതു പാടിക്കഴിഞ്ഞ് മറ്റൊന്നിലേക്കു പോകാൻ അദ്ദേഹത്തിന് ആ ലഹരി മാത്രം മതി. എനിക്കും അങ്ങനെ തന്നെ. ഒരു ചിത്രത്തിനായി പാട്ടെഴുതി കഴിഞ്ഞാൽ തീർത്തും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിനായി പാട്ടു രചിക്കാൻ ആ ലഹരി തന്നെയാണു കൂട്ട്. അതാണ് ഞങ്ങൾക്കിടയിലുള്ള സാമ്യം. 

ദാസേട്ടനെ കുറിച്ചെനിക്ക് ഒരുപാട് ഓർമകളുണ്ട്. അതിൽ ഇപ്പോൾ പെട്ടെന്ന് മനസിലേക്കു വരുന്നത് ഇന്നലെ എന്ന ചിത്രത്തിലെ അനുഭവമാണ്. പത്മരാജന്റെ പടം. അതിലെ ഒരു പാട്ടിന്റെ അനുപല്ലവി ഹൈ പിച്ച് ആണ്. പെരുമ്പാവൂർ സാര്‍(പെരുമ്പാവൂർ ജി രവീന്ദ്രനാഥ്) ആണ് ഈണം. അദ്ദേഹത്തിനും ചെറിയൊരു ഭയമുണ്ട് ഇത്രയും ഹൈ പിച്ച് പാട്ട് എങ്ങനെ ചെയ്യുമെന്ന്. പക്ഷേ ദാസേട്ടൻ എപ്പോഴത്തേയും പോലെ അത്ഭുതപ്പെടുത്തുന്ന പോലെ പാടി. അതിനേക്കാൾ അതിശയിപ്പിച്ചതും മനസിൽ തട്ടിയതും പത്മരാജന്റെ വാക്കുകളാണ്. ദാസേട്ടൻ പാടിക്കഴിഞ്ഞ ഉടനേ അദ്ദേഹത്തിന് അരികിലെത്തി കൈ പിടിച്ച് പറഞ്ഞു, 

'ലോകത്തിലാർക്കും ഇങ്ങനെ പാടാനൊക്കില്ല എന്ന്'...പത്മരാജൻ പോയിക്കഴിഞ്ഞപ്പോൾ ദാസേട്ടൻ പറഞ്ഞു, 

'മോനേ മോനേ ഇതുപോലൊരു വാക്കു കേൾക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്ന്'....സാധാരണ സംവിധായകരൊക്കെ പാട്ട് എത്ര നന്നായാലും പറയും, 

ഗംഭീരമായിട്ടുണ്ട്, ഒന്നുകൂടി നോക്കാം എന്ന്...പക്ഷേ പത്മരാജൻ അങ്ങനെയായിരുന്നില്ല. ഇതേ പത്മരാജൻ മരിച്ച വിവരവും ഞാൻ തന്നെയാണ് ദാസേട്ടനോടു പറഞ്ഞതും...

അന്ന് ഭരതം സിനിമയ്ക്കായുള്ള റെക്കോഡിങിന് കോഴിക്കോട് എത്തിയതാണ് ഞാൻ. ദാസേട്ടനും എന്തോ പരിപാടിക്കായി അവിടെ വന്നു. അന്നാണ് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് പത്മരാജൻ മരിക്കുന്നത്. അങ്ങനെ റെക്കോഡിങ് മാറ്റിവച്ചു. ഞാൻ മറ്റൊരു ചിത്രത്തിനായി മദ്രാസിലേക്കു പോയി. അന്നേരമാണ് റെയിൽവേ സ്റ്റേഷനിൽ വച്ച് ദാസേട്ടനെ കാണുന്നതും ഈ വിവരും പറയുന്നതും...

നല്ലതു പറയാൻ മനസുള്ളൊരാൾ മരിച്ചു എന്നായിരുന്നു ഏറെ വിഷമത്തോടെ അദ്ദേഹം പറഞ്ഞത്...

സംഗീത രംഗത്ത് എന്നെ സംബന്ധിച്ച് അദ്ദേഹം എല്ലാമാണ്. എനിക്കേറ്റവും ഇഷ്ടമുള്ളൊരാൾ. അദ്ദേഹത്തിന്റെ സംഗീതത്തിനുള്ള പ്രൗഢിയും അതിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അർപ്പണ ബോധവുമാണ് എന്നെ ഇത്രമാത്രം അദ്ദേഹത്തോടടുപ്പിച്ചത്. വ്യക്തിപരമായും എനിക്കു സ്നേഹം മാത്രമേ നൽകിയിട്ടുള്ളൂ....

ഞാൻ എഴുതുന്ന എല്ലാ പാട്ടുകളും അദ്ദേഹം പാടണമെന്ന് ആഗ്രഹിച്ചു പോകും വിധം ആരാധനയുണ്ട് ആ പ്രതിഭയോട്. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്കേറെ പ്രിയപ്പെട്ടതാണ്. അടുത്തിടെ കേട്ടതിൽ പൂക്കൾ പനിനീർ പൂക്കൾ എന്ന പാട്ടാണ് പ്രിയപ്പെട്ടത്....അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. കൈതപ്രം പറഞ്ഞു....

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.