Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നും ഇന്നും ആ 19 വയസുകാരിയുടെ നിഷ്കളങ്കത

chithra-jerry-master

ആളൊരുങ്ങി അരങ്ങൊരുങ്ങിയെന്ന ഗാനം കെ.എസ്.ചിത്രയെന്ന ഗായികയുടെ ചലച്ചിത്ര സംഗീത ജീവിതത്തിലെ നിർണായകമായ പാട്ടാണ്. കെ.എസ്.ചിത്രയുടെ പിറന്നാൾ ദിനത്തിൽ ആ നിത്യഹരിത ഗാനത്തിനു സംഗീതം പകർന്ന സംഗീത സംവിധായകൻ ജെറി അമൽദേവ് ഓർക്കുകയാണു ചിത്ര ആ പാട്ടുപാടിയ നിമിഷങ്ങളെ കുറിച്ച്...

"കലോത്സവ വേദികളിലെ പ്രകടനമാണു ചിത്രയിലേക്കു ശ്രദ്ധയെത്തിച്ചത്. ചിത്രയെ മാത്രമല്ല അരുന്ധതിയിലേക്കും. അന്നവർ രണ്ടു പേരും മത്സര വിജയങ്ങളൊക്കെ നേടി മുന്‍ നിരയിൽ നിൽക്കുകയായിരുന്നു. പക്ഷേ സിനിമയിൽ ശ്രദ്ധ നേടിയത് ചിത്രയായിരുന്നു. ശാസ്ത്രീയ സംഗീതത്തിനൊപ്പം പോകുന്നതായിരുന്നു അരുന്ധതിയുടെ അച്ഛനൊക്കെ താൽപര്യം. 

എം.ജി രാധാകൃഷ്ണൻ ഇരുവരെക്കൊണ്ടു പാടിച്ചതും ഞാൻ കേട്ടിരുന്നു. അരുന്ധതിയുടെ വോയ്സ് കുറേ കൂടി ശക്തിയുള്ളതായിരുന്നു. പക്ഷേ ചിത്രയുടേതാണെങ്കിൽ ഉച്ചസ്ഥായിയിൽ പാടിയാലും മിതത്വത്തിൽ പാടിയാലും താഴ്ന്ന സ്വരത്തിൽ പാടിയാലും വോയ്സ് സ്റ്റെഡി ആയിട്ടു നിൽക്കും. അതു ഞാൻ ശ്രദ്ധിച്ചിരുന്നു. ആ ഇടയ്ക്കാണു എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിനു സംഗീതം ചെയ്യുവാനുള്ള അവസരം കിട്ടുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ നാട്ടിൽ തന്നെയുള്ള ആരെയെങ്കിലും കൊണ്ടു പാടിക്കാനാകുമോ എന്നു നവോദയ അപ്പച്ചൻ ചോദിച്ചു. ചിത്ര എന്നൊരു കുട്ടിയുണ്ട്. നന്നായി പാടും എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണു ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പാട്ടിൽ ചിത്ര ഗായികയായി. ജെറി മാസ്റ്റർ പറഞ്ഞു. 

അന്നു പത്തൊമ്പതു വയസേയുള്ളൂ ചിത്രയ്ക്കു. പിന്നീടു ഗായികയായി ചിത്ര ഏറെ വളർന്നു. പക്ഷേ അന്നും ഇന്നും പത്തൊമ്പതുകാരിയുടെ നിഷ്കളങ്കതയുണ്ട് ആ സ്വഭാവത്തിൽ. ചിത്രയുടെ അച്ഛനേയും ഓർക്കണം. താത്വികനായ മനുഷ്യനായിരുന്നു അദ്ദേഹം. പാട്ടിൽ ഉച്ഛാരണം ഏറെ ശ്രദ്ധിക്കണമെന്നു അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. 

ചിത്രയുടെ ഏതു ഗാനമാണ് ഏറെയിഷ്ടം എന്നു ചോദിക്കരുത്. അമ്പലപ്പുഴ പാൽപ്പായസമാണോ അതോ എറണാകുളത്തപ്പന്റെ പാൽപ്പായസമാണോ ഇഷ്ടമെന്നു ചോദിക്കുന്നതു പോലെയായിപ്പോകുമത്. ചിത്ര നല്ലൊരു ഗായികയാണ്. ഡെഡിക്കേറ്റഡ് ആയ പാട്ടുകാരി. എല്ലാവിധ ആശംസകളും ചിത്രയ്ക്കു നേരുന്നു. ജെറി മാസ്റ്റർ പറഞ്ഞു. 

Your Rating: