Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബലികുടീരങ്ങളേ...’ എന്ന നിത്യരോമാഞ്ചം

vayalar-devarajan

നൂറുകണക്കിനു വിപ്ലവഗാനങ്ങൾ മലയാളികളെ സ്വാധീനിച്ചെങ്കിലും ഏറ്റവും തരംഗമായത് വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ ‘ബലികുടീരങ്ങളേ...’ എന്ന ഗാനമാണ്.

‘ബലികുടീരിങ്ങളേ... ബലികുടീരങ്ങളേ...

സ്മരണകളിരമ്പും രണസ്മാരകങ്ങളേ..

ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ

സമരപുളകങ്ങൾതൻ സിന്ദൂരമാലകൾ...’

എന്ന തുടക്കം കേൾക്കുമ്പോൾത്തന്ന സാധാരണക്കാരന്റെ മനസ്സിൽ ആവേശം ഇരമ്പും. കേരളത്തിലെ സമ്മേളനസ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ തവണ ഉച്ചഭാഷണികൾ പാടിയ ഗാനം ഏത്? എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈഗാനം.

‘തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ

ചരിത്രമെഴുതിയ ഹൃദയങ്ങൾ

കൊളുത്തി നിങ്ങൾ തലമുറ തോറും

കെടാത്ത കൈത്തിരി നാളങ്ങൾ’ ... ‘നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ

നിന്നണിഞ്ഞ കവചങ്ങളുമായി

വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ

നിന്നതാ പുതിയ ചെങ്കോടി നേടി...’

വിപ്ലവ വീര്യം നിറഞ്ഞുനിന്ന രചയ്ക്കു യോജിച്ച ചടുലവും ഗൗരവവുമായ സംഗീതം. ഒടുവിലത്തെ ഹമ്മിങ്ങിൽ എത്തുമ്പോഴേക്കും ഒരു നീണ്ട സമരം വിജയിച്ച ആഹ്ലാദമാവും കേൾവിക്കാരുടെ മനസ്സിൽ. ഇത് ശരിക്കും കേൾക്കാനുള്ള പാട്ടല്ല, അനുഭവിക്കാനും ഒത്തുപാടാനുമുള്ള പാട്ടാണ്. ഇതു നാടകഗാനമായി ആണ് അറിയപ്പെടുന്നതെങ്കിലും നാടകത്തിനുവേണ്ടി രചിച്ചതായിരുന്നില്ല.

തിരുവനന്തപുരത്തു ദേശീയ നേതാക്കൾ പങ്കെടുത്ത രക്തസാക്ഷിദിനാചരണത്തിൽ പാടാനായി വയലാറും ദേവരാജനും ചേർന്ന് ഒരുക്കിയതാണ്. കെ.എസ്. ജോർജും സംഘവും അതിസൂക്ഷ്മമായി ഇതു പാടുകകൂടി ചെയ്തതോടെ അന്നുവരെ ഒരു വിപ്ലവഗാനത്തിനും ലഭിക്കാത്ത ജനപ്രീതി ഇതിനു ലഭിച്ചു. കേട്ടവർക്കെല്ലാം വിദ്യുത്‌സ്പർശം ഏറ്റ അനുഭവമായി. ഇന്നും ഈ ഗാനം കേൾവിക്കാരനെ മറ്റൊരു ലോകത്തേക്കു നയിക്കുകതന്നെ ചെയ്യുന്നു, കാലമേറെ കഴിഞ്ഞിട്ടു. ഈ ഗാനത്തിന്റെ വൻജനപ്രീതി പരിഗണിച്ച് ‘വിശറിക്കു കാറ്റുവേണ്ട’ എന്ന നാടകത്തിൽ പിന്നീട് ചേർക്കുകയായിരുന്നു. ഒരുപാടു പേരുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൂടിയാണിത്.

മലയാളത്തിൽ ഇതുവരെ ഉണ്ടായ ഏറ്റവും ശ്രദ്ധേയ ഗാനമായി ചെറുകഥാകൃത്ത് ടി. പത്മനാഭൻ തിരഞ്ഞെടുത്തിട്ടുള്ളത് ഈ പാട്ടാണ്.

Your Rating: