Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നഷ്ടപ്പടുവാനില്ലൊന്നുമീ കൈവിലങ്ങുകളല്ലാതെ...’

revolution-img

എൺപതുകളുടെ തുടക്കത്തിൽ കേരളമാകെ പടർന്ന വിപ്ലവഗാണ് ‘സ്ഫോടനം’ (1981) എന്ന സിനിമയിലെ ‘നഷ്ടപ്പടുവാനില്ലൊന്നുമീ കൈവിലങ്ങുകളല്ലാതെ... ഒഎൻവി കുറുപ്പ് ഒരു ഇടവേളയ്ക്കു ശേഷം രചിച്ച ഈ വിപ്ലവഗാനം വൻഹിറ്റായി. മാർച്ചിങ് സോങ്ങിന്റെ താളത്തിൽ ഈ ഗാനത്തിന് ശങ്കർ ഗണേഷ് ഒരുക്കിയ സംഗീതവും ജനപ്രീതിക്കു ഘടകമായി. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഈ സൂപ്പർ ഹിറ്റ് സിനിമയുടെ പ്രമേയംതന്നെ തൊഴിലാളികളുടെ ജീവിതമായിരുന്നു. ഇതില്‍ ഒഎൻവി രചിച്ച ‘വളകിലുക്കം കേൾക്കണല്ലോ...’എന്ന പ്രണയഗാനത്തിൽ പോലും

‘കയറുപിരിക്കും പെണ്ണാണല്ലോ

കൈ നിറയെ വളകളില്ലല്ലോ...’ എന്ന സങ്കടം നിഴലിച്ചിരുന്നു.

ഏതാണ്ട് ഒരു പതിറ്റാണ്ടിനുശേഷമാണ് മറ്റൊരു മികച്ച വിപ്ലവഗാനം മലയാളത്തിൽ ഉണ്ടാവുന്നത്. വേണു നാഗവള്ളി സംവിധാനം ചെയ്തു മോഹൻലാൽ, മുരളി, ഉർവശി മുതലായവർ ഉജ്വല അഭിനയം കാഴ്ചവച്ച ‘ലാൽ സലാം’ (1990) ഹിറ്റ് സിനിമയിലെ ‘ലാൽസലാം ലാൽസലാം....’(സംഗീതം: രവീന്ദ്രൻ). ഗാനരചന ഒഎൻവി തന്നെ.

രക്തസാക്ഷികൾ

സിന്ദാബാദ്

ലാൽസലാം ടീമിന്റെതന്നെ ‘രക്തസാക്ഷികൾ സിന്ദാബാദ്’(1998) എന്ന ചിത്രത്തിൽ മൂന്നു വിപ്ലവഗാനം പിറന്നു. സംഗീതസംവിധാനം– എംജി. രാധാകൃഷ്ണൻ. ഇതിലെ പ്രധാന ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നെങ്കിലും വിപ്ലവഗാനങ്ങൾ മൂന്നും എഴുതിയത് മറ്റു മൂന്ന് എഴുത്തുകാരാണെന്നതാണു കൗതുകം. പി. ഭാസ്ക്കരൻ (കിഴക്കു പുലരി ചെങ്കൊടി പാറി...), ഒഎൻവി (നമ്മളുകൊയ്യും വയലെല്ലാം...), ഏഴാച്ചേരി രാമചന്ദ്രൻ (ബലികുടീരങ്ങൾതൻ ആത്മാവുണർത്തുന്ന...) എന്നിവർ. എത്രയോ സുന്ദരഗാനങ്ങൾ സമ്മാനിച്ച പി. ഭാസ്ക്കരന്റെ അവസാനത്തെ വിപ്ലവഗാനമായിരുന്നു ‘കിഴക്കു പുലരി...’.

ചോരവീണ മണ്ണിൽനിന്ന്

വിപ്ലവഗാനങ്ങളുടെ കാലം കഴി‍ഞ്ഞു എന്നു വിചാരിച്ചിരിക്കവേയാണ് ലാൽ ജോസ് സംവിധാനം ചെയ്ത ‘അറബിക്കഥ’ (2007) എന്ന ചിത്രത്തിൽ ‘ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം’ എന്ന ഗാനം വരുന്നത്. അനിൽ പനച്ചൂരാൻ എഴുതി ബിജിബാൽ സംഗീതം നൽകിയ ഈ ഗാനം കേരളമാകെ തരംഗമായി. ന്യൂജനറേഷൻ യുവാക്കൾ ഈ ഗാനത്തോടു കാണിച്ച ആവേശം അദ്ഭുതകരമായിരുന്നു.

‘ഓർക്കുവിൻ സഖാക്കളേ

നമ്മൾവന്ന വീഥിയിൽ

ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച

വാക്കുകൾ... ലാൽ സലാം’ തുടങ്ങിയ വരികൾ അല്പമെങ്കിലും വിപ്ലവ വീര്യം

മനസ്സിലുള്ളവരെ കോൾമയിർ കൊള്ളിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഉപ്പുസത്യഗ്രഹത്തിന്റെ സമയത്ത് ജനങ്ങളെ ആ സമരത്തിലേക്കു നയിക്കാനായി അംശി നാരായണപിള്ള രചിച്ച

‘വരിക വരിക സഹജരേ

സഹന സമര സമയമായ്

കരളുറച്ചു കൈകൾ കോർത്ത്

നാൽനടയ്ക്കു പോക നാം’

എന്ന ഗാനം 2011ലെ ‘വീരപുത്രൻ’ എന്ന സിനിമയിൽ രമേശ് നാരായണന്റെ സംഗീതത്തിൽ എം. ജി. ശ്രീകുമാറും സംഘവും പാടി ഉൾപ്പെടുത്തിയതാണ് പുതിയകാലത്തെ മറ്റൊരു വിപ്ലവഗാന പരിശ്രമം.

Your Rating: