Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതവും സ്നേഹവും കൂട്ടിച്ചേർക്കുന്ന ബന്ധങ്ങൾ

K S Chithra Birthday Special

കെ.എസ്.ചിത്രയെ കാണാൻ കൊതിച്ചു നടന്നിരുന്നു ഒരു കാലത്ത് രാഗേഷ്. അന്നൊരിക്കലും കരുതിയിരുന്നേയില്ല അവർ പാടുന്ന ഒരായിരം ഗാനങ്ങളെ ആദ്യം തന്നെ കാതോർക്കുവാൻ സാധിക്കുമെന്ന്,  മലയാള സംഗീത ചരിത്രത്തിന്റെ ഭാഗമാകുന്ന ഒരുപാടു ഗാനങ്ങൾ ഈ അപൂർവ്വ ഗായിക പാടുന്നതു നേരിട്ടു കേൾക്കുവാൻ കഴിയുമെന്ന്. ചിത്രയുടെ ജീവിതത്തിന്റെ ഭാഗധേയമായ സ്റ്റ്യുഡിയോയിലെ സൗണ്ട് എഞ്ചിനീയറാണു രാഗേഷ്. 

ചിത്ര ചേച്ചിയെ നേരിട്ടു കാണുന്നതു സ്വപ്നം കണ്ടു നടന്ന കാലത്താണു ചെന്നൈയിൽ അവർ തുടങ്ങിയ സ്റ്റ്യുഡിയോയിൽ ജോലിക്കു ചെല്ലുന്നത്. ‌അവിടെ നിന്നാണു സൗണ്ട് എഞ്ചിനീയറിങു പഠിക്കുന്നത്. അച്ഛന്റെ ജ്യേഷ്ഠനാണു സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. അദ്ദേഹം വഴിയാണു സ്റ്റ്യുഡിയോയിലെത്തുന്നത്. അന്നു കൃഷ്ണ ഡിജി സ്റ്റുഡിയോ ആരംഭിച്ചിട്ടേയുള്ളൂ. പതിനാറു വര്‍ഷങ്ങൾക്കു മുൻപാണത്. ഇതുവരെ സിനിമയിലും ആൽബങ്ങളിലേതുമായി അയ്യായിരത്തിലധികം ഗാനങ്ങൾ ചിത്ര ചേച്ചിയുടേതായി റെക്കോർഡ് ചെയ്തു. ഞാൻ ഈണമിട്ട ഒരു ഗാനം ചിത്ര ചേച്ചിയെക്കൊണ്ടു പാടിക്കുവാനുമായി. ഓണം വന്നേ എന്ന പാട്ടാണ് അത്. രാഗേഷ് പറ‍ഞ്ഞു. 

ചിത്ര ചേച്ചിയുടെ ഗാനമാണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ടൊക്കെ റെക്കോഡിങ് തീരും. ഒറ്റ ടേക്കില്‍ ശരിയായ എത്രയോ ഗാനങ്ങളുണ്ട്. നമ്മൾ തന്നെ അത്ഭുതപ്പെട്ടുപോകും. ഇത്രയേറെ ശ്രുതിസുന്ദരമായി പാടുന്ന മറ്റൊരു ഗായികയേയും കണ്ടിട്ടില്ല. സംഗീത സംവിധായകരും അതു സമ്മതിക്കും-അദ്ദേഹം കൂട്ടിച്ചേർത്തു. 

chithra-studio2

'ആളൊരുങ്ങി അരങ്ങൊരുങ്ങിയെന്ന ചിത്രയുടെ എക്കാലത്തേയും മികച്ച ഗാനങ്ങൾക്കു തബല വായിച്ചു തുടങ്ങിയതാണു ഗണേഷ്. ഇന്നു ചിത്രയുടെ കച്ചേരികൾക്കും പരിപാടികൾക്കും ഓർ‌ക്കസ്ട്ര അറേഞ്ച് ചെയ്യുന്ന ദൗത്യമാണ്. 

"ഇനി ഇതുപോലൊരു ഗായിക ഉണ്ടാകാനിടയില്ല, ഇതുപോലൊരാളെ ജീവിതത്തിൽ കണ്ടിട്ടുമില്ല" എന്നാണു ഗണേഷിനു ചിത്രയെ കുറിച്ചു പറയുവാനുള്ളത്. സംഗീതത്തോടുള്ള അർപ്പണബോധത്തിലും മനുഷ്യ സ്നേഹത്തിലും പകരംവയ്ക്കാൻ മറ്റൊരാളെ കണ്ടിട്ടില്ല. ഗണേഷ് പറയുന്നു.

എണ്ണിയാലൊടുങ്ങാത്ത വേദികളിൽ ചിത്ര പാടിയിട്ടുണ്ട്. ആദ്യ വേദിയിൽ പാടാനൊരുങ്ങിയപ്പോൾ ചെയ്ത റിഹേഴ്സലിന്റെ അത്രയും തീവ്രത ഇന്നും ചിത്രാജീയിൽ കാണാം. പരിചയസമ്പത്തുണ്ടെങ്കിലും വേദിയിൽ കയറുമ്പോൾ ചിത്രാജീയ്ക്കു പേടിയാണിപ്പോഴും. നന്നായി പ്രാക്ടീസ് ചെയ്യാതെ ഒരു വേദിയിലും പാടാറില്ല. അതുകൊണ്ടു തന്നെയാണ് കേൾവിക്കാർക്കെല്ലാം ആ നിമിഷങ്ങൾ അവിസ്മരണീയമാകുന്നത്. ചിത്രാ ജീയുടെ സംഗീത മേഖലയുമായി ബന്ധപ്പെട്ടാണു ഞങ്ങളെല്ലാം പ്രവർത്തിക്കുന്നത്. പക്ഷേ സ്നേഹവും കരുതലും സ്വന്തം വീട്ടുകാരോടെന്ന പോലെയാണു ഞങ്ങളോടുള്ളത്. ഗണേഷ് പറയുന്നു. 

chithra-studio4

ചിത്ര തന്റെ പ്രിയദൈവമായ കൃഷ്ണന്റെ പേരുനൽകി തുടങ്ങിയ സ്റ്റ്യുഡിയോയുടെ ആദ്യകാലം തൊട്ടുള്ളവരെല്ലാം ഇന്നുമുണ്ട് അവിടെ. ഒരു കുടുംബം പോലെ ഈ സ്റ്റ്യുഡിയോയിൽ. ചിത്ര ചേച്ചിയുടെ പാട്ടിനൊപ്പമാണു ഇവരുടെയെല്ലാം ജീവിതം...ഈണവും സ്നേഹവും ചേർത്തു നിർത്തുന്ന ബന്ധങ്ങൾ...

Your Rating: