Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിന്റെ രാജഹംസം

g-venugopal-chithra

ശബ്ദ സൗന്ദര്യം കൊണ്ട് സംഗീത പ്രേമികളുടെ മനസിൽ ഇടം നേടിയ ഗായകനാണ് ജി. വേണുഗോപാൽ. മലയാളത്തിലും മറ്റുഭാഷകളിലുമായി നിരവധി പാട്ടുകൾ പാടി. മലയാള ചലചിത്ര രംഗത്തെ മുതിർന്ന ഗായകരിൽ ഒരാൾ. പിറന്നാൾ ആഘോഷിക്കുന്ന കെ.എസ്. ചിത്രയെന്ന സുഹൃത്തിനെ, സഹപ്രവർത്തകയെ ഓർക്കുകയാണ് ജി. വേണുഗോപാൽ. 

പിറന്നാൾ ആഘോഷിക്കുന്ന കെ.എസ്. ചിത്രയെ ഓർക്കുമ്പോൾ മുന്നിൽ വരുന്നത് നന്മയുടെ ചിത്രമാണ്. സ്നേഹം വറ്റിപോകാത്ത മനുഷ്യത്വമുള്ള സ്ത്രീ. ചിത്രയുമായി ചേർന്ന് അധികം പാട്ടൊന്നും പാടാൻ സാധിച്ചിട്ടില്ല. ഉള്ള അനുഭവങ്ങൾ വളരെ മനോഹരമാണ്. യേശുദാസും ചിത്രയുമൊക്കെ പാടാൻ വേണ്ടി മാത്രം ജനിച്ചവരാണ്. അവരെ മറ്റൊരു ജോലിയിൽ ചിന്തിക്കാൻ കൂടി സാധിക്കില്ല. 

ഗായകരിൽ ഭൂരിപക്ഷം പേരും സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ്. ചിത്ര അവരിൽ നിന്നും വ്യത്യസ്തയാണ്. പാട്ട് പാടി പോവുകമാത്രമല്ല ചിത്ര ചെയ്യുന്നത്. ഗായകരും ഓർക്കസ്ട്ര ടീമും സംവിധായകനുമെല്ലാമായി നല്ല ബന്ധം ഉണ്ടാക്കും. പണ്ട് സ്റ്റുഡിയോയിൽ മുഖാമുഖം കണ്ടു പാടിയിരുന്നു. പാടുന്നവരും ഓർക്കസ്ട്രയും തമ്മിൽ വല്ലാത്തൊരു ബന്ധം ഉണ്ടായിരുന്നു. ഇന്നതില്ല. 

ഗായിക റിമി ടോമിക്ക് തൊണ്ടയ്ക്ക് പ്രശ്നം വന്നപ്പോൾ ഡോക്ടറെ കാണിക്കാൻ ഉപദേശിച്ചതും ഏത് ഡോക്ടറെ കാണിക്കണമെന്ന് നിർദേശിച്ചതും ചിത്രയാണെന്ന് കേട്ടിട്ടുണ്ട്. സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്നു. പുതിയ കുട്ടികൾ പാടാൻ വരുമ്പോൾ ചിത്ര അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നത് കണ്ടിട്ടുണ്ട്. 

ചിത്രയെന്ന പാട്ടുകാരിയുടെ വിജയ ജീവിതത്തിന് പിന്നിൽ കൂട്ടായി ഭർത്താവ് വിജയശങ്കറുമുണ്ട്. ഏത് പ്രതിസന്ധിയിലാണെങ്കിലും അദ്ദേഹം ചിത്രയ്ക്കൊപ്പം ഉണ്ടാകും. സത്യത്തിന് വേണ്ടി നിലിനിൽക്കുകയും ചെയ്യും. 

പലപ്പോഴും മെയിൽ വോയ്സിൽ പാടേണ്ട പാട്ടുകൾ പോലും ചിത്ര എളുപ്പത്തിൽ പഠിക്കും. എന്നിട്ട് നമ്മൾക്ക് തിരിച്ച് പഠിപ്പിച്ച് തരും. വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ ഇതിനെ കണ്ടത്. 

മലയാളത്തിന്റെ വാമ്പാടിയുടെ പ്രിയപ്പെട്ട പാട്ടേതാണെന്ന് ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കാതെ പറയാം ചമയത്തിലെ രാജഹംസമേ...ചിത്ര പാടും...പാടിക്കൊണ്ടേയിരിക്കും...

Your Rating: