Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ഒഎൻവിക്കു പ്രിയം ‘ഈ മണ്ണിൽ വീണ നിന്റെ...’

onv-veruthe

കെപിഎസിയുടെ ‘സർവേക്കല്ല്’ (1954) എന്ന നാടകത്തിൽ ഒഎൻവി– ദേവരാജൻ സഖ്യത്തിൽ പിറന്ന

‘ഈ മണ്ണിൽ വീണ നിന്റെ

തൂവേർപ്പിൽ നിന്നുയർന്നിതാ

മഹിയിതിൽ നവ വിഭൂതികൾ

അരിയൊരീ ഹരിതഭംഗികൾ’

എന്ന ഗാനമാണ് തന്റെ പിതാവ് എഴുതിയ വിപ്ലവഗാനങ്ങളിൽ മകൻ രാജീവ് ഒഎൻവിക്ക് ഏറ്റവും പ്രിയം. അധ്വാനിക്കുന്ന മനുഷ്യന്റെ മഹത്വത്തെ വാഴ്ത്തുന്നതാണ് ഇതിന്റെ ഇതിവൃത്തം. ‘അച്ഛന്റെ രചനയെക്കാൾ എന്നെ വിസ്മയിപ്പിക്കുന്നത് ദേവരാജൻ മാസ്റ്റർ ഇതിനു നല‍്കിയ സംഗീതമാണ്. രചനയുടെ ആത്മാവറിഞ്ഞ ഈണം. ഇതിലും നല്ലൊരു സംഗീതം ആ വരികൾക്കു നൽകാനില്ല. പൂർവമാതൃകകളില്ലാത്ത കാലത്താണ് ഇത്ര മനോഹരമായ സംഗീതം അദ്ദേഹം ചെയ്തതെന്ന് ഓർമിക്കണം. ഇന്നാണെങ്കിൽ എന്തു ചെയ്യാനും നമുക്ക് എത്രയോ മാതൃകകൾ മലയാളത്തൽത്തന്നെയുണ്ട്. ആറ് പതിറ്റാണ്ട് മുൻപാണു ദേവരാജൻ മാസ്റ്റർ ആ സംഗീതം ചെയ്തത്. അതിലെ ചരണങ്ങൾ തുടങ്ങുന്ന ഹമ്മിങ്ങിന്റെ വിന്യാസമൊക്കെ എടുത്തു പറയേണ്ടതാണ്. എത്രയോ വേദികളിൽ ഞാനതു പാടിയിരിക്കുന്നു. അതു പാടുമ്പോഴുള്ള അനുഭൂതി അനുഭവിക്കുകതന്നെ വേണം’ രാജീവ് പറയുന്നു. ആദ്യ ചരണം തുടങ്ങുന്നത് ഇങ്ങനെ

‘ഓ... പാരിൻ വിധാതാവു നീ

ഓ....ഭാവിതൻ ജേതാവു നീ’

രണ്ടാം ചരണം ഇങ്ങനെ

‘ഓ.... ഈ വിശ്വ ചൈതന്യമായ്

ഓ.... ഭാവിതന്നാഹ്ലാദമായ്’

ചരണത്തിലെ ആദ്യ രണ്ടുവരികളും ഹമ്മിങ്ങിൽ തുടങ്ങുന്ന പ്രത്യേകത മലയാളത്തിൽ വിരളമാണ്. ഇതൊരു വലിയ പ്രത്യേകതയായി രാജീവ് എടുത്തു കാട്ടുന്നു. ഒഎൻവി–ദേവരാജൻ സഖ്യത്തിന്റെ ‘മാരിവില്ലിൻ തേന്മലരെ മാഞ്ഞുപോകയോ...’ (കെ.എസ്. ജോർജ്), ‘വള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ...’ (കെ.എസ്. ജോർജ്, കെപിഎസി സുലോചന) എന്നീ ഹിറ്റ് ഗാനങ്ങളും ഇതേനാടകത്തിലേതാണ്.

കാളിദാസ കലാകേന്ദ്രത്തിന്റെ ‘ജനനീ ജന്മഭൂമി’ എന്ന നാടകത്തിലെ ‘തേരിതു നിർത്തരുതേ...’ എന്നതും അച്ഛന്റെ രചനകളിൽ രാജീവിന് ഏറെ പ്രിയപ്പെട്ടതാണ്. നാടകങ്ങൾക്കുവേണ്ടി ഒഎൻവി രചിച്ച മിക്ക ഗാനങ്ങളിലും അധ്വാനിക്കുന്നവന്റെ ആത്മാഭിമാനം ഉയർത്തുന്നതിനുള്ള ആഹ്വാനം കാണാം.

RAJEEV-ONV

നൂറുകണക്കിനു വിപ്ലവഗാനങ്ങൾ എഴുതിയ ഒഎൻവിയുടെ അവസാന വിപ്ലവഗാനം സംഗീതസംവിധാനം ചെയ്യാനുള്ള നിയോഗം മകൻ രാജീവിനായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഒരു നിയോഗം പോലെ. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘എകെജി’ (2007) എന്ന സിനിമയിലെ ‘തുടലുകൾ പൊട്ടിക്കാൻ വെമ്പും...’ എന്നതായിരുന്നു ഈ ഗാനം. പാടാനുള്ള ഭാഗ്യം ലഭിച്ചതു വിധു പ്രതാപിന്.

Your Rating: