Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലമുരളീകൃഷ്ണ സംഗീതത്തിലെ ഈശ്വരൻ, മറക്കില്ല ആ നിമിഷം: എം ജയചന്ദ്രൻ

mj-balamuralikrishna

കേരളത്തിലേക്കു കച്ചേരികൾ അവതരിപ്പിക്കുവാൻ ഒട്ടേറെ പ്രാവശ്യമെത്തിയിട്ടുണ്ട് ബാലമുരളീ കൃഷ്ണ. പക്ഷേ മലയാള ചലച്ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെയുണ്ടായിട്ടില്ല. പുതുതലമുറയിൽപ്പെട്ടവരിൽ ബാലമുരളീ കൃഷ്ണയുമായി ഏറ്റവും അടുത്തിടപഴകിയവരിൽ ഒരാളാണ് സംഗീത സംവിധായകൻ എം ജയചന്ദ്രന്‍. തന്റെ സംഗീതത്തിൽ ബാലമുരളീ കൃഷ്ണയെ കൊണ്ടു പാടിക്കാനുമായി അദ്ദേഹത്തിന്. ഈണങ്ങളേറെ സമ്മാനിച്ച് ബാലമുരളീ കൃഷ്ണയെന്ന വിസ്മയം വിടപറഞ്ഞ വേളയിൽ എം ജയചന്ദ്രൻ ഓർക്കുകയാണ് അദ്ദേഹത്തെ...

എന്താണീ വിയോഗത്തെ കുറിച്ചു പറയേണ്ടതെന്നറിയില്ല. വാക്കുകൾ കിട്ടാത്തൊരവസ്ഥ. അദ്ദേഹവുമായി ഏറെ അടുപ്പമുണ്ടായിരുന്നു. കുട്ടിക്കാലം തൊട്ടേ കേട്ടു വളർന്ന സംഗീതം അദ്ദേഹത്തിന്റേതാണ്. അദ്ദേഹം തുറന്നിട്ട സംഗീത പാതയിലൂടെ നടക്കാൻ ആഗ്രഹിച്ചയാളാണ്. എന്റെ  പതിനഞ്ചാമത്തേയോ പതിനാറാമത്തേയോ വയസിലാണ് അദ്ദേഹത്തെ നേരിട്ടു കാണുന്നത്. ചേട്ടനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിനു മുൻപിൽ ഒരു പാട്ട് പാടി കേൾപ്പിക്കുകയും ചെയ്യുവാനുള്ള ഭാഗ്യമുണ്ടായി അന്ന്. 

അദ്ദേഹം ആവശ്യപ്പെട്ടിട്ടായിരുന്നു പാടിയത്. ആ ചോദ്യം ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. അത്രയേറെ ലാളിത്യത്തോടെയാണ് ആ മനുഷ്യൻ ഒന്നുമല്ലാത്ത എന്നോട് ഒരു പാട്ടു പാടാൻ ആവശ്യപ്പെട്ടത്...can you please sing a song for me എന്ന്...ഇതിഹാസ തുല്യനായ ഒരു മനുഷ്യനാണ് എന്നോടിങ്ങനെ ചോദിച്ചതെന്നോർക്കണം.

സംഗീതത്തിലെ ഈശ്വരൻ എന്നാണ് അദ്ദേഹത്തെ വിളിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അത്രയവും വലിയൊരു മനുഷ്യനാണ്. 

കരയിലേക്ക് ഒരു കടൽ ദൂരം എന്ന ചിത്രത്തിൽ ഞാൻ ഷഡ്കാലത്തിൽ ഒരു പാട്ടു ചെയ്തു. എനിക്ക് അദ്ദേഹത്തെ ആ ഗാനം കേൾപ്പിക്കണമെന്നുണ്ടായിരുന്നു. പാട്ടുമായി ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി. ഒരുപാടൊരുപാട് സന്തോഷത്തോടെ എന്നോടു സംസാരിച്ചിരുന്നു. ആ പാട്ടിനെ കുറിച്ച് നല്ല വാക്കുകളും പറഞ്ഞു. അദ്ദേഹത്തിന്റെ കാൽവന്ദിച്ചാണ് അന്നു മടങ്ങിയത്. നന്നായി വരട്ടെ എന്നു പറഞ്ഞാണ് യാത്രയാക്കിയത്. 

എന്റെ ജീവിതത്തിലെ അപൂർവ്വ ഭാഗ്യം വരുന്നതു പിന്നീടാണ്. ആറ്റുകാൽ അമ്മയെ കുറിച്ച് ഞാൻ ചെയ്ത പാട്ട് അദ്ദേഹം പാടണം എന്നെനിക്കുണ്ടായിരുന്നു. അദ്ദേഹം അതു സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. പക്ഷേ റെക്കോഡിങ് ദിവസം എനിക്ക് അദ്ദേഹത്തിനൊപ്പമുണ്ടാകാനായില്ല. അതിമനോഹരമായാണ് അദ്ദേഹം ആ ഗാനം പാടിയതും. 

എന്റെ സംഗീതത്തിൽ അദ്ദേഹം ഒരു പാട്ടു പാടിയിട്ടുണ്ട് എന്നത് എന്റെ ഓർമ്മകളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ഏറ്റവും മനോഹരമായ കാര്യമാണ്. മറക്കാനാകില്ല ആ നിമിഷങ്ങളെ...

അദ്ദേഹത്തിന്റെ എത്ര കച്ചേരികൾ ഞാൻ കേട്ടിട്ടുണ്ട് എന്നറിയില്ല. എവിടെ കച്ചേരിയുണ്ടെന്നറിഞ്ഞാലും അവിടെയെത്തിച്ചേരാൻ വല്ലാത്ത ആഗ്രഹമാണ്. തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന കച്ചേരികൾക്ക് അദ്ദേഹത്തിന് എന്നും ക്ഷണമുണ്ടായിരുന്നു. പക്ഷേ വളരെ കാലത്തിനു ശേഷമാണ് അദ്ദേഹം അവിടെ പാടുന്നതും. ആ കച്ചേരി ഏറ്റവും മുൻപിൽ അദ്ദേഹത്തെ കണ്ടുകൊണ്ടിരുന്ന് ആസ്വദിക്കുവാനുള്ള ഭാഗ്യവുമുണ്ടായി. 

ഭൂമിയിലേക്ക് ദേവസംഗീത സ്പർശവുമായി എത്തിയൊരാളാണു ബാലമുരളീകൃഷ്ണ എന്നാണു ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിനു മരണമില്ല. ശരീരം ഭൂമിവിട്ടു പോകുന്നുവെങ്കിലും ആ ശേഷിപ്പുകൾക്കു മരണമില്ല. കഴിഞ്ഞ നൂറു വർഷത്തിനിടയിൽ ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ സംഗീത സംവിധായകരിലൊരാളാണ് ബാലമുരളീ കൃഷ്ണ...

അദ്ദേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും എനിക്കു മതിവരില്ല...അവിശ്വസനീയമാണ് ആ വിയോഗം എന്നു മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്നു....

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.