Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെടാത്ത കൈത്തിരി നാളങ്ങൾ

bhaskaran-vayalr ഭാസ്കരൻ മാസ്റ്ററും വയലാറും

‘ഓരോ തുള്ളിച്ചോരയിൽനിന്നും ഒരായിരം പേരുയരുന്നു...’ മൂലധന(1969)ത്തിലെ ആവേശോജ്വലമായ ഈ ഗാനം രചിച്ചതു പി. ഭാസ്കരനാണ്. സംഗീതം: ദേവരാജൻ. കൽത്തുറുങ്കിൽ അടച്ചിട്ടും വീര്യം ചോരാത്ത ചെറുപ്പക്കാരുടെ പാട്ടാണിത്. നടനെന്ന നിലയിൽ പ്രേം നസീർ പ്രസരിപ്പിക്കുന്ന ഊർജമാണ് ഈ ഗാനരംഗത്തിന്റെ സവിശേഷത. ഓണം, കേരളം, മലയാളഭാഷ... തുടങ്ങി നമുക്കു ഗൃഹാതുരതയായ വിഷയങ്ങളിലെല്ലാം ഒട്ടേറെ പാട്ടുകൾ എഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പിയുടേതായി ചുരുക്കം വിപ്ലവഗാനങ്ങളേയുള്ളൂ എന്ന കൗതുകമുണ്ട്.. ‘ക്രോസ്ബെൽറ്റ്’ എന്ന ചിത്രത്തിലെ ‘സിന്ദാബാദ് സിന്ദാബാദ്...’.(സംഗീതം–ബാബുരാജ്) അവയിൽ ശ്രദ്ധേയം.

‘തൊണ്ടുതല്ലി വേർപ്പണിഞ്ഞ കൈകളേ

പണ്ടു മഞ്ചലേറ്റി നൊന്ത കൈകളേ

കയർ പിരിച്ചു വിരലൊടിച്ച കൈകളേ

കരളു നൽകി നേടുകയീ ചെങ്കൊടീ’ എന്ന ആവേശം തുടിക്കുന്ന വരികളാണ് അദ്ദേഹം അതിൽ സംഭാവന ചെയ്തത്. ‘വയലാർ, ഭാസ്കരൻ, ഒഎൻവി എന്നീ മൂന്നു പാർട്ടി പ്രവർത്തകർതന്നെ ഗാനരചയിതാക്കളായി ഉണ്ടായിരുന്നതിനാൽ വിപ്ലവഗാനങ്ങൾ എഴുതാനുള്ള നിയോഗം എന്നിലേക്ക് എത്താതിരുന്നത് സ്വാഭാവികം മാത്രം.’ തമ്പി പറയുന്നു. പ്രഗത്ഭ സംഗീത സംവിധായകനായ ബാബുരാജും വിപ്ലവഗാനങ്ങളിൽ വളരെ കുറച്ച് സംഭാവനയേ ചെയ്തിട്ടുള്ളൂ. നാടകത്തിലും സിനിമയിലും ബഹഭൂരിപക്ഷം വിപ്ലവഗാനങ്ങൾക്കും ഈണം നൽകിയതു ദേവരാജനാണ്. കമ്യൂണിസ്റ്റ് വിശ്വാസിയായിരുന്ന ദേവരാജൻ തന്റെ ദൗത്യം ഒന്നിനൊന്ന് വ്യത്യസ്തവും മനോഹരവുമാക്കി.

നാടകത്തിൽ കൂടുതൽ ഗാനങ്ങൾ ആലപിച്ചത് കെ.എസ്. ജോർജും കെപിഎസി സുലോചനയുമാണ്. സിനിമയിൽ യേശുദാസും ജയചന്ദ്രനും സി.ഒ. ആന്റോയും പി. സുശീലയും പി. ലീലയും മാധുരിയും. കോറസിന്റെ സാന്നിധ്യമാണ് വിപ്ലവഗാനങ്ങളുയെല്ലാം പ്രത്യേകത. പിന്നീട് പ്രശസ്ത സംഗീത സംവിധായകനായി മാറിയ രവീന്ദ്രൻ മിക്ക വിപ്ലവഗാനങ്ങളുടെയും കോറസിന്റെ ഭാഗമായിരുന്നു. ‘കൊടുമുടികൾ’ എന്ന ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണന്റെ രചനയിൽ എം.കെ. അർജുനൻ സംഗീതം ചെയ്ത ‘ഈങ്ക്വിലാബിൻ മക്കൾ ഞങ്ങൾ...’ മെലഡി സ്പർശംകൊണ്ട് വ്യത്യസ്തമായ ഒരു വിപ്ലവഗാനമാണ്.

അക്ഷയ ശക്തികളേ...( സഖാക്കളേ മുന്നോട്ട്– രചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ), പൂജയും മന്ത്രവും കുത്തകയാക്കിയ...(സമസ്യ– സംഗീതം: കെ.പി. ഉദയഭാനു, ആലാപനം: രവീന്ദ്രൻ), വിപ്ലവഗായകരേ...(നീതിപീഠം– രചന: ഭരണിക്കാവ് ശിവകുമാർ), വിപ്ലവ വീര്യം... (പഞ്ചവടിപ്പാലം– രചന: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി), ഇതാണു കയ്യൂർ... (മീനമാസത്തിലെ സൂര്യൻ– രചന: ഏഴാച്ചേരി, സംഗീതം: എം.ബി. ശ്രീനിവാസൻ), തുടങ്ങി നൂറുകണക്കിന് മികച്ച വിപ്ലവഗാനങ്ങൾ മലയാളമണ്ണിനും മനസ്സിനും വീര്യം നൽകി.

Your Rating: