Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻവിയുടെ തുടക്കംതന്നെ വിപ്ലവഗാനത്തിലൂടെ

onv-drawing

ഒരു വിപ്ലവഗാനം എഴുതിയാണ് ഒഎൻവി കുറുപ്പ് തന്റെ ഗാനരചനാ ജീവിതം ആരംഭിച്ചത്. തികച്ചും യാദൃശ്ചികമാണ് ആദ്യനാടകഗാനമായ ‘പൊന്നരിവാളമ്പിളിയില്...’ പിറന്നു വീണത്. രസകരമായ ആ കഥയിലേക്ക്.... 1949. കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായർ കൊല്ലത്ത് ഒളിവിൽ താമസിക്കുന്ന കാലം. ഒളിത്താവളങ്ങൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. അങ്ങനെ ഒരിക്കൽ അഷ്ടമുടിക്കായലിന്റെ തീരത്തെ ഒരു വള്ളപ്പുരയിൽ എത്തി. ഓരോ ദിവസവും രാത്രികാവലിന് ആളുകളെ കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ചിരുന്നു.

ഒരു ദിസവം കാവൽ ചുമതലയ്ക്കു നിയോഗിക്കപ്പെട്ടത് കൊല്ലം എസ് എൻ കോളജിലെ വിദ്യാർഥികളും കൂട്ടുകാരുമായ ഒഎൻവി കുറുപ്പും ദേവരാജനുമായിരുന്നു. ഒഎൻവിക്കു കവിതയെഴുത്തിലും ദേവരാജന് സംഗീത്തിലും താൽപര്യം ഉണ്ടെന്ന് എം.എൻ. ഗോവിന്ദൻ നായർ കുശലാന്വേഷണത്തിനിടെ മനസ്സിലാക്കി. നേരം ഇരുണ്ടു. ആകാശത്തെ ചന്ദ്രൻ അഷ്ടമുടിക്കായൽ പ്രതിഫലിക്കുന്ന സുന്ദര ചിത്രം. അപ്പോൾ എംഎൻ പറഞ്ഞു. ‘നിങ്ങൾ ഇങ്ങനെയിരുന്നു വെറുതേ സമയം കളയാതെ സർഗാത്മകമായി എന്തെങ്കിലും ചെയ്യൂ. കവി ഒരു കവിത എഴുതൂ, സംഗീതജ്ഞൻ അതിന് ഈണം നൽകൂ...’ എംഎന്റെ നിർദേശം കേട്ട ഒഎൻവി ആകാശത്തെ ചന്ദ്രക്കലയിൽ നോക്കി. അപ്പോൾ അദ്ദേഹത്തിന്റെ തൂലികയിലേക്ക് ഒഴുകിവന്നതാണു ‘പൊന്നരിവാളമ്പളിയില് കണ്ണെറിയുന്നോളേ...’ എന്നു തുടങ്ങുന്ന നാല് വരി. ഒഎൻവിയുടെ വരികൾക്ക് ദേവരാജൻ അപ്പോൾത്തന്നെ ഈണവും നൽകി. ‘പൊന്നരിവാളമ്പിളി....’ എന്ന ഗാനത്തിന് നാം ഇന്നു കേൾക്കുന്ന അതേ ഈണം പാടിയും ഈണമിട്ടും ആ രാത്രി കടന്നുപോയി.

വൈക്കം ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അക്കാലത്തു കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന പത്രമായിരുന്നു ‘കേരളം’. പത്രമോഫീസിലെ നിത്യസന്ദർശകനായിരുന്നു യുവകവി ഒഎൻവി. പത്രത്തിന്റെ വാരാന്ത പതിപ്പിൽ കൊടുക്കാനായി നല്ല കവിത ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് എന്ന് ഒഎൻവിയോട് വൈക്കം പറഞ്ഞു. അപ്പോഴാണു കഴിഞ്ഞ ദിവസം രാത്രിയിൽ വള്ളപ്പുരയിൽ എംഎൻ ഗോവിന്ദൻ നായർക്ക് കൂട്ടിരിക്കാൻ പോയപ്പോൾ എഴുതിയ നാല് വരികൾ ഒഎൻവി ഓർത്തത്. അന്നു വീട്ടിൽ ചെന്നുടനെ ആ നാല് വരിക്കവിത വിപുലരീകരിച്ചു. നാല് വരിയായിരുന്ന കവിത ഒരു രാത്രികൊണ്ടു നാല്പത് വരിയായി വളർന്നു. കവിതയ്ക്ക് ഒഎൻവി നല്കിയ പേര് എന്തായിരുന്നെന്നോ? ‘ ഇരുളിൽനിന്നൊരു ഗാനം’. പിറ്റേന്നു കേരളം പത്രത്തിന്റെ ഓഫിസിലെത്തി വൈക്കം ചന്ദ്രശേഖരൻ നായർക്ക് കവിത കൊടുത്തു.

വൈക്കത്തിന് കൊടുത്തതു കൂടാതെ കവിതയുടെ ഒരു പകർപ്പ് സ്നേഹിതൻ ദേവരാജനും ഒഎൻവി നൽകി. അക്കാലത്ത്, താൻ എഴുതുന്നതെന്തും ആത്മസുഹൃത്ത് ദേവരാജനു കാട്ടിക്കൊടുക്കന്ന രീതി ഒഎൻവിക്ക് ഉണ്ടായിരുന്നു. ദേവരാജൻ ഈ കവിതയിലെ ഏതാനും വരികൾ തിരഞ്ഞെടുത്ത് ഒരു ഗാനമാക്കി ഈണമിട്ടു. അക്കാലത്തു കമ്യൂണിസ്റ്റ് പാർട്ടിക്കു വിലക്കായിരുന്നതിനാൽ ‘വിദ്യാഭ്യാസ അവകാസ സമിതി, സമാധാന കൗൺസിൽ തുടങ്ങിയ പേരുകളിലാണു പൊതുയോഗങ്ങൾ ചേർന്നിരുന്നത്. ഇത്തരം യോഗങ്ങളിൽ പാട്ടുകൾ പാടുന്ന പതിവ് ദേവരാജന് ഉണ്ടായിരുന്നു. അടുത്ത യോഗത്തിന് ‘പൊന്നരിവളമ്പിളിയില് കണ്ണെറിയുന്നോളേ ’ എന്ന പുതിയ ഗാനമാണു ദേവരാജൻ പാടിയത്. ആദ്യ അവതരണത്തിൽത്തന്നെ ഈ ഗാനം ജനപ്രിയമായി.

ഇതു ഹൃദിസ്ഥമാക്കി പലരും പല വേദികളിലും ആലപിക്കാൻ തുടങ്ങിയതോടെ പാട്ട് കൊല്ലം മേഖലയിലാകെ പ്രശസ്തമായി. ദേവരാജനു പുറമേ, ഒഎൻവിയും പുനലൂർ ബാലനും പി.കെ. മേദിനിയും വൈക്കം ചന്ദ്രശേഖരൻ നായരുമൊക്കെ ഈ ഗാനം പല വേദികളിൽ പാടി. അങ്ങനെ ഗാനം സുപ്രസിദ്ധമായി. ചില സമ്മേളനവേദികളിൽ ഒരു ഗാനം ആവർത്തിച്ചു പാടുന്നതറിഞ്ഞു രഹസ്യപ്പൊലീസുകാർ നിരീക്ഷിക്കാനെത്തി. ഭയപ്പെടാനൊന്നുമില്ല, ‘പൊന്നരിവാളമ്പിളിയില്...’ ഒരു പ്രേമഗാനമാണ്. എന്നായിരുന്നു അവരുടെ റിപ്പോർട്ട്!. രണ്ടു വർഷം കടന്നുപോയി.

1951ൽ ജയിൽ മോചിതനായി എത്തിയ എകെജിക്ക് കൊല്ലം എസ്​എൻ കോളജിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ദേവരാജൻ ‘പൊന്നരിവാളമ്പിളിയില്’ പാടി. എകെജിക്കും, ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാക്കൾക്കും പ്രേമഗാനത്തിന്റെ മട്ടിലുള്ള ഈ വിപ്ലവഗാനം ഒരുപാട് ഇഷ്ടമായി. ഈ സമ്മേളനമാണ് ‘പൊന്നരിവാളമ്പിളിയില്...’ എന്ന ഗാനത്തിന്റെ തലക്കുറി മാറ്റിയത്. അങ്ങനെയിരിക്കെയാണു തോപ്പിൽ ഭാസി രചിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിരുന്ന ‘പൊന്നരിവാളമ്പിളിയില്...’ ഈ നാടകത്തിൽ ചേർക്കണമെന്ന് എകെജി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ നിർദേശിച്ചു.

അങ്ങനെ മറ്റ് 21 പാട്ടുകൾക്കൊപ്പം ഇതും നാടകത്തിന്റെ ഭാഗമായി. 1952 ഡിസംബർ ആറിന് ചവറ തട്ടാശ്ശേരിയിൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങേറി. അന്നത്തെ മുൻനിര ഗായകനായ കെ.എസ്. ജോർജായിരുന്നു ‘പൊന്നരിവാളമ്പിളില് ആലപിച്ചത്. അങ്ങനെ ഈ ഗാനം ജനഹൃദയങ്ങളിൽ ലഹരിയായി. മലയാള നാടകചരിത്രത്തിൽ മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും ഈ നാടകവും അതിലെ ഗാനങ്ങളും സ്ഥാനം പിടിച്ചു. ആയിരക്കണക്കിനു വേദികളിലേക്ക് ‘തോളോടു തോളൊത്തു ചേർന്നു വാളുയർത്തുന്ന’ സ്വപ്നം പടർന്നു.

ഇന്നും ജീവിതത്തിൽ ഇരുട്ടു പടരുമ്പോൾ, സാമൂഹികാവസ്ഥയെപ്പറ്റി നിരാശ പടരുമ്പോൾ, പ്രതീക്ഷയുടെ വെളിച്ചം പകർന്ന് ഈ ഗാനം നമുക്കിടയിൽ ഉണ്ട്. നിലാവ് പടർന്ന ഒരു രാത്രിയിൽ ഒരു വള്ളപ്പുരയിലിരുന്ന് ഒഎൻവി കണ്ട, ദേവരാജൻ ചിറകുകൾ നൽകിയ സ്വപ്നം.

‘ഒത്തുനിന്നേ പൂനിലാവും

നെൽക്കതിരും കൊയ്യാൻ

തോളോടുതോളൊത്തു ചേർന്ന്

വാളുയർത്താൻ തന്നെ

പോരുമോ നീ പോരുമോ നീ

നേരു നേടും പോരിൽ

എന്ന വിളിക്ക് കാതുകൊടുക്കാതിരിക്കാൻ ആർക്കാണു കഴിയുക?.

Your Rating: